വനിതകള്‍ക്കുള്ള ഒാട്ടോറിക്ഷ പദ്ധതി ലക്ഷ്യം കണ്ടില്ല

മഞ്ചേരി: വനിതകള്‍ക്ക് സ്വയം തൊഴിലിന് വനിതാക്ഷേമ പദ്ധതികളില്‍ ഉള്‍പ്പെടുത്തി ഓട്ടോറിക്ഷകള്‍ നല്‍കാൻ രണ്ടുവർഷം മുമ്പ് ആവിഷ്കരിച്ച പദ്ധതിയോട് വിമുഖത. 2016 മാർച്ച് ഒമ്പതിന് ഇതുസംബന്ധിച്ച് തദ്ദേശ വകുപ്പ് സെക്രട്ടറി സര്‍ക്കുലർ ഇറക്കിയിരുന്നു. ഇത് നടപ്പായാൽ ഒരു തദ്ദേശ സ്ഥാപന പരിധിയിൽ ഒരുവർഷം പത്തു വനിതകളെങ്കിലും ഈ തൊഴിൽരംഗത്ത് വരേണ്ടതായിരുന്നു. എന്നാൽ, ലക്ഷ്യപ്രാപ്തിക്ക് അരികിലെത്താൻപോലും കഴിഞ്ഞില്ല. പൊതുവിപണിയേക്കാള്‍ കുറഞ്ഞ വിലയ്ക്ക് ഓട്ടോറിക്ഷകൾ ലഭ്യമാക്കുക, ഡ്രൈവര്‍മാര്‍ക്ക് പരിശീലനം നല്‍കുക, സബ്സിഡി കഴിച്ചുള്ള തുക ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് കുറഞ്ഞ നിരക്കില്‍ ലഭ്യമാക്കുക എന്നീ തീരുമാനങ്ങളുടെ അടിസ്ഥാനത്തിൽ തദ്ദേശവകുപ്പ് പ്രതിനിധികളും സ്റ്റേറ്റ് പെര്‍ഫോമന്‍സ് ഓഡിറ്റ് ഓഫിസറും കുടുംബശ്രീ പ്രതിനിധികളും ചര്‍ച്ച നടത്തി കുറഞ്ഞ നിരക്ക് കണക്കാക്കാനും നിശ്ചിയിച്ചതാണ്. പദ്ധതി ചിലയിടങ്ങളിൽ നടപ്പാക്കാൻ ശ്രമിച്ചെങ്കിലും ഗുണഭോക്താക്കളില്ലെന്ന് കണ്ടെത്തി ഉപേക്ഷിച്ചു. നടപ്പായ ചിലയിടങ്ങളിലാകെട്ട വനിതകൾക്ക് തൊഴിൽ കിട്ടിയില്ല. ഒാട്ടോറിക്ഷ എടുത്തവർ പുറത്തുനിന്ന് ആളെ വെച്ച് വാഹനം ഒാടിക്കാൻ തുടങ്ങി. പത്തുശതമാനത്തില്‍ അധികരിക്കാത്ത നിരക്കില്‍ ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പ എടുക്കലും ഡ്രൈവിങ് പരിശീലനം, ലൈസന്‍സ്, ബാഡ്ജ് എന്നിവ എടുക്കുന്നതിനുള്ള നടപടികളും കുടുംബശ്രീയെ ഏൽപിച്ചിരുന്നു. വാഹനത്തി​െൻറ ഒരുവര്‍ഷത്തെ ആക്സിഡൻറ് ഇന്‍ഷുറന്‍സ് സൗജന്യമായി നല്‍കാനും സമയാസമയങ്ങളിലെ അറ്റകുറ്റപ്പണി, ഒരു വര്‍ഷത്തേക്ക് സൗജന്യ സർവിസ്, കസ്റ്റമർ കെയർ സര്‍വിസ് തുടങ്ങിയവ സംബന്ധിച്ചും വ്യക്തത വരുത്തിയിരുന്നു. ഇത്രയേറെ നടപടികള്‍ പൂര്‍ത്തിയാക്കിയിട്ടും ലക്ഷ്യമിട്ടപോലെ തൊഴിൽ മേഖലയിലേക്ക് വനിതകളെ കിട്ടാതെ പദ്ധതി പാതിവഴിയിലാണ്. ഇ. ഷംസുദ്ദീൻ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.