കുഴൽമന്ദം: നെല്ല് സംഭരിച്ച വകയിൽ ജില്ലയിലെ കർഷകർക്ക് സപ്ലൈകോ നൽകാനുള്ളത് 25.55 കോടി രൂപ. മാർച്ച് 25ന് ശേഷം നെല്ല് അളന്ന കർഷകർക്കാണ് തുക ലഭിക്കാത്തത്. നെല്ല് അളന്ന് 15 ദിവസത്തിനകം കർഷകരുടെ അക്കൗണ്ടിലേക്ക് തുക ലഭിക്കുമെന്ന സർക്കാറിെൻറ ഉറപ്പ് ഈ സീസണിലും നടപ്പായില്ല. പണം ലഭിക്കാത്തതിനാൽ കർഷകർക്ക് ഒന്നാം വിളയുടെ മുന്നൊരുക്കം നടത്താൻ കഴിയുന്നില്ല. അതിനിടെ കർഷകർക്ക് ഇരുട്ടടിയായി സപ്ലൈകോ ഈ സീസണിലെ നെല്ല് സംഭരണം അവസാനിപ്പിച്ചു. 1,28,779 ടൺ നെല്ലാണ് ഇതുവരെ ജില്ലയിലെ കർഷകരിൽനിന്ന് സംഭരിച്ചത്. 264.20 കോടി രൂപ ഈ വകയിൽ കർഷകർക്ക് നൽകി. നെല്ല് അളന്ന് മാസങ്ങൾ കഴിഞ്ഞ് ഗഡുക്കളായാണ് കർഷകരുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ചത്. കിലോക്ക് 22.50 രൂപക്കാണ് നെല്ല് സംഭരിക്കുന്നത്. ഇതിൽ 14.70 രൂപ കേന്ദ്ര സർക്കാർ നൽകുന്ന മിനിമം സ്റ്റാറ്റ്യൂട്ടറി തുകയും 7.80 രൂപ സംസ്ഥാന സർക്കാറിെൻറ ഇൻസെൻറീവ് ബോണസുമാണ്. ഇത്തവണത്തെ സംസ്ഥാന ബജറ്റിൽ 700 കോടി രൂപ നെല്ല് സംഭരണത്തിന് അനുവദിച്ചത് കർഷകർക്ക് പ്രതീക്ഷ നൽകിയിരുന്നു. സർക്കാർ രണ്ടാംവിള നെല്ല് സംഭരണം അവസാനിപ്പിച്ചതോടെ ജില്ലയിലെ സ്വകാര്യ മില്ലുടമകൾ നെല്ല് വില വൻ തോതിൽ കുറച്ചിരിക്കുകയാണ്. ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ മില്ലുടമകൾ കിലോക്ക് 26 രൂപ നൽകി കർഷകരിൽനിന്ന് നേരിട്ട് നെല്ല് സംഭരിച്ചിരുന്നു. എന്നാൽ, സപ്ലൈകോ രണ്ടാംവിള നെല്ല് സംഭരണം അവസാനിപ്പിച്ചതോടെ 17 രൂപ നൽകിയാണ് ഇവർ നെല്ല് സംഭരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.