ഓപറേഷന്‍ അനന്ത: സ്വന്തം സ്ഥലവും വിട്ടുനല്‍കാന്‍ തയാറായി കെട്ടിടമുടമകള്‍

ഒറ്റപ്പാലം: നഗര വികസനത്തിന്‍െറ ഭാഗമായി കണ്ടീഷന്‍ പട്ടയ പ്രകാരമുള്ള സ്ഥലത്തെ കെട്ടിടം പൊളിച്ചു നീക്കുന്നതിന് പുറമെ സ്വന്തം സ്ഥലവും വിട്ടു നല്‍കാമെന്ന നിലപാടുമായി കെട്ടിടമുടമകള്‍ ഒറ്റപ്പാലം സബ് കലക്ടറെ സമീപിച്ചു. തോട്ടക്കര മണല്‍പ്പറമ്പില്‍ അബൂബക്കര്‍, ദേശമംഗലം പടിഞ്ഞാറേതില്‍ കുഞ്ഞിമുഹമ്മദ്, തലശ്ശേരി പന്ന്യനൂര്‍ ചെമ്പാട് കുറുങ്ങോടന്‍ വീട്ടില്‍ മഅ്റൂഫ് എന്നിവരാണ് തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്ഥലത്തെ കെട്ടിടം സ്വമേധയാ പൊളിച്ചു നീക്കാന്‍ സന്നദ്ധത അറിയിച്ച് സബ് കലക്ടര്‍ പി.ബി. നൂഹിനെ സമീപിച്ചത്. പാലക്കാട് ജില്ലാ ബാങ്കിന്‍െറ ഒറ്റപ്പാലം ശാഖ കെട്ടിടത്തിന് മുമ്പിലുള്ള ഇവരുടെ സ്ഥലത്തിന്‍െറ ഏതാനും ഭാഗം കണ്ടീഷന്‍ പട്ടയ പ്രകാരമുള്ളതാണെന്നും ഓപറേഷന്‍ അനന്തയുടെ ഭാഗമായി ഇതിലെ കെട്ടിടം പൊളിച്ചു നീക്കണമെന്നും നിര്‍ദേശിച്ച് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ കെട്ടിടത്തില്‍ വാടകക്ക് കച്ചവടം ചെയ്യുന്ന വ്യാപാരികളുമായി കെട്ടിടം പൊളിക്കുന്നതുമായി ബന്ധപ്പെട്ട് ഉടമകള്‍ ചര്‍ച്ച നടത്തിയിരുന്നു. പൊളിച്ച സ്ഥാനത്ത് നിര്‍മിക്കുന്ന കെട്ടിടത്തില്‍ നിലവിലെ കച്ചവടക്കാരെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച കരാറും തയാറാക്കി. ഗ്രൗണ്ട് ഫ്ളോറിന് ചതുരശ്ര അടിക്ക് 55 രൂപയും മുകളിലത്തെ നിലയിലേതിന് 40 രൂപയും വാടക നിശ്ചയിക്കുകയും അഡ്വാന്‍സ് തുക നല്‍കേണ്ടതില്ളെന്ന് ധാരണയാവുകയും ചെയ്തു. 17 വാടകക്കാരെ രണ്ടാം പാര്‍ട്ടിയായി തയാറാക്കിയ കരാറില്‍ കലക്ടറുമായി നടത്തിയ ചര്‍ച്ചക്ക് ശേഷം ഒപ്പിടാനാണ് തീരുമാനം. ആഗസ്റ്റ് 10 വരേക്ക് കെട്ടിടം പൊളിച്ചു നീക്കാന്‍ സബ് കലക്ടര്‍ സമയം അനുവദിച്ചു. പെട്രോള്‍ പമ്പ് മുതല്‍ ചെര്‍പ്പുളശ്ശേരി റോഡ് ജങ്ഷന്‍വരെയുള്ള ഭാഗത്ത് രണ്ട് മീറ്ററോളം സ്ഥലം വിട്ടു നല്‍കാനും ഉടമകള്‍ സമ്മതിച്ചതായി ഡെപ്യൂട്ടി തഹസില്‍ദാര്‍ വിജയ ഭാസ്കര്‍ പറഞ്ഞു.ഓപറേഷന്‍ അനന്ത നടപ്പാക്കുന്നതിന്‍െറ മുന്നോടിയായി വിളിച്ചു ചേര്‍ത്ത ഉടമകളുടെ യോഗത്തില്‍ 10 പേര്‍ ഹൈകോടതിയില്‍ നിന്നുള്ള സ്റ്റേ ഉത്തരവുമായാണ് എത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.