പത്തനംതിട്ടയിലെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടര്‍ ജനങ്ങളെ വലക്കുന്നു

പത്തനംതിട്ട: കലക്ട്രേറ്റിലെ റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറില്‍ നിരന്തരം ഉണ്ടാകുന്ന സാങ്കേതിക തകരാറും റിസര്‍വേഷന്‍ സമയം കുറച്ചതും ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നു. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിത്യവും നൂറുകണക്കിന് ആളുകളാണ് റിസര്‍വേഷനായി എത്തുന്നത്. കൗണ്ടറിലെ സാങ്കേതിക തകരാറുകള്‍ കാരണം മിക്കപ്പോഴും ആളുകള്‍ക്ക് കിലോ മീറ്ററുകളോളം സഞ്ചരിച്ച് ചെങ്ങന്നൂരോ തിരുവല്ലയിലോ എത്തി റിസര്‍വേഷന്‍ എടുക്കേണ്ട സ്ഥിതിയാണിപ്പോള്‍. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ റിസര്‍വേഷന്‍ മുടങ്ങിയ നിലയിലാണ്. പരാതി വര്‍ധിച്ചപ്പോള്‍ ശനിയാഴ്ചയാണ് തകരാര്‍ പരിഹരിക്കാന്‍ ശ്രമമുണ്ടായത്. നേരത്തെ ഒമ്പത് മണിക്കൂര്‍ പ്രവര്‍ത്തിച്ചിരുന്ന കൗണ്ടര്‍ കുറെക്കാലമായി ആറു മണിക്കൂറായി ചുരുക്കിയതും ജനങ്ങളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. രാവിലെ എട്ടുമുതല്‍ ഉച്ചക്ക് രണ്ട് വരെയും തുടര്‍ന്ന് 2.30 മുതല്‍ വൈകുന്നേരം 5.30 വരെയുമായിരുന്നു പ്രവര്‍ത്തനം. കഴിഞ്ഞ സെപ്റ്റംബര്‍ മുതല്‍ ഇത് രാവിലെ എട്ട് മുതല്‍ ഉച്ചക്ക് പന്ത്രണ്ട് വരെയും ഉച്ചക്ക് ശേഷം രണ്ട് മുതല്‍ നാലു വരെയുമാക്കി. കൂടാതെ കഴിഞ്ഞ മാസം മുതല്‍ റെയില്‍വെ തത്കാല്‍ സ്ളീപ്പര്‍ ടിക്കറ്റ് കൊടുക്കുന്നത് രാവിലെ പതിനൊന്ന് മണി മുതലാക്കിയിരിക്കയുമാണ്. ഇപ്പോള്‍ തത്ക്കാല്‍ ടിക്കറ്റ് കൊടുക്കാന്‍ തുടങ്ങുമ്പോള്‍ സാധാരണ ടിക്കറ്റ് എടുക്കാന്‍ വരുന്നവര്‍ക്ക് അതിന് അവസരം ലഭിക്കാതെ വരുന്നു. അവര്‍ക്ക് പിന്നീട് ഉച്ചക്ക് ശേഷമെ ടിക്കറ്റ് ലഭിക്കുകയുള്ളു. ഒരു ജീവനക്കാരന്‍ മാത്രമാണ് ഇപ്പോള്‍ ഉള്ളത്. വൈകുന്നേരത്തെ സമയം കുറച്ചതും ഏറെ പേരെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. റെയില്‍വേ നേരിട്ട് നടത്തുന്ന റിസര്‍വേഷന്‍ സെന്‍ററായിട്ടും ഇതിനോട് അധിക്യതര്‍ക്ക് എന്നും അവഗണനയാണ്. കോന്നി, ചിറ്റാര്‍, റാന്നി തുടങ്ങിയ മലയോര മേഖലകളില്‍ നിന്നുള്ളവരും ഈ കൗണ്ടറിനെയാണ് ആശ്രയിക്കുന്നത്. കൂടാതെ പത്തനംതിട്ടയിലും പരിസര സ്ഥലങ്ങളിലും ജോലി ചെയ്യുന്ന നൂറുകണക്കിന് സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ ഇവരൊക്കെ ടിക്കറ്റ് റിസര്‍വേഷനായി ഇവിടെയാണ് എത്തുന്നത്. റെയില്‍വേ ഈ റിസര്‍വേഷന്‍ കൗണ്ടറിനോട് കാണിക്കുന്ന അവഗണനക്കെതിരെ രാഷ്ട്രീയ പാര്‍ട്ടികളുടെ നേത്യത്വത്തില്‍ പല സമരങ്ങളും നടന്നിട്ടുണ്ട്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.