നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ സമിതിയുടെ അനുമതിയില്ലാതെ അനധികൃത കെട്ടിട നിര്‍മാണം

പത്തനംതിട്ട: റിങ് റോഡില്‍ നെല്‍വയല്‍ നീര്‍ത്തട സംരക്ഷണം നിയമം അവഗണിച്ച് കെട്ടിടനിര്‍മാണം. റിങ് റോഡില്‍ സെന്‍റ് പീറ്റേഴ്സ് ജങ്ഷനില്‍ എല്‍.ഐ.സി ഹെഡ് ഓഫിസിന് സമീപമാണ് അനധികൃതമായി നിലം നികത്തി കെട്ടിടം നിര്‍മിക്കുന്നത്. ഈ പാടശേഖരത്തിലേക്ക് നിര്‍മാണ സാമഗ്രികളുമായി വാഹനം കടന്നുപോകുന്നതിന് പൊതുതോടും നികത്തിയിട്ടുണ്ട്. നെല്‍വയല്‍ നീര്‍ത്തട സംരക്ഷണ നിയമപ്രകാരം കലക്ടര്‍ നിയോഗിച്ച റവന്യൂ ഡിവിഷനല്‍ ഓഫിസര്‍ അധ്യക്ഷനായുള്ള സമിതി ഇത്തരത്തില്‍ കെട്ടിടം നിര്‍മിക്കുന്നതിന് അനുമതി നല്‍കിയിട്ടില്ല. ജില്ലാ കൃഷി ഓഫിസര്‍ നിലം നികത്തുന്നതിനോ കെട്ടിടം നിര്‍മിക്കാനോ അനുമതി നല്‍കിയിട്ടില്ളെന്ന് പൊതു പ്രവര്‍ത്തകനായ ഷഫീഖ് നല്‍കിയ വിവരാവകാശത്തിന് കൃഷി ഓഫിസര്‍ മറുപടി നല്‍കിയിട്ടുണ്ട്. നിലംനികത്തി കെട്ടിടം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് നേരത്തേ സ്ഥല ഉടമക്ക് വില്ളേജ് ഓഫിസര്‍ സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. എന്നാല്‍, ഇത് അവഗണിച്ചാണ് ഇപ്പോള്‍ ഇവിടെ കെട്ടിടം നിര്‍മിക്കുന്നത്. മുന്‍ ആര്‍.ഡി.ഒ നിലംനികത്താന്‍ തങ്ങള്‍ക്ക് അനുമതി നല്‍കിയിരുന്നതായി കാണിച്ചാണ് ഇവിടെ നിലംനികത്തിയിരിക്കുന്നത്. എന്നാല്‍, ഇത്തരത്തില്‍ ഒരു അനുമതിയും നല്‍കിയിട്ടില്ളെന്നാണ് ആര്‍.ഡി.ഒ ഓഫിസില്‍നിന്ന് ലഭിക്കുന്ന വിവരം. റവന്യൂ, വില്ളേജ് ഓഫിസിലെ ചില ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയോടെയാണ് നിലംനികത്തി കെട്ടിടം നിര്‍മിക്കുന്നത്. ഇതിന് മുനിസിപ്പല്‍ ഓഫിസിലെ ഉന്നതര്‍ക്കും പങ്കുള്ളതായി ആരോപണം ഉയര്‍ന്നിട്ടുണ്ട്. കൃത്യമായി രേഖകള്‍ ഇല്ലാതെ നിലംനികത്തി കെട്ടിടം വെക്കുന്നതിന് അനുമതി നല്‍കരുതെന്ന് ചട്ടം നിലനില്‍ക്കെയാണ് നഗരസഭ മൂന്നുനില കെട്ടിടം നിര്‍മിക്കുന്നതിനായി അനുമതി നല്‍കിയിരിക്കുന്നത്. നിര്‍മാണ സ്ഥലത്തേക്ക് വാഹനം കടന്നുപോകുന്നതിനുവേണ്ടി പൊതുതോട് നികത്തിയതിനെതിരെ വില്ളേജ് ഓഫിസര്‍ ഷാജി കുമാര്‍ കലക്ടര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഏഴര മീറ്റര്‍ വ്യാസമുള്ള പൊതുതോട് പാറമക്കിട്ട് മൂടി രണ്ട് അടി വ്യാസമാക്കിയാണ് സ്ഥല ഉടമ വഴി ഉണ്ടാക്കിയിരിക്കുന്നത്. ജല ഒഴുക്കിനെ പ്രതികൂലമായി ബാധിക്കുന്ന രീതിയില്‍ പൊതുതോട് മൂടിയതുമൂലം സമീപത്തെ പാടശേഖരങ്ങളിലേക്കുള്ള നീരൊഴിക്കിനെ ഇത് പ്രതികൂലമായി ബാധിക്കുന്നുവെന്നും വില്ളേജ് ഓഫിസര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്. ഈ റിപ്പോര്‍ട്ടിന്മേല്‍ ജില്ലാ കൃഷി ഓഫിസര്‍, ആര്‍.ഡി.ഒ എന്നിവരാണ് തുടര്‍ നടപടി സ്വീകരിക്കേണ്ടിയിരുന്നത്. എന്നാല്‍, ഇവര്‍ തുടര്‍ നടപടി സ്വീകരിക്കാതിരുന്നത് ഉന്നതങ്ങളില്‍നിന്നുള്ള സമ്മര്‍ദമാണെന്ന് നാട്ടുകാര്‍ പറയുന്നു. ഇത്തരത്തില്‍ പരസ്യമായി നിയമലംഘനം നടന്നിട്ടും വില്ളേജ് ഓഫിസര്‍ മാത്രമാണ് നേരിട്ട് സ്ഥലത്തത്തെി പരിശോധന നടത്തിയത്. സ്ഥലത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെങ്കില്‍ അനുമതി ലഭിച്ച രേഖകള്‍ വില്ളേജ് ഓഫിസില്‍ ഹാജരാക്കണമെന്ന് അന്ന് വില്ളേജ് ഓഫിസര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ വസ്തു ഉടമക്ക് കഴിഞ്ഞിരുന്നില്ല. ഇതിനെ തുടര്‍ന്നാണ് വില്ളേജ് ഓഫിസര്‍ റിപ്പോര്‍ട്ട് നല്‍കിയത്. എന്നാല്‍, ഇത്തരത്തിലുള്ള അനധികൃതമായ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടിട്ടില്ളെന്നാണ് ആര്‍.ഡി.ഒ അടക്കമുള്ള ഉദ്യോഗസ്ഥര്‍ പറയുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.