ചിറ്റൂർ: വണ്ടിത്താവളം നന്ദിയോടിൽ സി.പി.എം-ജനതാദൾ സംഘർഷം. സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കത്തിൽ ഇടപെടാനെത്തിയ ഇരു രാഷ്ട്രീയ പാർട്ടികളിലെ ആളുകൾ തമ്മിൽ തർക്കത്തിലേർപ്പെടുകയും പിന്നീടത് ൈകയേറ്റത്തിലെത്തുകയുമായിരുന്നു. തിങ്കളാഴ്ച വൈകീട്ട് 3.30ഓടെ നന്ദിയോട് കവറത്തോടിലാണ് സംഭവം. സഹോദരങ്ങൾ തമ്മിലുള്ള സ്വത്ത് തർക്കത്തെയും താലൂക്ക് വികസന സമിതിയിലെ പരാതിയെയും തുടർന്ന് വില്ലേജ് ഓഫിസർ സ്ഥലം അളന്നു തിട്ടപ്പെടുത്താനെത്തിയിരുന്നു. നന്ദിയോട് സ്വദേശികളായ കലാധരൻ, മോഹൻദാസ് എന്നീ സഹോദരങ്ങൾ തമ്മിലായിരുന്നു തർക്കം. തർക്കം തുടർന്നതോടെ സ്ഥലം അളക്കാൻ തയാറാകാതെ വില്ലേജ് ഓഫിസർ പിൻവാങ്ങി. മധ്യസ്ഥം വഹിക്കാനെത്തിയ ജനതാദൾ പ്രവർത്തകനായ വണ്ടിത്താവളം ഒടുകുറിഞ്ഞി സ്വദേശിയായ സുലൈമാനെ (55) ഒരുകൂട്ടം സി.പി.എം പ്രവർത്തകർ മർദിക്കുകയായിരുന്നു. ഇരുമ്പുവടി കൊണ്ട് തലക്കേറ്റ മർദനത്തെത്തുടർന്ന് പരിക്കേറ്റ സുലൈമാനെ വിളയോടിയിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലെ പ്രാഥമിക ചികിത്സക്കു ശേഷം കൂടുതൽ ചികിത്സക്കായി പാലക്കാട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിൽ പരിക്കേറ്റ കലാധരെൻറ ഭാര്യ വാസന്തിയെ (45) ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.