67 സ്പിൽ ഓവർ പ്രവൃത്തികൾ ജില്ല പഞ്ചായത്ത് ഉപേക്ഷിച്ചു

മലപ്പുറം: 2015-16, 16-17 വർഷങ്ങളിൽ നടപ്പാക്കാനാവാതെ സ്പിൽ ഓവർ ആയ പ്രവൃത്തികളിൽ 67 എണ്ണം ഉപേക്ഷിക്കാൻ ജില്ല പഞ്ചായത്ത് തീരുമാനിച്ചു. 15-16ലെ 17ഉം 16-17ലെ 50ഉം പ്രവൃത്തികളാണ് അതത് ഡിവിഷനിലെ അംഗങ്ങളുടെ കൂടി വിശദീകരണം കേട്ട ശേഷം വേണ്ടെന്ന് വെച്ചത്. ഇതിൽ നല്ലൊരു ഭാഗവും പട്ടികജാതി വികസന പദ്ധതികളാണ്. രണ്ട് സാമ്പത്തിക വർഷത്തെയും സ്പിൽ ഓവർ പദ്ധതികളുടെ ഫണ്ട് സർക്കാർ നൽകില്ലെന്ന് പ്രഖ്യാപിച്ചതിനാൽ 12.50 കോടി രൂപയുെട നഷ്ടമാണ് ജില്ല പഞ്ചായത്തിന് സംഭവിക്കാനിരുന്നത്. 67 പ്രവൃത്തികൾ ഉപേക്ഷിക്കുന്നതോടെ ഇത് പകുതിയായി ചുരുങ്ങും. ബന്ധപ്പെട്ട വകുപ്പുകളിൽനിന്ന് പ്രായോഗികത സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തത് മൂലമാണ് ഇത്രയധികം പട്ടികജാതി വികസന പദ്ധതികൾ മുടങ്ങിയതെന്നാണ് ഭരണസമിതിയുടെ വിശദീകരണം. നടപ്പാക്കുന്നിടത്ത് 50 ശതമാനമെങ്കിലും പട്ടിക ജാതിക്കാർ ഉണ്ടെങ്കിൽ പട്ടികജാതി വികസന പദ്ധതിയിൽ ഉൾപ്പെടുത്താനാവും. അല്ലാത്തപക്ഷം എത്രയാണോ പട്ടികജാതി ജനസംഖ്യ അതിനനുസരിച്ച് പട്ടിക ജാതി വികസന ഫണ്ട് നൽകും. എന്നാൽ, വിവരങ്ങൾ യഥാസമയം കൈമാറാത്തതാണ് തിരിച്ചടിയായത്. റോഡ് വീതി കുറഞ്ഞ, സ്ഥലം വിട്ടുകിട്ടാത്ത, നടപടിക്രമങ്ങൾ പൂർത്തിയായിട്ടും പ്രവൃത്തി തുടങ്ങാത്ത കാരണങ്ങളാലും സ്പിൽ ഓവർ ആയിട്ടുണ്ട്. എം.എൽ.എ ഫണ്ടിൽ നടപ്പാക്കിയതിനാൽ ചിലത് ഉപേക്ഷിച്ചു. 2015ൽ നിലവിൽവന്ന പുതിയ നഗരസഭകളിലേക്ക് ഏതാനും ഡിവിഷനുകൾ പോയി. ഇവിടങ്ങളിൽ 2015-16 സാമ്പത്തികവർഷം തുടങ്ങിവെച്ച പദ്ധതികൾ ജില്ല പഞ്ചായത്തുതന്നെ പൂർത്തിയാക്കാൻ തീരുമാനിച്ചിരുന്നു. നടപ്പാക്കാനാവാതെ വന്നവയെല്ലാം നഗരസഭകൾക്ക് വിട്ടുകൊടുത്തിട്ടുണ്ട്. ബോർഡ് യോഗത്തിൽ പ്രസിഡൻറ് എ.പി. ഉണ്ണികൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് സക്കീന പുൽപ്പാടൻ, സ്ഥിരംസമിതി അധ്യക്ഷരായ ഉമ്മർ അറക്കൽ, വി. സുധാകരൻ, കെ.പി. ഹാജറുമ്മ, അനിത കിഷോർ, സെക്രട്ടറി പ്രീതി മേനോൻ തുടങ്ങിയവർ സംസാരിച്ചു. പ്ലസ് വൺ സീറ്റ്: പ്രതിസന്ധി പരിഹരിക്കണമെന്ന് പ്രമേയം മലപ്പുറം: ഹയര്‍ സെക്കൻഡറിമേഖലയില്‍ നിലനില്‍ക്കുന്ന അസന്തുലിതാവസ്ഥ പരിഹരിക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രമേയം. പ്ലസ് വൺ സീറ്റിനായി വിദ്യാർഥികള്‍ നെട്ടോട്ടമോടുകയാണ്. ആര്‍.എം.എസ്.എ വഴി അപ്‌ഗ്രേഡ് ചെയ്ത ഹൈസ്‌കൂളുകളെ ഹയര്‍ സെക്കൻഡറിയാക്കി ഉയര്‍ത്തുകയും അഡീഷനല്‍ ബാച്ചുകള്‍ അനുവദിച്ച് വിദ്യാർഥികളുടെ ആശങ്കയകറ്റുകയും വേണം. ജില്ലയുടെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഡി.ഡി.ഇ, എ.എ, ഡി.ഇ.ഒ തുടങ്ങിയ പ്രധാന കസേരകള്‍ ഒഴിഞ്ഞ് കിടക്കുകയാണെന്നും പ്രമേയം വ്യക്തമാക്കി. ടി.പി. അഷ്‌റഫലി അവതരിപ്പിച്ച് സൈദ് പുല്ലാണി പിന്താങ്ങിയ പ്രമേയം ഐകകണ്ഠ്യേനയാണ് പാസാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.