ഷൊര്‍ണൂരിലെ പഴയ കൊച്ചിപ്പാലത്തിന്‍െറ സംരക്ഷണം എളുപ്പമാകില്ല

ഷൊര്‍ണൂര്‍: പുരാവസ്തു വകുപ്പധികൃതര്‍ ചരിത്ര സ്മാരകമാക്കാന്‍ ഉദ്ദേശിക്കുന്ന ഷൊര്‍ണൂരിലെ പഴയ കൊച്ചിപ്പാലത്തിന്‍െറ സംരക്ഷണം അത്ര എളുപ്പമാകില്ല. തൂണുകളുടെ അടിത്തറ തകര്‍ന്ന് പല സ്പാനുകളും നിലംപൊത്താറായ സ്ഥിതിയിലാണുള്ളതെന്നാണ് പ്രധാന പ്രശ്നം. പാലത്തിന്‍െറ നടുക്കുള്ള ഒരു തൂണ്‍ തകര്‍ന്നതാണ് രണ്ട് സ്പാനുകള്‍ നിലംപൊത്താനിടയാക്കിയത്. ചെറുതുരുത്തി ഭാഗത്ത് നിന്നുള്ള മൂന്നാമത്തെ തൂണും അടിത്തറ തകര്‍ന്ന് നില്‍ക്കുകയാണ്. ഈ തൂണിന്‍െറ ഇരുവശത്തുമുള്ള സ്പാനുകള്‍ ചരിഞ്ഞു തുടങ്ങുകയും ചെയ്തിട്ടുണ്ട്. പുഴയില്‍ വേനല്‍ക്കാലത്തും വെള്ളമൊഴുകുന്ന സ്ഥലത്താണ് അടിത്തറ തകര്‍ന്ന തൂണ്‍ നില്‍ക്കുന്നത്. ശക്തമായ വെള്ളക്കുത്തുണ്ടായാല്‍ ഈ തൂണ്‍ നിലംപതിക്കും. അതോടെ രണ്ട് സ്പാനുകളും കൂപ്പുകുത്തും. ആകെ 15 സ്പാനുകളാണ് പാലത്തിനുള്ളത്. ചരിത്ര സ്മാരകമായി നിലനിര്‍ത്തണമെങ്കില്‍ വീണത് പുന$സ്ഥാപിക്കുകയും മറ്റുള്ളവ വീഴാതെ സംരക്ഷിക്കുകയും വേണം. ഇതിന് ഭാരിച്ച ചെലവും വരും. മാത്രമല്ല, ഈ പ്രവൃത്തി ഏറെ ശ്രമകരവും അപകടകരവുമാണ്. പാലത്തിന്‍െറ എല്ലാ തൂണുകളുടെയും അടിത്തറ പുഴയുടെ തറനിരപ്പിനും മുകളിലായാണ് ഇപ്പോഴുള്ളത്. അനിയന്ത്രിതമായ മണലെടുപ്പ് മൂലം പുഴയുടെ തറനിരപ്പ് മീറ്ററുകളോളം താഴ്ന്നതാണ് പ്രധാന പ്രശ്നമായത്. പാലത്തിന്‍െറ തൊട്ട് താഴെ നിന്നുപോലും മണലെടുപ്പ് തുടരുകയാണ്. മണലെടുപ്പ് പഴയ പാലത്തെ മാത്രമല്ല പുതിയ കൊച്ചിപ്പാലത്തെയും തൊട്ടുള്ള രണ്ട് റെയില്‍വേ പാലങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പാലത്തിന്‍െറ തൂണുകള്‍ എപ്പോള്‍ വേണമെങ്കിലും വീഴാമെന്ന തരത്തിലായതിനാല്‍ പാലത്തിലൂടെയുള്ള കാല്‍നടയാത്ര നിരോധിച്ചിരിക്കുകയാണ്. ഈ അവസ്ഥയില്‍ പാലം എങ്ങനെ സംരക്ഷിക്കാനാകുമെന്നത് ചോദ്യ ചിഹ്നമാണ്. മഴക്കാലം കഴിഞ്ഞ് മാത്രമേ പാലം സംരക്ഷിക്കുന്നതിനെക്കുറിച്ച് പഠനം നടത്താനാകൂവെന്നാണ് തൃശൂര്‍ സര്‍ക്കിള്‍ സൂപ്രണ്ടിങ് ആര്‍ക്കിയോളജിസ്റ്റ് ടി. ശ്രീലക്ഷ്മി ജില്ലാ കലക്ടറെ അറിയിച്ചിട്ടുള്ളത്. അപ്പോഴേക്കും പാലത്തിന്‍െറ എത്ര ഭാഗം നിലനില്‍ക്കുമെന്നും വ്യക്തമല്ല. എങ്കിലും പാലം ചരിത്ര സ്മാരകമായി നിലനിര്‍ത്താനായാല്‍ അത് വലിയ മുതല്‍ക്കൂട്ടാകും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.