വിദ്യാഭ്യാസ വായ്പ നൽകുന്നതിൽ ബാങ്കുകൾ ഉദാര സമീപനം സ്വീകരിക്കണം –കലക്ടർ

പാലക്കാട്: വിദ്യാഭ്യാസവായ്പ നൽകുന്നതിൽ ബാങ്കുകൾ ഉദാര സമീപനം സ്വീകരിക്കണമെന്ന് ജില്ല കലക്ടർ ഡി. ബാലമുരളി. ജില്ലതല ബാങ്കിങ് അവലോകനസമിതി യോഗത്തിലാണ് ജില്ല കലക്ടർ ഇക്കാര്യം പറഞ്ഞത്. പുതിയ അധ്യയനവർഷം ലഭിക്കുന്ന വിദ്യാഭ്യാസ വായ്പ അപേക്ഷകളിൽ അർഹരായവർക്ക് ആവശ്യമായ തുക അനുവദിക്കണം. വായ്പ നടപടികൾ ലളിതമാക്കാനും വിദ്യാർഥികൾക്ക് ബോധവത്കരണം നൽകാനും ബാങ്ക് അധികൃതർ മുൻകൈയെടുക്കണം. ചെറുകിട വ്യാവസായിക മേഖലക്കായുള്ള മുദ്ര ലോണുകൾ കൂടുതലായി അനുവദിക്കണമെന്നും കലക്ടർ യോഗത്തിൽ ആവശ്യപ്പെട്ടു. 2017-18 സാമ്പത്തികവർഷം ജില്ലയിൽ 14080 കോടി വായ്പ വിതരണം ചെയ്ത് ജില്ല വായ്പ പദ്ധതിയുടെ 98 ശതമാനം ലക്ഷ്യംനേടി. കാർഷിക മേഖലക്ക് 5275 കോടിയും വ്യാവസായിക മേഖലക്ക് 3527 കോടിയും മറ്റ് മുൻഗണന മേഖലക്ക് 2097 കോടിയും മുൻഗണന മേഖലക്ക് 10899 കോടിയും മുൻഗണനേതര മേഖലക്ക് 3181 കോടിയും വായ്പ നൽകി. ജില്ലയിലെ വായ്പ-നിക്ഷേപ അനുപാതം 67 ശതമാനമാണ്. 440 വിദ്യാഭ്യാസ വായ്പ അപേക്ഷയിൽ 9.3 കോടി വായ്പ അനുവദിച്ചു. 2333 സ്വയം സഹായ സംഘങ്ങൾക്ക് 59.6 കോടി നൽകി. ജില്ലയിലെ കർഷകർക്ക് കഴിഞ്ഞ മൂന്ന് മാസത്തിനിടയിൽ 23137 കിസാൻ െക്രഡിറ്റ് കാർഡുകൾ വഴി 257.32 കോടിയും മുദ്ര ലോൺ വിഭാഗത്തിൽ 15828 അപേക്ഷകളിൽ 97.20 കോടിയും അനുവദിച്ചതായി യോഗം വിലയിരുത്തി. ഹോട്ടൽ ഗസാലയിൽ നടന്ന അവലോകനയോഗത്തിൽ ലീഡ് ഡിസ്ട്രിക്ട് മാനേജർ ഡി. അനിൽ, കനറ ബാങ്ക് അസി. ജനറൽ മാനേജർ സി.എം. ഹരിലാൽ, റിസർവ് ബാങ്ക് പ്രതിനിധി ഹരിദാസ്, നബാർഡ് ഡി.ഡി.എം രമേഷ് വേണുഗോപാൽ, വിവിധ വകുപ്പ് ജില്ലതല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.