ബി.എസ്.എന്‍.എല്ലില്‍ മോഷണം പതിവ്; അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി

ഷൊര്‍ണൂര്‍: ബി.എസ്.എന്‍.എല്‍ സ്ഥാപനങ്ങളില്‍നിന്ന് സാധന സാമഗ്രികള്‍ മോഷണം പോകുന്നത് പതിവായതോടെ അധികൃതര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിച്ച ഷൊര്‍ണൂര്‍ പൊലീസ് സാധനങ്ങള്‍ കടത്താനുപയോഗിച്ച കാര്‍ കസ്റ്റഡിയിലെടുത്തു. ഇതുസംബന്ധിച്ച് മുമ്പ് ബി.എസ്.എന്‍.എല്ലിന്‍െറ സ്ഥാപനങ്ങളില്‍ എ.സി മെക്കാനിക് ആയിരുന്ന എടപ്പാള്‍ സ്വദേശി രതീഷിനെ അന്വേഷിച്ചു വരുന്നതായാണ് സൂചന. ബി.എസ്.എന്‍.എല്‍ ജീവനക്കാരിയും മാന്നനൂര്‍ സ്വദേശിനിയുമായ ആളുടെ ഉടമസ്ഥതയിലുള്ളതാണ് കാറെന്നാണ് വിവരം. ഇവര്‍ പട്ടാമ്പി മേഖലയിലെ ടെലിഫോണ്‍ മെക്കാനിക്കായി ജോലി ചെയ്യുകയാണ്. കാര്‍ മോഷണം പോയതായും ഇതുപയോഗിച്ച് ടെലിഫോണ്‍ സാധനങ്ങള്‍ കടത്താനുപയോഗിച്ചതായും പരാതി നല്‍കിയതായാണ് അറിയുന്നത്. എന്നാല്‍, ഇവരുടെ വീട്ടില്‍ നിന്നാണ് പൊലീസ് കാര്‍ കസ്റ്റഡിയിലെടുത്തതെന്നും സൂചനയുണ്ട്. വര്‍ഷങ്ങളായി ഷൊര്‍ണൂര്‍, പട്ടാമ്പി, വല്ലപ്പുഴ മേഖലകളിലെ ബി.എസ്.എന്‍.എല്‍ സ്ഥാപനങ്ങളില്‍നിന്ന് ഉപയോഗ ശൂന്യമായതും അല്ലാത്തതുമായ ബാറ്ററികള്‍ വ്യാപകമായി മോഷണം പോയിരുന്നു. അടുത്തിടെ ബി.എസ്.എന്‍.എല്‍ ജീവനക്കാര്‍ക്ക് ക്ളാസെടുക്കുന്നതിനിടെ ഒരു വിജിലന്‍സ് ഓഫിസര്‍ മോഷണ സാധനങ്ങള്‍ പട്ടാമ്പിയില്‍ കൊണ്ടുപോയാണ് വില്‍ക്കുന്നതെന്നും അറിയാന്‍ കഴിഞ്ഞതായി പറഞ്ഞിരുന്നു. ഇത്തരം പ്രവൃത്തികളില്‍ ആരെങ്കിലും ഏര്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പിന്‍വാങ്ങാനും ആവശ്യപ്പെട്ടിരുന്നു. ബി.എസ്.എന്‍.എല്‍ ഉപയോഗിക്കുന്ന ഉപകരണങ്ങളില്‍ നല്ല വില ലഭിക്കുന്ന ചെമ്പ്, കറുത്തീയം എന്നിവ ധാരാളമുണ്ട്. ലക്ഷങ്ങള്‍ വിലമതിക്കുന്ന ഇത്തരം സാധനങ്ങളാണ് വ്യാപകമായി മോഷണം പോയിട്ടുള്ളത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.