നാടുകാണി ചുരത്തിലെ സംരക്ഷണ ഭിത്തി റോഡിലേക്കുള്ള മലയിടിച്ചിൽ തടഞ്ഞു

നിലമ്പൂർ: അന്തർസംസ്ഥാന പാതയായ നാടുകാണി ചുരം റോഡരികിലുള്ള പ്രൊട്ടക്ഷൻ വാൾവ് നിർമാണം മലയിടിച്ചിൽ സാധ‍്യത കുറച്ചു. നാടുകാണി-പരപ്പനങ്ങാടി റോഡ് നവീകരണവുമായി ബന്ധപ്പെട്ടാണ് ചുരത്തിലെ സംരക്ഷണഭിത്തി നിർമാണം. മണ്ണിടിച്ചിൽ സാധ‍്യതയുള്ള ഭാഗങ്ങളിൽ റോഡിനിരുവശവും കോൺക്രീറ്റ് സംരക്ഷണ ഭിത്തി നിർമിക്കുന്നുണ്ട്. റോഡി‍​െൻറ മുകൾ ഭാഗത്തെ നിർമാണം ഏറെക്കുറെ പൂർത്തിയായി വരികയാണ്. കഴിഞ്ഞ വർഷകാലങ്ങളിൽ മലയിടിച്ചിലുണ്ടായ ഭാഗങ്ങളിൽ സംരക്ഷണ ഭിത്തികളുടെ നിർമാണം മുക്കാൽ ഭാഗവും പൂർത്തിയായി. അഞ്ച് അടി ഉയരത്തിലാണ് റോഡി‍​െൻറ മുകൾ ഭാഗത്ത് ഭിത്തികൾ നിർമിക്കുന്നത്. റോഡി‍​െൻറ മറുഭാഗത്ത് ഭൂമിയുടെ കിടപ്പ് അനുസരിച്ചുള്ള സംരക്ഷണഭിത്തിയാണ് നിർമിച്ചുവരുന്നത്. കനത്ത മഴയിൽ പലയിടങ്ങളിലും ഉരുൾപൊട്ടലുണ്ടായിട്ടും മലയിടിച്ചിൽ തീവ്രതയേറിയ നാടുകാണി ചുരത്തിൽ ഇക്കുറി മണ്ണിടിച്ചിൽ മൂലം ഗതാഗത തടസ്സം ഉണ്ടായിട്ടില്ല. കഴിഞ്ഞ വർഷങ്ങളിൽ നിരവധി തവണ മണ്ണിടിഞ്ഞ് ഗതാഗതം മുടങ്ങിയിരുന്നു. മരങ്ങൾ വീണുള്ള തടസ്സമാണ് ഇത്തവണയുണ്ടായത്. 2007ൽ കല്ലള ഭാഗത്തുണ്ടായ ഭൂമി നിരങ്ങി നീങ്ങൽ പ്രതിഭാസം, ഉരുൾപൊട്ടൽ എന്നിവയെ തുടർന്ന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത‍്യ ചുരത്തിലെത്തി സമഗ്രപഠനം നടത്തിയിരുന്നു. രാജ‍്യത്ത് മലയിടിച്ചിൽ ഭീഷണിയേറിയ പത്ത് പർവതപ്രദേശങ്ങളിൽ ഒന്ന് നാടുകാണി ചുരമാണെന്നായിരുന്നു ജി.എസ്.െഎയുടെ പഠനത്തിലെ കണ്ടെത്തൽ. എട്ട് സെ.മീറ്റർ അളവിൽ തുടർച്ചയായി മഴയുണ്ടായാൽ ചുരത്തിൽ മലയിടിച്ചിലുണ്ടാവുമെന്നായിരുന്നു പഠന റിപ്പോർട്ട്. പരിഹാരമായി കേന്ദ്ര-സംസ്ഥാന സർക്കാറുകൾക്ക് സമർപ്പിച്ച റിപ്പോർട്ടിൽ പ്രധാനമായും റോഡി‍​െൻറ മുകൾ ഭാഗത്ത് പ്രൊട്ടക്ഷൻ വാൾവ് സ്ഥാപിക്കണമെന്നായിരുന്നു. റോഡിലൂടെയുള്ള മഴവെള്ളത്തി‍​െൻറ ഒഴുക്ക് തടഞ്ഞ് ഓവുചാൽ വഴിയോ പൈപ്പുകൾ സ്ഥാപിച്ചോ സമീപങ്ങളിലെ അരുവികളിലേക്ക് ഒഴുക്കിവിടണമെന്നായിരുന്നു നിർദേശം. ജി.എസ്.ഐയുടെ പഠനറിപ്പോർട്ട് കൂടി കണക്കിലെടുത്താണ് ചുരത്തിലെ പാത നവീകരണം പുരോഗമിക്കുന്നത്. സംരക്ഷണ ഭിത്തികൾ നിർമിച്ച ഭാഗങ്ങളിൽ ഇതുവരെ മണ്ണിടിച്ചിലുണ്ടായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.