റൈഫിള്‍ അസോസിയേഷനെതിരായ കേസ് പൊലീസിനെ തിരിഞ്ഞു കുത്തുന്നു

പാലക്കാട്: വെടിയുണ്ടകളും എയര്‍ റൈഫിള്‍ പെല്ലറ്റുകളും സൂക്ഷിച്ചതിന് സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ സെക്രട്ടറിക്കെതിരെ ആയുധ നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത കേസ് പൊലീസിനെ തിരിഞ്ഞു കുത്തുന്നു. ദേശീയ ഗെയിംസിനായി വാങ്ങിയ വെടിയുണ്ട സൂക്ഷിക്കാന്‍ അസോസിയേഷനെ ചുമതലപ്പെടുത്തിയുള്ള ആഭ്യന്തര വകുപ്പിന്‍െറ ഉത്തരവാണ് പൊലീസിനെ കുഴക്കുന്നത്. സെക്രട്ടറിയുടെ നടപടിയില്‍ വീഴ്ച സംഭവിച്ചില്ളെന്നും ക്രിമിനല്‍ ഉദ്ദേശമില്ളെന്നുമാണ് ജില്ലാ ക്രൈം ബ്രാഞ്ചിന്‍െറ പ്രാഥമിക നിഗമനം. ദേശീയ ഗെയിംസ് ഷൂട്ടിങ് താരങ്ങളുടെ പരിശീലനത്തിനായി ലഭിച്ച വെടിയുണ്ടകളില്‍ ബാക്കി വന്നവ കൈവശം വെച്ചതിനാണ് സെക്രട്ടറി ജോ എ. മംഗലിക്കെതിരെ എസ്.പിയുടെ നിര്‍ദേശ പ്രകാരം ടൗണ്‍ നോര്‍ത് പൊലീസ് കേസെടുത്തത്. ബാക്കി വന്നവ കൈമാറാന്‍ എസ്.പിയുടെ അനുവാദപ്രകാരം എ.ആര്‍. ക്യാമ്പിലത്തെിച്ചപ്പോഴാണ് പൊലീസ് കേസെടുത്തത്. പൊലീസിന് പുലിവാലായത് 2014 സെപ്റ്റംബര്‍ 27ലെ ആഭ്യന്തര അഡീ. സെക്രട്ടറി ബി. ഗോപകുമാറിന്‍െറ ഉത്തരവാണ്. ദേശീയ ഗെയിംസ് ഷൂട്ടിങ് മത്സരം നടത്താന്‍ ആയുധ ലൈസന്‍സിന് സ്പോര്‍ട്സ് യുവജനകാര്യ ഡയറക്ടറുടെ അപേക്ഷ പ്രകാരമാണ് ആഭ്യന്തരവകുപ്പ് ഉത്തരവ് നല്‍കിയത്. ഗെയിംസിനുശേഷം ബാക്കി വരുന്ന തിരയും തോക്കും സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ പ്രസിഡന്‍റ്/സെക്രട്ടറി എന്നിവര്‍ക്ക് സൂക്ഷിക്കാന്‍ ഉത്തരവില്‍ അനുവാദം നല്‍കിയിട്ടുണ്ട്. കസ്റ്റോഡിയനായ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തത് അന്യായമാണെന്ന് റൈഫിള്‍ അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടുന്നു. വെടിയുണ്ട വാങ്ങാന്‍ റൈഫിള്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ (ആര്‍.എ.ഐ) രേഖാമൂലമുള്ള അനുവാദമുണ്ട്. സംസ്ഥാന അസോസിയേഷന്‍െറ പേരില്‍ ആയുധ ലൈസന്‍സില്ലാത്തതിനാല്‍ പാലക്കാട് ജില്ലാ അസോസിയേഷന്‍െറ ലൈസന്‍സിലാണ് വെടിയുണ്ട വാങ്ങിയത്. ഇതിന് കായികവകുപ്പിന്‍െറ മുന്‍കൂര്‍ അനുവാദമുണ്ട്. ലൈസന്‍സ് പ്രകാരം ജില്ലാ അസോസിയേഷന് ഒറ്റത്തവണ 25,000 വെടിയുണ്ട വാങ്ങാനേ അനുവാദമുള്ളൂ. ദേശീയ ഗെയിംസിന് ഇതില്‍ കൂടുതല്‍ ആവശ്യമുള്ളതിനാല്‍ 75,000 വെടിയുണ്ട വാങ്ങാന്‍ പാലക്കാട് ജില്ലാ കലക്ടര്‍ പ്രത്യേകാനുമതി നല്‍കിയിരുന്നു. ദേശീയ ഗെയിംസ് സംസ്ഥാന ടീമിന്‍െറ പരിശീലന ക്യാമ്പ് പാലക്കാട് ഷൂട്ടിങ് റേഞ്ചിലായിരുന്നു. ബാക്കി വന്നവ എന്തു ചെയ്യണമെന്നാരാഞ്ഞ് സെക്രട്ടറി കഴിഞ്ഞ ജൂണ്‍, ആഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളില്‍ കായികവകുപ്പിന് കത്തെഴുതിയിരുന്നുവെങ്കിലും മറുപടി ലഭിച്ചില്ലത്രെ. തുടര്‍ന്നാണ് വെടിയുണ്ട കൈമാറാന്‍ അനുവാദം ചോദിച്ച് കഴിഞ്ഞ നവംബറില്‍ ജോ എ. മംഗലി ജില്ലാ പൊലീസ് സൂപ്രണ്ടിനെ സമീപിച്ചത്. എസ്.പി അനുവാദം നല്‍കിയിരുന്നുവെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറയുന്നു. വെടിയുണ്ട ദുരുപയോഗം ചെയ്യുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തെന്ന പരാതിയില്ലാത്തതിനാല്‍ കേസില്‍ നിയമോപദേശം തേടാനാണ് ക്രൈം ബ്രാഞ്ച് തീരുമാനം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.