വിദ്യാര്‍ഥിനിയുടെ പടങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സഹപാഠി അറസ്റ്റില്‍

കോയമ്പത്തൂര്‍: സഹപാഠിയായ പെണ്‍കുട്ടിയുടെ ഫോട്ടോകള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിച്ച വിദ്യാര്‍ഥിയെ കോയമ്പത്തൂര്‍ സൈബര്‍ ക്രൈം പൊലീസ് അറസ്റ്റ് ചെയ്തു. കോയമ്പത്തൂര്‍ ഈച്ചനാരിക്കടുത്ത സ്വകാര്യ എന്‍ജിനീയറിങ് കോളജിലെ അവസാന വര്‍ഷ ബി.ഇ (ഇ.സി.ഇ) വിദ്യാര്‍ഥി നാമക്കല്‍ രാസിപുരം ആര്‍.പി കാട്ടൂര്‍ ഗൗതമാണ് (20) പിടിയിലായത്. പെണ്‍കുട്ടിയുടെ ഫേസ്ബുക്കിലെ ഫോട്ടോകളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ളീലമായി ചിത്രീകരിച്ച ശേഷം ഇന്‍റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. വിദ്യാര്‍ഥിനി ഫോട്ടോകള്‍ നശിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചപ്പോള്‍ ഒരു ലക്ഷം രൂപ പ്രതിഫലമായി ആവശ്യപ്പെട്ടു. പിന്നീട് വിലപേശല്‍ നടത്തി 20,000 രൂപ നല്‍കാമെന്ന് ധാരണയിലത്തെി. തുടര്‍ന്ന് പെണ്‍കുട്ടി തന്‍െറ സഹോദരനോട് പണം ആവശ്യപ്പെട്ടു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ ചോദ്യം ചെയ്തപ്പോഴാണ് പെണ്‍കുട്ടി വിവരം പറയുന്നത്. തുടര്‍ന്ന് വീട്ടുകാര്‍ കോയമ്പത്തൂര്‍ സിറ്റി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് പ്രതിയെ വിളിപ്പിച്ചപ്പോള്‍ പടങ്ങള്‍ നശിപ്പിക്കാമെന്ന് ഉറപ്പ് നല്‍കി. അവസാനവര്‍ഷ എന്‍ജിനീയറിങ് വിദ്യാര്‍ഥിയായതിനാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യാതെ ഉപദേശിച്ച് അയക്കുകയായിരുന്നു. എന്നാല്‍, ദിവസങ്ങള്‍ക്കുശേഷം പ്രതി പടങ്ങള്‍ വാട്സ്ആപ്പില്‍ ഫോട്ടോകളിട്ടു. ഈ സമയത്തും പൊലീസ് ഗൗതമിനെ കസ്റ്റഡിയിലെടുത്ത് കര്‍ശന താക്കീത് നല്‍കി വിട്ടയച്ചു. തുടര്‍ന്നും ചിലരുടെ ഇ- മെയില്‍ വിലാസങ്ങളിലേക്ക് ഫോട്ടോകള്‍ അയച്ചതോടെയാണ് അറസ്റ്റ് ചെയ്തത്. പ്രതിയെ കോയമ്പത്തൂര്‍ ഏഴാമത് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത് പൊള്ളാച്ചി ബോഴ്സറ്റല്‍ സ്കൂളിലേക്കയച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.