ഒറ്റപ്പാലം: വാടകക്കെട്ടിടത്തിൽനിന്ന് പടിയിറങ്ങിയ ഒറ്റപ്പാലം സബ് റീജനൽ ട്രാൻസ്പോർട്ട് ഓഫിസ് കണ്ണിയംപുറത്തെ മിനിസിവിൽ സ്റ്റേഷനിൽ പ്രവർത്തനം തുടങ്ങി. നഗരത്തിലെ വിവിധപ്രദേശങ്ങളിൽനിന്ന് വാടകക്കെട്ടിടം വിട്ടൊഴിഞ്ഞെത്തുന്ന പതിമൂന്നാമത്തെ സർക്കാർ ഓഫിസാണിത്. 2015 മേയ് 10ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്ത ഒറ്റപ്പാലം മിനി സിവിൽ സ്റ്റേഷനിലേക്ക് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് സർക്കാർ ഓഫിസുകൾ ഒന്നൊന്നായി മാറിത്തുടങ്ങിയത്. സ്ഥല പരിമിതി മൂലമാണ് ആർ.ടി ഒാഫിസിെൻറ മാറ്റത്തിന് തടസ്സമായത്. കെട്ടിടത്തിെൻറ താഴത്തെ നിലയിലും ഒന്നാം നിലയിലുമായാണ് ആർ.ടി ഓഫിസിന് സൗകര്യമൊരുക്കിയത്. താഴത്തെ നിലയിൽ ലെർണേഴ്സ് ടെസ്റ്റും ഒന്നാമത്തെ നിലയിൽ വാഹന സംബന്ധമായ ഇടപാടുകളും നടത്തും വിധമാണ് ക്രമീകരണം. നേരത്തേ നഗരമധ്യത്തിലുള്ള സ്റ്റേറ്റ് ബാങ്ക് കെട്ടിടത്തിെൻറ മുകൾ നിലയിലാണ് ആർ.ടി ഓഫിസ് പ്രവർത്തിച്ചിരുന്നത്. മിനി സിവിൽ സ്റ്റേഷനിലേക്കുള്ള പതിനാലാമത്തെ ഓഫിസായ ഫുഡ് സേഫ്റ്റി ഓഫിസും അടുത്തുതന്നെ പ്രവർത്തനം തുടങ്ങുമെന്നാണ് സൂചന. പി. ഉണ്ണി എം.എൽ.എ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർമാൻ എൻ.എം. നാരായണൻ നമ്പൂതിരി അധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ എം. ഹംസ മുഖ്യാഥിതിയായിരുന്നു. ‘മോട്ടോർ വാഹന വകുപ്പിലെ ആധുനികവത്കരണം’ എന്ന വിഷയത്തിൽ സീനിയർ ട്രാൻസ്പോർട്ട് കമീഷണർ വി. സുരേഷ്കുമാർ ക്ലാസെടുത്തു. മധ്യമേഖല ട്രാൻസ്പോർട്ട് കമീഷണർ ഷാജി ജോസഫ് റിപ്പോർട് അവതരിപ്പിച്ചു. പാലക്കാട് ആർ.ടി.ഒ എൻ. ശരവണൻ, വാണിയംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എം. പ്രിയ, നഗരസഭ കൗൺസിലർമാർ വിവിധ രാഷ്ട്രീയപാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.