ശൗചാലയ പദ്ധതി: വെല്ലുവിളിയായി അട്ടപ്പാടി

പാലക്കാട്: പൊതുസ്ഥലത്ത് മല-മൂത്ര വിസര്‍ജനം നടത്താത്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന് വിലങ്ങ് തടിയായി അട്ടപ്പാടി മേഖല. മൂന്ന് ഗ്രാമപഞ്ചായത്തുകള്‍ ചേര്‍ന്നുള്ള മേഖലയില്‍ ഒരു മാസം മുമ്പ് നടത്തിയ അവലോകന യോഗത്തില്‍ ലഭിച്ച കണക്കു പ്രകാരം 2,500 ലധികം ശൗചാലയങ്ങളുടെ കുറവുണ്ട്. ഓപ്പണ്‍ ഡിഫിക്കേഷന്‍ ഫ്രീ (ഒ.ഡി.എഫ്) യായി കേരളത്തെ പ്രഖ്യാപിക്കുന്നതിലെ പ്രധാന വെല്ലുവിളി അട്ടപ്പാടിയാകുമെന്ന് ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദ് പറഞ്ഞിരുന്നു. ശൗചാലയ നിര്‍മാണം മുതല്‍ തദ്ദേശവാസികളില്‍ അവബോധം സൃഷ്ടിക്കലുള്‍പ്പെടെയുള്ള ബൃഹത്പദ്ധതി അവലോകനയോഗത്തില്‍ ആവിഷ്കരിച്ചിരുന്നെങ്കിലും ഒന്നും വേണ്ടത്ര ഫലം കണ്ടിട്ടില്ല. കേരളപ്പിറവി ദിനത്തില്‍ സംസ്ഥാനം ഒ.ഡി.എഫ് ആകുമെന്ന ഒൗദ്യോഗിക പ്രഖ്യാപനം വരുന്നതിന് മുമ്പേ ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ബന്ധപ്പെട്ടവര്‍ പദ്ധതിക്ക് വേണ്ടത്ര പരിഗണന നല്‍കിയിട്ടില്ല എന്ന ആരോപണം ശക്തമാണ്. ജൂലൈ 23 ലെ അവലോകന യോഗത്തിന് ശേഷം അട്ടപ്പാടി മേഖലയില്‍ ശൗചാലയ നിര്‍മാണം ആരംഭിച്ചിട്ടുണ്ടെങ്കിലും, പദ്ധതി നവംബര്‍ ഒന്നാകുമ്പോഴേക്കും പൂര്‍ത്തിയാക്കാന്‍ സാധിക്കുമോ എന്ന കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ക്കും നിശ്ചയമില്ല. പദ്ധതിയുടെ നിലവിലെ അവസ്ഥപോലും ബന്ധപ്പെട്ട പല ഉദ്യോഗസ്ഥര്‍ക്കും അറിയില്ല.അട്ടപ്പാടിയില്‍ മുളയും ഈറ്റയും ഉപയോഗിച്ചുള്ള പ്രകൃതി സൗഹൃദ ശൗചാലയങ്ങള്‍ നിര്‍മിക്കാനാണ് ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ നടന്നയോഗത്തില്‍ തീരുമാനമായത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇത്രയധികം ശൗചാലയങ്ങള്‍ നിര്‍മിക്കാനുള്ള നിര്‍ദേശത്തിന്‍െറ പ്രായോഗികതയില്‍ അന്നേ ചില ഉദ്യോഗസ്ഥര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍ ചീഫ് സെക്രട്ടറി തന്നെ പരിഹാരം നിര്‍ദേശിക്കുകയായിരുന്നു. തദ്ദേശവാസികളില്‍ ശൗചാലയ നിര്‍മാണത്തിന് ഉപയോഗപ്പെടുത്താന്‍ സാധിക്കുന്നവരെ ഉപയോഗിക്കണമെന്നും, നിര്‍മിതി ഉള്‍പ്പടെയുള്ള സ്ഥാപനങ്ങള്‍ വേണ്ട പരിശീലനങ്ങള്‍ നല്‍കട്ടെ എന്നുമായിരുന്നു അന്ന് ചീഫ് സെക്രട്ടറി വെച്ച നിര്‍ദേശം. 15,400 രൂപയാണ് ഇതിന് സര്‍ക്കാര്‍ നല്‍കുകയെന്നും, ദുര്‍ഘട മേഖലയില്‍ ശൗചാലയങ്ങള്‍ നിര്‍മിക്കാനുള്ള അധിക ചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും പ്രഖ്യാപനത്തില്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.