തെരഞ്ഞെടുപ്പ് പൊതുനിരീക്ഷകന് അധികാരം വിപുലം –ജില്ലാ കലക്ടര്‍

പാലക്കാട്: തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളും പെരുമാറ്റച്ചട്ടങ്ങളും നിരീക്ഷിച്ച് വിലയിരുത്തുന്നതിന്് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍ നിയോഗിച്ച പൊതുനിരീക്ഷകന് വിപുലമായ അധികാരങ്ങളെന്ന് ജില്ലാ കലക്ടര്‍ പി. മേരിക്കുട്ടി. അധികാരപരിധിയില്‍ വരുന്ന റിട്ടേണിങ് ഓഫിസര്‍മാര്‍, പ്രിസൈഡിങ് ഓഫിസര്‍മാര്‍, പോളിങ് ഓഫിസര്‍മാര്‍ എന്നിവര്‍ വീഴ്ച വരുത്തിയാല്‍ നടപടിയെടുക്കാന്‍ നിരീക്ഷകര്‍ക്ക് കഴിയും. നിയമങ്ങള്‍, ചട്ടങ്ങള്‍, തെരഞ്ഞെടുപ്പ് കമീഷന്‍െറ നിര്‍ദേശങ്ങള്‍ തുടങ്ങിയവ പാലിക്കുന്നതില്‍ ഓഫിസര്‍മാര്‍ വരുത്തുന്ന വീഴ്ചകള്‍ ഗൗരവമായി കാണാന്‍ നിരീക്ഷകന് നിര്‍ദേശമുണ്ട്. ചുമതലകളില്‍ വീഴ്ച വരുത്തുന്ന പോളിങ് ഉദ്യോഗസ്ഥരെയും പൊലീസ് ഉദ്യോഗസ്ഥരെയും മാറ്റാന്‍ ബന്ധപ്പെട്ട അധികൃതരോട് നിരീക്ഷകര്‍ക്ക് നിര്‍ദേശിക്കാം. ജില്ലയിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് നിരീക്ഷകര്‍ കമീഷന് ദൈനംദിന റിപ്പോര്‍ട്ടുകള്‍ നല്‍കും. റിട്ടേണിങ് ഓഫിസര്‍മാരുമായി ചര്‍ച്ച നടത്തി പ്രത്യേകം ശ്രദ്ധിക്കേണ്ട മേഖലകള്‍ക്ക് നിരീക്ഷകര്‍ മുന്‍ഗണന നല്‍കും. ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസര്‍ വിളിച്ചു ചേര്‍ക്കുന്ന രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുടേതടക്കമുള്ള വിവിധ യോഗങ്ങളിലും നിരീക്ഷകരുടെ സാന്നിധ്യമുണ്ടാകും. പ്രശ്നബാധിത ബൂത്തുകള്‍ റിട്ടേണിങ് ഓഫിസര്‍മാര്‍ സന്ദര്‍ശിച്ചുവെന്നും നിരീക്ഷകര്‍ ഉറപ്പാക്കും. പോസ്റ്റല്‍ ബാലറ്റ് വിതരണം, പൊലീസ് ഉദ്യോഗസ്ഥരുടെയും പോളിങ് ഉദ്യോഗസ്ഥരുടെയും പരിശീലനം, വിവിധ ഫോമുകളുടെയും സ്റ്റേഷനറി സാധനങ്ങളുടെയും വിതരണം എന്നിവയിലും നിരീക്ഷകരുടെ മേല്‍നോട്ടമുണ്ടാകും. പെരുമാറ്റച്ചട്ട ലംഘനം കണ്ടത്തെിയാല്‍ ഇതില്‍ ഉടനടി നടപടിയെടുക്കാന്‍ നിരീക്ഷകന് ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസറോട് ആവശ്യപ്പെടാം. ക്രമസമാധാനപാലനം ഉറപ്പു വരുത്തുന്നതിനും തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിക്കുന്നത് തടയുന്നതിനും വിപുലമായ അധികാരങ്ങള്‍ നിരീക്ഷകനുണ്ട്. വോട്ടെണ്ണല്‍ ദിവസവും മേല്‍നോട്ടവുമായി നിരീക്ഷകന്‍ രംഗത്തുണ്ടാകും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.