ബംഗ്ളാപറമ്പ് മുതല്‍ മേട്ടുവളവ് വരെ ഇടതുമുന്നണി വിയര്‍ക്കുന്നു

ചിറ്റൂര്‍: ഇരട്ടപേരിലറിയപ്പെടുന്ന നഗരസഭയില്‍ ചിറ്റൂരിനേയും തത്തമംഗലത്തേയും വേര്‍തിരിക്കുന്നത് ശോകനാശിനിപുഴയാണ്. ചിറ്റൂര്‍ പുഴയുടെ പടിഞ്ഞാറെക്കരയില്‍ സ്ഥിതി ചെയ്യുന്ന ബംഗ്ളാപറമ്പ് മുതല്‍ മേട്ടുവളവ് വരെയുള്ള എട്ട് വാര്‍ഡുകളില്‍ കഴിഞ്ഞ 20 വര്‍ഷമായി യു.ഡി.എഫ് അല്ലാതെ മറ്റൊരു കക്ഷികളും വിജയിച്ചിട്ടില്ല. ഇടതുപക്ഷത്തെ എം. രഘു ജനതാദളിന്‍െറ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചത് 20 വര്‍ഷം മുമ്പാണ്. ഇതിന് ശേഷം സി.പി.എമ്മിന് ഈ വാര്‍ഡുകളിലൊന്നില്‍ പോലും അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. ഇത്തവണ സീറ്റ് നല്‍കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.എഫില്‍നിന്ന് ഇടതുപക്ഷത്തത്തെിയ മുന്‍ കൗണ്‍സിലര്‍ കെ. വേണുഗോപാലിലൂടെ അക്കൗണ്ട് തുറക്കാനുള്ള കഠിന പരിശ്രമത്തിലാണ് സി.പി.എം. യു.ഡി.എഫ് ഘടകകക്ഷിയായ മുസ്ലിം ലീഗിന് ഒരു സീറ്റ് നല്‍കിയിട്ടുണ്ട്. എസ്.ഡി.പി.ഐയുടെ രണ്ട് പേരും മത്സരിക്കുന്നുണ്ട്. ബംഗ്ളാപറമ്പ് (22) വാര്‍ഡില്‍ ഇടതുപക്ഷ ആധിപത്യം അവസാനിപ്പിക്കാന്‍ കെ. അച്യുതന്‍ തന്നെ നേരിട്ട് മത്സരിച്ച് വിജയിച്ചതിന് ശേഷം ഇന്ന് വരെ വാര്‍ഡ് യു.ഡി.എഫിനെ കൈവിട്ടിട്ടില്ല. ഇത്തവണ വനിതാ സംവരണ വാര്‍ഡാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ബിന്ദുവും എല്‍.ഡി.എഫില്‍ ശ്രീജ കുമാരിയും ബി.ജെ.പിയില്‍ പ്രിയയുമാണ് മത്സരിക്കുന്നത്. കേരളത്തില്‍ ആദ്യത്തെ നെല്‍കതിര്‍ അവാര്‍ഡ് കരസ്ഥമാക്കിയ പെരുത്തിക്കാവ് പാടശേഖര സമിതി ഉള്‍പ്പെടുന്ന വാര്‍ഡായ പരുത്തിക്കാവില്‍ (23) മുന്‍ എം.എല്‍.എ കെ. ചന്ദ്രന്‍െറ മകനും ഡി.സി.സി അംഗവുമായ കെ.സി. പ്രീതാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. മുന്‍ കൗണ്‍സിലര്‍കൂടിയായ പ്രീത് രണ്ടാം തവണയാണ് ഇവിടെ മത്സരിക്കുന്നത്. ചിറ്റൂര്‍ റൂറല്‍ ക്രെഡിറ്റ് കോഓപറേറ്റിവ് സൊസൈറ്റി പ്രസിഡന്‍റ് ഫാം ഫെഡ് സി.ഇ.ഒ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. കെ. ഉണ്ണികൃഷ്ണനാണ് ഇടത് സ്ഥാനാര്‍ഥി. കെ. അരവിന്ദാക്ഷന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയുമാണ്. തുമ്പിച്ചിറയില്‍ (24) രത്നമണി യു.