ആശങ്കയുണര്‍ത്തി ചന്തുവിന്‍െറ കുട്ടിക്കുറുമ്പ്

ആനക്കര: പറയെടുപ്പിന് എത്തിച്ച കുട്ടിക്കുറുമ്പന്‍െറ വികൃതി നാട്ടുകാരില്‍ ആശങ്കയുണര്‍ത്തി. പടിഞ്ഞാറങ്ങാടി കല്ലടത്തൂര്‍പാടത്ത് വ്യാഴാഴ്ച രാവിലെ 10 മണിയോടെയാണ് സംഭവം. ദേവീക്ഷേത്രത്തിലെ താലപ്പൊലിയോടനുബന്ധിച്ച് വീടുകളില്‍ നിന്ന് പറയെടുപ്പിന് വന്ന നന്തിലത്ത് ചന്തു എന്ന കുട്ടിയാനയാണ് പരാക്രമം കാട്ടിയത്. രാവിലെ ക്ഷേത്രത്തില്‍ നിന്ന് തിടമ്പേറ്റി സമീപത്തെ വീടുകളില്‍ കയറി പറയെടുത്തു. വയല്‍ ഓരത്തായുള്ള മറ്റൊരു വീട്ടില്‍ നിന്ന് തോട്ടുപാലത്തിലൂടെ കടക്കാന്‍ വിസമ്മതിക്കുകയായിരുന്നു. അതിന് നിര്‍ബന്ധിച്ച പാപ്പാന്‍ കൃഷ്ണനെ പുറംകാലുകൊണ്ട് തൊഴിച്ചു. ദൂരേക്ക് തെറിച്ചുവീണ പാപ്പാന്‍ വീണ്ടും അരികിലേക്ക് വന്നതോടെ തട്ടിത്തെറിപ്പിച്ച് കുത്താന്‍ നോക്കിയെങ്കിലും ഉരുണ്ട് രക്ഷപ്പെടുകയായിരുന്നു. രണ്ടാംപാപ്പാനേയും ആന ആട്ടിയകറ്റി. ഈ സമയമെല്ലാം തിടമ്പുപിടിച്ചിരുന്ന പൂജാരി മണികണ്ഠന്‍ ഇറങ്ങാനാവാതെ ബുദ്ധിമുട്ടി. തിടമ്പ് ഒരുവിധം താഴെയിറക്കിയെങ്കിലും മണികണ്ഠനെയും വഹിച്ച് ആന വയലില്‍ ഓട്ടപ്രദക്ഷിണമായി. ആനയെ അനുനയിപ്പിക്കാന്‍ പാപ്പാന്‍മാര്‍ ശ്രമിക്കുന്നുണ്ടങ്കിലും വഴങ്ങിയില്ല. എന്നാല്‍ നാശനഷ്ടങ്ങളൊന്നും വരുത്തിയിട്ടില്ല. തുടര്‍ന്ന് കൂറ്റനാട്, ചത്തെല്ലൂര്‍ ഭാഗങ്ങളില്‍ നിന്ന് പരിചയസമ്പന്നരായ പാപ്പാന്‍മാര്‍ വന്ന് വടംകെട്ടി തളച്ചശേഷമാണ് പുറത്തിരുന്ന മണികണഠനെ താഴെയിറക്കിയത്. അപ്പോഴേക്കും ആന ശാന്തനായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.