മണ്ണാര്‍ക്കാട്ട് സര്‍വത്ര വിമതര്‍

മണ്ണാര്‍ക്കാട്: മണ്ണാര്‍ക്കാട് ബ്ളോക്ക് പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോട്ടോപ്പാടം, തെങ്കര, കുമരംപുത്തൂര്‍, അലനല്ലൂര്‍ ഗ്രാമപഞ്ചായത്തുകളില്‍ വിമതര്‍ സജീവം. മണ്ണാര്‍ക്കാട് ബ്ളോക്ക് പഞ്ചായത്തിലേക്ക് 116, മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലേക്ക് 159, ഗ്രാമപഞ്ചായത്തുകളായ കുമരംപുത്തൂര്‍ 138, കോട്ടോപ്പാടം 157, അലനല്ലൂര്‍ 223, തെങ്കര 134, കാഞ്ഞിരപ്പുഴ 105 പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. ഏറ്റവും കൂടുതല്‍ വിമതരുള്ളത് കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലാണ്. മുസ്ലിം ലീഗില്‍ വിഭാഗീയത രൂക്ഷമായ പഞ്ചായത്തില്‍ എസ്.ടി.യു സംസ്ഥാന സെക്രട്ടറി കല്ലടി അബൂബക്കറിന്‍െറ നേതൃത്വത്തിലുള്ള വിഭാഗം അലനല്ലൂര്‍ ജില്ലാ പഞ്ചായത്ത് ഡിവിഷന്‍, അരിയൂര്‍, കോട്ടോപ്പാടം ബ്ളോക്ക് പഞ്ചായത്ത് ഡിവിഷനിലേക്കും കോട്ടോപ്പാടം ഗ്രാമപഞ്ചായത്തിലെ 14 വാര്‍ഡുകളിലേക്കുമാണ് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ജില്ലാ പഞ്ചായത്ത് അലനല്ലൂര്‍ ഡിവിഷനില്‍ അഡ്വ. ടി.എ. സിദ്ദീഖാണ് യു.ഡി.എഫ് സ്ഥാനാര്‍ഥി. ഇതേ ഡിവിഷനില്‍ എസ്.ടി.യു നേതാവായ അഡ്വ. നാസര്‍ കൊമ്പത്ത് പത്രിക നല്‍കിയിട്ടുണ്ട്. കോട്ടോപ്പാടം ഗ്രാമപഞ്ചായത്തില്‍ മഹിള കോണ്‍ഗ്രസ് ബ്ളോക്ക് ഭാരവാഹിയും വിമത സ്ഥാനാര്‍ഥിയായി മത്സരരംഗത്തുണ്ട്. മണ്ണാര്‍ക്കാട് ബ്ളോക്ക് പഞ്ചായത്തില്‍ തെങ്കര ഡിവിഷനില്‍ കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റും മുന്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്‍റുമായിരുന്ന പി. അഹമ്മദ് അഷറഫിനെതിരെ യൂത്ത് കോണ്‍ഗ്രസ് ബ്ളോക്ക് പ്രസിഡന്‍റ് നൗഷാദ് ചേലഞ്ചേരിയും മത്സര രംഗത്തുവന്നിട്ടുണ്ട്. തെങ്കര പഞ്ചായത്തില്‍ ആനമൂളി വാര്‍ഡില്‍ കോണ്‍ഗ്രസും മുസ്ലിം ലീഗും തമ്മില്‍ നേരിട്ടുള്ള മത്സരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. കുമരംപുത്തൂര്‍ ഗ്രാമപഞ്ചായത്തില്‍ വാര്‍ഡ് 16ല്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റും യൂത്ത് കോണ്‍ഗ്രസ് നേതാവുമായ നൗഫല്‍ തങ്ങളും യൂത്ത്ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി അര്‍സല്‍ എരേരത്തും നാമനിര്‍ദേശം നല്‍കി. മണ്ണാര്‍ക്കാട് മുനിസിപ്പാലിറ്റിയിലും വിമതര്‍ സജീവമാണ്. ഏറ്റവും കൂടുതല്‍ വിമതശല്യമുള്ളത് 15, 16 ഡിവിഷനുകളിലാണ്. യു.ഡി.എഫിലെ ഘടക കക്ഷികളായ ജെ.ഡി.യു, ആര്‍.എസ്.പി, കോണ്‍ഗ്രസ് വിമതര്‍ എന്നിവരൊക്കെ നാമനിര്‍ദേശം നല്‍കിയിട്ടുണ്ട്. ഡിവിഷന്‍ 21ല്‍ മുസ്ലിം ലീഗ് മണ്ഡലം ട്രഷറര്‍ സി. മുഹമ്മദ് ബഷീറിനെതിരെ ലീഗ് പ്രവര്‍ത്തകനും നിലവിലെ പഞ്ചായത്തംഗത്തിന്‍െറ ഭര്‍ത്താവുമായ പി.സി. ജാഫര്‍ പത്രിക നല്‍കി. ഏറ്റവും കൂടുതല്‍ പത്രിക സമര്‍പ്പിക്കപ്പെട്ട അലനല്ലൂര്‍ പഞ്ചായത്തില്‍ ലീഗ് രണ്ടുതട്ടിലാണ്. എല്‍.ഡി.എഫില്‍ നിലവില്‍ തര്‍ക്കമുണ്ടായിരുന്ന മണ്ണാര്‍ക്കാട് നഗരസഭയില്‍ സീറ്റ് ധാരണയായി. കഴിഞ്ഞ തവണ രണ്ടു സീറ്റില്‍ മത്സരിച്ച സി.പി.ഐക്ക് നാല് സീറ്റ് നല്‍കിയാണ് പ്രശ്നം പരിഹരിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.