ഡി.എഫിലും എസ്. രജീന ബീഗം ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. എല്‍.ഡി.എഫിന് ഇത്തവണ ഏറെ പ്രതീക്ഷയുള്ള വാര്‍ഡായ മന്ദത്തുകാവില്‍ യു.ഡി.എഫില്‍നിന്ന് രാജിവെച്ച മുന്‍ കൗണ്‍സിലര്‍ കൂടിയായ കെ. വേണുഗോപാല്‍ ഇടത് സ്വതന്ത്രനായി മത്സരിക്കുന്നുണ്ട്. രണ്ട് തവണ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിട്ടുണ്ട്. സുബ്രദാമാണ് യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത്. എന്‍. രാധാകൃഷ്ണന്‍ ബി.ജെ.പി ബാനറിലും മത്സരിക്കുന്നു. ശ്രീ കുറുംബക്കാവില്‍ (26) മുന്‍ നഗരസഭാ വൈസ് ചെയര്‍മാനായിരുന്ന ടി.എസ്. തിരുവെങ്കിടം വീണ്ടും യു.ഡി.എഫ് സ്ഥാനാര്‍ഥിയായി ജനവിധി തേടുന്നു. ആര്‍. ശാന്തകുമാരന്‍ ഇടത് സ്വതന്ത്ര സ്ഥാനാര്‍ഥിയായും ജി. സുധാകരന്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായും മത്സരിക്കുന്നു. കടവളവ് (27) വാര്‍ഡില്‍ ലീഗ് സ്ഥാനാര്‍ഥി ഉമ്മുല്‍ ഹബീബ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നു. ഇവിടെ എസ്.ഡി.പി.ഐയുടെ സ്ഥാനാര്‍ഥിയായി സംസീന ഫൈസലും ഇടത് സ്വതന്ത്രയായി എല്‍. ലത, ബി.ജെ.പി സ്ഥാനാര്‍ഥിയായി വി. സജിയും മത്സരിക്കുന്നു. അഗ്രഹാരങ്ങള്‍ സ്ഥിതി ചെയ്യുന്ന ഗ്രാമം വാര്‍ഡില്‍ (28) യു.ഡി.എഫ് സ്ഥാനാര്‍ഥിയായി രാധാമണിയും ഇടത് സ്വതന്ത്രയായി പി.എസ്. അനിതയും ബി.ജെ.പി ബാനറില്‍ ആര്‍. ഉഷയും മത്സരിക്കുന്നു. മോതിരം ചിഹ്നത്തില്‍ കെ. ഹേമ സ്വതന്ത്ര സ്ഥാനാര്‍ഥിയായും രംഗത്തുണ്ട്. മേട്ടുവളവ് (29) വാര്‍ഡില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥിയായി സീബന യാസ്മിനും ഇടത് സ്വതന്ത്രയായി സലീനയും മത്സരിക്കുമ്പോള്‍ എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയായി ആരിഫയും രംഗത്തുണ്ട്. മുസ്ലിം സമുദായത്തിന് ഭൂരിപക്ഷമുള്ള വാര്‍ഡുകൂടിയാണിത്. കഴിഞ്ഞ തവണ 29 വാര്‍ഡുകളില്‍ 26 എണ്ണത്തില്‍ കോണ്‍ഗ്രസും മൂന്ന് വാര്‍ഡുകളില്‍ സി.പി.എമ്മും വിജയിച്ചു. നഗരസഭയില്‍ ചെമ്പകശ്ശേരി (നാല്) വാര്‍ഡിലാണ് ഇത്തവണ പൊടിപാറുന്ന മത്സരം നടക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.