കണ്‍സ്യൂമര്‍ ഫെഡിന്‍െറ ഓഫിസും സ്ഥലവും ജപ്തി ചെയ്യാന്‍ ഉത്തരവ്

പാലക്കാട്: പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്തയാള്‍ക്ക് വന്‍ തുക കുടിശ്ശിക വരുത്തിയതിനെ തുടര്‍ന്ന് കണ്‍സ്യൂമര്‍ഫെഡ് റീജനല്‍ ഓഫിസും സ്ഥലവും ജപ്തി ചെയ്യാന്‍ കോടതി ഉത്തരവ്. പാലക്കാട് നൂറണിയിലെ നീതി സ്റ്റോറും കണ്‍സ്യൂമര്‍ഫെഡ് റീജനല്‍ ഓഫിസുമടങ്ങുന്ന 70 സെന്‍റ് സ്ഥലമാണ് ജപ്തി ചെയ്യാന്‍ പാലക്കാട് സബ് കോടതി ജഡ്ജി ഉത്തരവിട്ടത്. 2014-15 വര്‍ഷത്തില്‍ കണ്‍സ്യൂമര്‍ഫെഡ് പാലക്കാട് റീജനല്‍ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്ത വടക്കന്തറ തരകന്‍ ട്രേഡേഴ്സ് ഉടമ കെ.വി. പൊന്നനാണ് പരാതിക്കാരന്‍. 44,17,575 രൂപയാണ് കണ്‍സ്യൂമര്‍ഫെഡ് കുടിശ്ശിക വരുത്തിയത്. മലപ്പുറം, തൃശൂര്‍, കോഴിക്കോട് ജില്ലകളിലും പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്ത ഇനത്തില്‍ പൊന്നന് വന്‍ തുക ലഭിക്കാനുണ്ട്. 2010-13 വര്‍ഷത്തില്‍ എടപ്പാള്‍ റീജനില്‍ വിതരണം ചെയ്ത പലചരക്ക് സാധനങ്ങളില്‍ 90 ലക്ഷം രൂപയും 2014-15 വര്‍ഷത്തില്‍ തൃശൂര്‍ റീജനില്‍ വിതരണം ചെയ്ത പലചരക്ക് സാധനങ്ങളില്‍ 70 ലക്ഷം രൂപയും ലഭിക്കാനുണ്ട്. ഈ തുക കിട്ടാനും പരാതി നല്‍കുന്നുണ്ട്. മൊത്തം രണ്ടുകോടിയിലധികം രൂപ സംസ്ഥാനത്തിന്‍െറ വിവിധ റീജനുകളില്‍ പലചരക്ക് സാധനങ്ങള്‍ വിതരണം ചെയ്തതില്‍ പൊന്നന് ലഭിക്കാനുണ്ട്. നൂറണിയിലെ റീജനല്‍ ഓഫിസ് ഉള്‍ക്കൊള്ളുന്നതും ജപ്തിക്ക് ഉത്തരവിട്ടതുമായ സ്ഥലത്തിന് കോടിക്കണക്കിന് രൂപ വിലമതിക്കും. കണ്‍സ്യൂമര്‍ഫെഡിന്‍െറ നേതൃത്വത്തിലുള്ള അഴിമതിയും കെടുകാര്യസ്ഥതയുമാണ് വിതരണക്കാര്‍ക്ക് കുടിശ്ശിക വരാന്‍ കാരണം. ഓരോരുത്തര്‍ക്കും വന്‍ തുക കുടിശ്ശികയായതിനാല്‍ കണ്‍സ്യൂമര്‍ഫെഡിന്‍െറ നീതി സ്റ്റോര്‍, നന്മ, ത്രിവേണി സ്റ്റോറുകളിലേക്ക് പലചരക്ക് സാധനങ്ങളടക്കമുള്ള എല്ലാ സാധനങ്ങളും നല്‍കുന്നത് വിതരണക്കാര്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് കണ്‍സ്യൂമര്‍ഫെഡിന്‍െറ സ്റ്റോറുകളില്‍ ഭൂരിപക്ഷവും പൂട്ടിയിട്ടിരിക്കുകയാണ്. അവശേഷിക്കുന്നവയില്‍ സാധനങ്ങളില്ലാത്തതിനാല്‍ ആളുകള്‍ കയറുന്നുമില്ല. ഇതിനിടയിലാണ് കണ്‍സ്യൂമര്‍ഫെഡിന്‍െറ റീജനല്‍ ഓഫിസ് ജപ്തി ചെയ്യാന്‍ ഉത്തരവ് വരുന്നത്. വാദി ഭാഗത്തിനുവേണ്ടി അഡ്വ. ശ്രീപ്രകാശ് ഹാജരായി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.