വീട്ടമ്മയുടെ മാല പിടിച്ചുപറിച്ച സംഭവം: മൂന്നുപേര്‍ അറസ്റ്റില്‍

പാലക്കാട്: വീട്ടമ്മയുടെ 13 പവന്‍െറ സ്വര്‍ണമാല പിടിച്ചുപറിച്ച സംഭവത്തില്‍ മൂന്ന് പേരെ ടൗണ്‍ സൗത് പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടായി അയ്യംകുളം വിമല്‍ദാസ് (26), പാലക്കാട് സിവില്‍ സ്റ്റേഷന് സമീപം രാധാകൃഷ്ണന്‍ എന്ന വിനു (27), മുണ്ടൂര്‍ നൊച്ചുപ്പുള്ളി ആലിങ്കല്‍ വീട്ടില്‍ വിജയകുമാര്‍ (45) എന്നിവരെയാണ് ടൗണ്‍ സൗത് സി.ഐ സി.ആര്‍. പ്രമോദിന്‍െറ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വിജയദശമി നാളില്‍ ഉച്ചക്ക് 1.15ന് മണപ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപത്ത് നിന്നാണ് ഇവര്‍ മാല പിടിച്ചുപറിച്ചത്.പാലക്കാട്ടെ ചെറുകിട ജ്വല്ലറി ഉടമയുടെ ഭാര്യയുടെ കഴുത്തില്‍ നിന്നാണ് രണ്ട് മാലകള്‍ പൊട്ടിച്ചെടുത്തത്. മാല പൊട്ടിച്ചോടിയ പ്രതി നിതിന്‍ എന്ന പേരെഴുതിയ ഓട്ടോയില്‍ രക്ഷപ്പെടുന്നത് ചിലര്‍ കണ്ടിരുന്നു. തുടര്‍ന്നുള്ള പൊലീസ് അന്വേഷണത്തില്‍ രാധാകൃഷ്ണന്‍ പിടിയിലായി. ഇയാളെ ചോദ്യം ചെയ്തതിന്‍െറ അടിസ്ഥാനത്തിലാണ് മറ്റുള്ളവരെ അറസ്റ്റ് ചെയ്തത്. രാധാകൃഷ്ണനാണ് പിടിച്ചുപറി ആസൂത്രണം ചെയ്തതെന്ന് പൊലീസ് പറഞ്ഞു. വിമല്‍ദാസാണ് മാല പൊട്ടിച്ചോടിയത്. കുറച്ചു മാറി സ്റ്റാര്‍ട്ടാക്കി നിര്‍ത്തിയിരുന്ന വിജയകുമാറിന്‍െറ ഓട്ടോയിലാണ് രക്ഷപ്പെട്ടത്. ഒരുമാല കോട്ടായിയിലെ സ്വര്‍ണക്കടയില്‍ 72,000 രൂപക്ക് പ്രതികള്‍ വിറ്റിരുന്നു. ആറര പവന്‍ തൂക്കം വരുന്ന രണ്ടാമത്തെ മാല രാധാകൃഷ്ണന്‍െറ വീടിന് സമീപം കുഴിച്ചിട്ട നിലയിലും കണ്ടത്തെി. രാധാകൃഷ്ണന്‍ സമാനമായ കേസുകളില്‍ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. പാലന ആശുപത്രിക്ക് സമീപത്ത് നിന്ന് മാല പൊട്ടിച്ചോടിയിട്ടുണ്ട്. കുഴല്‍മന്ദം പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ മുളകുപൊടി വിതറിയും മാല കവര്‍ന്നിട്ടുണ്ട്. ആയുധം കൈവശം വെച്ചതിനും പുലിത്തോല്‍ വില്‍പന നടത്താന്‍ ശ്രമിച്ചതിനും ഇയാള്‍ക്കെതിരേ കേസുണ്ടെന്ന് പൊലീസ് പറഞ്ഞു. സി.ഐക്ക് പുറമേ എസ്.ഐ ഷിജു എബ്രഹാം, എസ്.ഐ വിജയന്‍, എസ്.സി.പി.ഒ റഷീദലി, സി.പി.ഒമാരായ സി.എസ്. സാജിദ്, റിനോയ് എം. വിജയന്‍, നൗഷാദ്, സതീഷ്, സുരേഷ്, ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ പാലക്കാട് ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതി-മൂന്ന് മുമ്പാകെ ഹാജരാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.