ശ്മ​ശാ​ന ന​ട​ത്തി​പ്പി​ന് ടെ​ൻ​ഡ​ർ: ഷൊ​ർ​ണൂ​ർ ന​ഗ​ര​സ​ഭ​ക്ക് വ​ൻ സാ​മ്പ​ത്തി​ക നേ​ട്ടം

ഷൊർണൂർ: ശ്മശാനം നടത്തിപ്പിന് ടെൻഡർ പ്രകാരമുള്ള നടപടികളാക്കിയപ്പോൾ നഗരസഭക്ക് വൻ സാമ്പത്തിക നേട്ടം. കഴിഞ്ഞ ഏഴ് വർഷം നടത്തിപ്പിന് നൽകിയപ്പോൾ ആകെ ലഭിച്ചത് ഏഴ് ലക്ഷത്തോളം രൂപയാണ്. എന്നാൽ, ടെൻഡർ നടപടിയാക്കിയപ്പോൾ ഈ വർഷം മാത്രം നഗരസഭക്ക് 35 ലക്ഷത്തോളം ലഭിക്കും. അനാഥമായി കിടന്നിരുന്ന ശ്മശാനം നടത്തിപ്പ് 2011ലാണ് സ്വകാര്യ വ്യക്തിയെ ഏൽപ്പിച്ചത്. ആദ്യ വർഷം 21,000 രൂപയാണ് ഈ ഇനത്തിൽ ലഭിച്ചത്. 2012^13ൽ 1,000 രൂപ മാത്രം വർധിപ്പിച്ചും 2013^14 ൽ വീണ്ടും 1,000 രൂപ മാത്രം വർധിപ്പിച്ചും ഇതേ വ്യക്തിക്കുതന്നെ നടത്തിപ്പവകാശം അധികൃതർ നൽകി. ഇതിനിടെ തിരുവില്വാമല പാമ്പാടി ഐവർമഠം ശ്മശാനത്തിൽ ഈ പഞ്ചായത്തിലെ താമസക്കാരായവരുടെ മൃതദേഹം മാത്രമേ സംസ്കരിക്കൂവെന്ന തീരുമാനം ഉണ്ടായി. ഇതോടെ കേരളത്തിലെ എല്ലാ ഭാഗങ്ങളിൽനിന്ന് ഷൊർണൂരിൽ മൃതദേഹം സംസ്കരിക്കാൻ കൊണ്ടുവന്നു തുടങ്ങി. നടത്തിപ്പുകാരെൻറ വരുമാനത്തിൽ ഭീമമായ വർധനവുണ്ടായിട്ടും നഗരസഭ ഭരണാധികാരികളും നടത്തിപ്പുകാരനും തമ്മിലുള്ള ഒത്തുകളി മൂലം കേവലം 1,000 രൂപ മാത്രമാണ് ഒരു വർഷത്തിൽ വർധന വരുത്തി വന്നത്. ഈ ഒത്തുകളി പൊതുവെ ചർച്ച ചെയ്യപ്പെട്ടുതുടങ്ങിയതോടെ ഇതേ നടത്തിപ്പുകാരന് മൂന്ന് വർഷത്തേക്ക് ഒരുമിച്ച് നടത്തിപ്പ് ചുമതല നൽകി. ഓരോ മൃതദേഹത്തിനും നൂറ് രൂപ നൽകണമെന്നായിരുന്നു വ്യവസ്ഥ. ഇത് പ്രകാരം ശരാശരി രണ്ട് ലക്ഷത്തോളം രൂപയാണ് പ്രതിവർഷം നഗരസഭയിലേക്ക് കഴിഞ്ഞ മൂന്ന് വർഷവും അടച്ചിട്ടുള്ളത്. ഇതിനിടെ നഗരസഭകളുടെ ഓഡിറ്റിങ് വിഭാഗം സംഭവം പരിശോധിച്ച് നഗരസഭയെ കുറ്റപ്പെടുത്തുന്ന തരത്തിൽ കുറിപ്പ് രേഖപ്പെടുത്തി. വിജിലൻസും ശ്മശാനം നടത്തിപ്പിലെ അഴിമതി ചൂണ്ടിക്കാട്ടുകയും ടെൻഡർ നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് നഗരസഭ ഗത്യന്തരമില്ലാതെയാണ് ടെൻഡർ നടപടികൾ സ്വീകരിച്ചത്. എന്നിട്ടും പരമാവധി പേരെ ടെൻഡർ നടപടികളിൽനിന്ന് പിൻമാറ്റാൻ അധികൃതർ നിബന്ധനകൾ വെച്ച് നിലവിലെ ആൾക്ക് തന്നെ നടത്തിപ്പ് ചുമതല നൽകാൻ ശ്രമം നടത്തിയെന്ന് ആക്ഷേപമുണ്ട്. ആംബുലൻസ്, ഫ്രീസർ എന്നിവയും ശ്മശാനം നടത്തിപ്പിൽ പരിചയം വേണമെന്നും നിബന്ധനയുണ്ടാക്കിയിരുന്നു. ടെൻഡർ ഫോറം വാങ്ങാനെത്തിയവരോട് പത്ത് ലക്ഷം രൂപ സോൾവൻസിയിനത്തിൽ വേണ്ടി വരുമെന്നും പറഞ്ഞിരുന്നു. ടെൻഡർ ലഭിച്ചാൽ മാത്രം വെക്കേണ്ട നിബന്ധന ഇതിന് മുമ്പ് തന്നെ വെച്ചത് പലരെയും ആദ്യം തന്നെ ഒഴിവാക്കാനായിരുന്നുവെന്നാണ് ആക്ഷേപം. എന്തായാലും എട്ടുപേർ ടെൻഡർ ക്വോട്ട് ചെയ്യുകയും ഉയർന്ന തുകയായ 25 ലക്ഷത്തിന് ടെൻഡർ ഉറപ്പിക്കുകയുമായിരുന്നു. ഉടനെതന്നെ ഈ തുകയുടെ മൂന്നിലൊന്ന് തുകയായ 8,33,333 രൂപയുടെ ചെക്ക് നഗരസഭക്ക് ലഭിച്ചു. ഈ തുക 2018 മാർച്ച് 31 വരെ നഗരസഭക്ക് കൈകാര്യം ചെയ്യാം. ടെൻഡർ തുകയായ 25 ലക്ഷവും ഓരോ മൃതദേഹത്തിനും ലഭിക്കേണ്ട നൂറുരൂപ വീതമുള്ള ലക്ഷങ്ങളും നഗരസഭക്ക് ലഭിക്കും. തനത് വരുമാനമില്ലാതെ വലയുന്ന നഗരസഭക്ക് ലഭിക്കുന്ന ഈ തുക മുതൽക്കൂട്ടാകും. ടെൻഡറിലെ രണ്ടാമത്തെ വലിയ തുക 14.40 ലക്ഷവും നിലവിലെ നടത്തിപ്പുകാരൻ ക്വോട്ട് ചെയ്തത് രണ്ടര ലക്ഷവുമാണ്‌.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.