ഒറ്റപ്പാലം: സാധ്യതകളേറെയുള്ള . വികസനമില്ലാതിരുന്നിട്ടും സഞ്ചാരികൾ ഒഴുകിയെത്തുന്നതും വരുമാന വർധനവും അധികൃതരെ കണ്ണുതുറപ്പിക്കാത്തതാണ് പദ്ധതിയെ ഉദ്‌ഘാടന കാലത്തുണ്ടായിരുന്ന പരിമിത സൗകര്യങ്ങളിൽ തളച്ചിടുന്നത്. പെരുന്നാൾദിനങ്ങളിൽ 5000ത്തോളം സഞ്ചാരികളാണ് ഇവിടെയെത്തിയത്. ടിക്കറ്റിനത്തിൽ ലഭിച്ച 81,000 രൂപ മുൻവർഷത്തെ അപേക്ഷിച്ച് ഭേദപ്പെട്ട വർധനവുമാണ്. അരുവികളിൽ മലവെള്ളം കുത്തിയൊലിക്കുന്ന മഴക്കാലത്ത് ഏറെ പേരാണ് ഇവിടെയെത്തുന്നത്. രണ്ടുഘട്ടങ്ങളിലായി പൂർത്തിയാക്കാൻ തീരുമാനിച്ച പദ്ധതിയുടെ ആദ്യഘട്ടംതന്നെ പാതിവഴിയിലാണ്. 2011 ഏപ്രിൽ ഒന്നിന് അന്നത്തെ വനംമന്ത്രി വൈക്കം വിശ്വനാണ് ഒന്നാം ഘട്ടം പൂർത്തിയാകും മുമ്പേ കീഴൂർ പണിക്കർകുന്ന് പ്രദേശത്തെ അനങ്ങൻമല ഇക്കോ ടൂറിസം പദ്ധതി ഉദ്‌ഘാടനം ചെയ്തത്. ഉദ്‌ഘാടന ശേഷം നിർമാണ പ്രവൃത്തികൾ തുടരുമെന്ന പ്രഖ്യാപനം പാഴ്‍വാക്കായി. ഒറ്റപ്പാലം നഗരസഭയിലും അനങ്ങനടി, അമ്പലപ്പാറ, തൃക്കടീരി പഞ്ചായത്തുകളിലുമായി വ്യാപിച്ചു കിടക്കുന്നതാണ് അനങ്ങൻമല. മലയാളത്തിന് പുറമെ വിവിധ ഭാഷ ചിത്രങ്ങളുടെ ചിത്രീകരണം മുറക്ക് നടന്നിരുന്ന ലൊക്കേഷനാണിത്. എൻ.സി.സി, സ്‌കൗട്ട്, എസ്.പി.സി കാഡറ്റുകളും ആയുർവേദ കോളജുകളിൽനിന്നുള്ള പഠനസംഘങ്ങളും ഇവിടെ ക്യാമ്പുകൾ സംഘടിപ്പിക്കുന്നത് പതിവാണ്. ചെക്ക്ഡാം, സ്നാനഘട്ടം, ട്രക്കിങ് സൗകര്യങ്ങൾ, പ്രവേശനകവാടം തുടങ്ങിയവ ഒന്നാംഘട്ടത്തിലെ പൂർത്തിയാവാത്ത സൗകര്യങ്ങളാണ്. വാച്ച്ടവർ, മലമുകളിൽ കോട്ടേജുകൾ, അനങ്ങൻ-കൂനൻമലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോപ്‌വേ, അരുവിയിൽ സ്നാനഘട്ടം തുടങ്ങിയ സംവിധാനങ്ങൾ യാഥാർഥ്യമാകണമെങ്കിൽ രണ്ടാംഘട്ടം കൂടി പൂർത്തിയാവണം. ചെക്ക്ഡാം യാഥാർഥ്യമാക്കിയാൽ പരിസരത്തെ ജലക്ഷാമത്തിന് ആശ്വാസമാകും. പാർക്കിങ്, ഭക്ഷണശാല സൗകര്യങ്ങളും അപര്യാപ്തമാണ്. ടൂറിസ്റ്റ് കേന്ദ്രത്തിലെത്തിപ്പെടാനുള്ള പാതയിലെ വീതികുറവും വളവുകളും അപരിചിതരായെത്തുന്ന സഞ്ചാരികൾക്ക് വെല്ലുവിളിയാണ്. ടൂറിസ്റ്റ് കേന്ദ്രത്തിലെ ഇരുമ്പ് നടപ്പാലവും ഗ്രില്ലുകളും തുരുമ്പെടുത്തിട്ടുണ്ട്. ഫണ്ട് നൽകുന്നത് ടൂറിസം വകുപ്പും വരുമാനം വനംവകുപ്പിനുമെന്ന തീരുമാനമാണ് പദ്ധതിയുടെ പുരോഗതിക്ക് വിലങ്ങുതടിയാകുന്നത്. അനങ്ങൻമലയുടെ വികസനത്തിനുള്ള 'ഹരിത വസതി' പദ്ധതിക്ക് കഴിഞ്ഞ ബജറ്റിൽ നീക്കിവെച്ച 30 കോടിയിൽ അഞ്ചുകോടി ഇക്കോ ടൂറിസം പദ്ധതിക്ക് വകയിരുത്തിയിട്ടുണ്ട്. എന്നാൽ, തുടർപ്രവർത്തനമൊന്നുമുണ്ടായില്ല. വരുമാനം പലമടങ്ങായി വർധിക്കുമെന്നുറപ്പുള്ള പദ്ധതിയാണ് അവഗണിക്കപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.