ഫെഡറൽ സംവിധാനം തകർക്കാൻ കേന്ദ്ര ശ്രമമെന്ന് മുഖ്യമന്ത്രിമാർ ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയനും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയും രാഷ്ട്രീയ ശത്രുത മാറ്റിവെച്ച് ഒരു വേദിയിൽ; ഒരേ ലക്ഷ്യത്തിൽ. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ പിന്തുണച്ച് നടത്തിയ സംയുക്ത നീക്കമാണ് ഇതിന് നിമിത്തമായത്. ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡു, കർണാടക മുഖ്യമന്ത്രി കുമാരസ്വാമി എന്നിവർക്കൊപ്പം അവർ ഗവർണറുമായി കൂടിക്കാഴ്ചക്ക് കത്തെഴുതി. കെജ്രിവാളിെൻറ വസതിയിലെത്തി ഭാര്യ സുനിതയെ കണ്ടു. സംയുക്ത വാർത്തസമ്മേളനം നടത്തി. ദേശീയ രാഷ്ട്രീയത്തിൽ തൃണമൂലും സി.പി.എമ്മും ഒന്നിച്ചേക്കാമെന്ന സൂചന കൂടിയായി അത്. ഗവർണറുമായി കൂടിക്കാഴ്ചക്ക് നാലുപേരും ഒപ്പിട്ട കത്ത് നൽകിയെങ്കിലും രാത്രി വൈകുംവരെ അനുമതി കിട്ടിയില്ല. ഗവർണർ വസതിയിൽ ഇല്ലാത്തതിനാൽ തീരുമാനമെടുക്കാൻ കഴിയുന്നില്ല എന്ന വിശദീകരണമാണ് മുഖ്യമന്ത്രിമാർക്ക് കിട്ടിയത്. തുടർന്ന് കെജ്രിവാളിെൻറ വസതിയിൽ നടത്തിയ വാർത്തസമ്മേളനത്തിൽ കേന്ദ്രസർക്കാറിനെയും ഗവർണറെയും രൂക്ഷമായി വിമർശിച്ചു. കേന്ദ്രസമീപനം ജനാധിപത്യത്തിനും ഫെഡറൽ സംവിധാനത്തിനും നിരക്കുന്നതല്ലെന്ന് പിണറായി പറഞ്ഞു. ഫെഡറൽ സംവിധാനം തകർക്കാനുള്ള ശ്രമം രാജ്യത്തിന് ഭീഷണിയാണ്. സമരം ചെയ്യുന്ന ഡൽഹി മുഖ്യമന്ത്രിക്ക് രാജ്യത്തിെൻറ പിന്തുണയുണ്ടെന്ന് പിണറായി പറഞ്ഞു. ഗവർണറുടെ ഒാഫിസിനു മുന്നിൽ മുഖ്യമന്ത്രി ആറു ദിവസമായി സത്യഗ്രഹം ചെയ്യുന്നത് കേന്ദ്രസർക്കാർ എങ്ങനെയാണ് കണ്ടില്ലെന്നു നടിക്കുന്നതെന്ന് മമത ചോദിച്ചു. ഡൽഹിയിൽ വൈദ്യുതി ക്ഷാമവും മലിനീകരണ പ്രശ്നവും രൂക്ഷമാണെങ്കിലും നടപടി എടുക്കാൻ കഴിയുന്നില്ല. ഭരണഘടന പ്രതിസന്ധിയാണ് ഡൽഹി നേരിടുന്നത്. കേന്ദ്രസർക്കാറും ഗവർണറും ജനങ്ങൾക്കു മേൽ പ്രതിസന്ധി അടിച്ചേൽപിക്കരുത്. ആപ് സർക്കാറിന് അനുകൂലമായ ജനവിധി മാനിക്കണം. ജനതാൽപര്യം മുൻനിർത്തി പ്രവർത്തിക്കാൻ സംസ്ഥാന സർക്കാറിനെ അനുവദിക്കണെമന്ന് ചന്ദ്രബാബു നായിഡു പറഞ്ഞു. ഗവർണറുമായി കൂടിക്കാഴ്ചക്ക് നാലു മുഖ്യമന്ത്രിമാർ ചേർന്ന് അനുമതി ചോദിച്ചാൽ മറുപടി കിട്ടാതെ വരുന്നത് അസാധാരണമാണ്. ഡൽഹി സർക്കാർ ഉന്നയിക്കുന്ന വിഷയം ന്യായമാണ്. എന്നാൽ, കേന്ദ്രം രാഷ്ട്രീയം കളിക്കുകയാണ്. പ്രധാനമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കുമാരസ്വാമി ആവശ്യപ്പെട്ടു. Photo Caption CMsingature.jpeg അരവിന്ദ് കെജ്രിവാൾ വിഷയത്തിൽ നിവേദനം നൽകാനായി സമയം അനുവദിക്കണമെന്ന് അഭ്യർഥിച്ച് ഡൽഹി ലെഫ്. ഗവർണർ അനിൽ ബൈജാലിന് നൽകിയ കത്തിൽ മുഖ്യമന്ത്രിമാരായ ചന്ദ്രബാബു നായിഡു, കുമാരസ്വാമി, പിണറായി വിജയൻ, മമത ബാനർജി എന്നിവർ ഒപ്പിട്ടപ്പോൾ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.