വ്യാജ റെസി. സര്‍ട്ടിഫിക്കറ്റ്: പത്തനംതിട്ട നഗരസഭാ സെക്രട്ടറി ഉള്‍പ്പെടെ ഒമ്പതുപേര്‍ക്കെതിരെ കേസ്

പത്തനംതിട്ട: വീട്ടുടമ അറിയാതെ പത്തനംതിട്ട നഗരസഭയില്‍നിന്ന് വ്യാജ റെസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ് നേടിയതിനും അതുപയോഗിച്ച് റേഷന്‍ കാര്‍ഡ്, ഗ്യാസ് കണക്ഷനന്‍ എന്നിവ നേടിയതിനും അഞ്ചുപേര്‍ക്കെതിരെ കേസ്. നല്‍കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് ബോധ്യപ്പെട്ടിട്ടും റദ്ദാക്കാതിരുന്ന പത്തനംതിട്ട നഗരസഭാ സെക്രട്ടറി അടക്കം മൂന്നു ഉദ്യോഗസ്ഥര്‍ക്കെതിരെയും പൊലീസ് കേസെടുത്തു. ആനപ്പാറ സ്വദേശികളായ അന്‍സാരി, അദ്ദേഹത്തിന്‍െറ ഭാര്യ ഷാജിത, അന്‍സാരിയുടെ സഹോദരി ജസീന, അന്‍സാരിയുടെ ഭാര്യാമാതാവ് റബീക്ക, അന്‍സാരിക്ക് വീട് നല്‍കിയ ജമാല്‍ മുഹമ്മദ്, ജമാല്‍ മുഹമ്മദിന്‍െറ ഭാര്യ സഫിയ ജമാല്‍ എന്നിവര്‍ക്കും സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് നല്‍കിയ മുന്‍ റവന്യൂ ഉദ്യോഗസ്ഥരായ സി.എ. താജുദ്ദീന്‍, പി.എസ്. സുധാകരന്‍ എന്നിവര്‍ക്കും എതിരെയാണ് പൊലീസ് കേസെടുത്തത്. സര്‍ട്ടിഫിക്കറ്റ് റദ്ദാക്കുന്നതിന് പത്തനംതിട്ട നഗരസഭാ സെക്രട്ടറി ആര്‍.എസ്. അനുവിനെതിരെയുമാണ് പൊലീസ് കേസെടുത്തത്. വിവരാവകാശ പ്രവര്‍ത്തകനായ റഷീദ് ആനപ്പാറയുടെ വീട്ടുപേരിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. റഷീദിന്‍െറ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. റഷീദിന്‍െറ ഒപ്പ് വ്യാജമായി രേഖപ്പെടുത്തി അപേക്ഷ നല്‍കി പത്തനംതിട്ട നഗരസഭയില്‍നിന്ന് സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കൈവശപ്പെടുത്തുകയായിരുന്നത്രേ. 2010ലാണ് റഷീദിന്‍െറ വീട്ടുപേരില്‍ അന്‍സാരി സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയത്. തട്ടിപ്പു ശ്രദ്ധയില്‍പെട്ട റഷീദ് റേഷന്‍കാര്‍ഡും ഗ്യാസ് കണക്ഷനും റദ്ദാക്കണമെന്ന്് ആവശ്യപ്പെട്ട് കോഴഞ്ചേരി താലൂക്ക് സപൈ്ള ഓഫിസര്‍ക്കും ജില്ലാ സപൈ്ള ഓഫിസര്‍ക്കും കലക്ടര്‍ക്കും 2011ല്‍ പരാതി നല്‍കി. ഇതേതുടര്‍ന്ന് ഗ്യാസ് കണക്ഷനും റേഷന്‍കാര്‍ഡും സപൈ്ള ഓഫിസ് അധികൃതര്‍ റദ്ദുചെയ്തു. റെസി. സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്ന റഷീദിന്‍െറ പരാതിയില്‍ നഗരസഭാ സെക്രട്ടറി ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ല. തന്‍െറ പേരുവെച്ച് സര്‍ട്ടിഫിക്കറ്റ് കൈക്കലാക്കിയവരുടെ ആധാര്‍ കാര്‍ഡ്, തിരിച്ചറിയല്‍ കാര്‍ഡ്, ബാങ്ക് രേഖകള്‍, പാസ്പോര്‍ട്ട് എന്നിവ പരിശോധിക്കണമെന്നും റഷീദ് പൊലീസില്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.