റമദാൻ വിശേഷം

നരക വിമോചനത്തി​െൻറ നാളുകൾ പ്രാർഥന നിർഭരം റമദാൻ അവസാന ദിവസങ്ങളിലേക്ക് കടന്നതോടെ നരക വിമോചനവും സ്വർഗപ്രവേശനവും പ്രതീക്ഷിച്ച് കനം തൂങ്ങിയ ഹൃദയവും കരഞ്ഞുകലങ്ങിയ കണ്ണുകളുമായി വിശ്വാസികൾ. പള്ളികളും വീടുകളും പ്രാർഥനകളുടെയും ഖുർആൻ പാരായണത്തി​െൻറയും നിറവിലാണ്. അവസാന വെള്ളിയാഴ്ചയാവാൻ സാധ്യതയുള്ളതിനാൽ ഇന്നലെ പള്ളികൾ പ്രാർഥന നിർഭരമായ മനസ്സുകളുമായി നിറഞ്ഞുകവിഞ്ഞു. പതിവിൽ കവിഞ്ഞ തിരക്കാണ് എല്ലായിടത്തും അനുഭവപ്പെട്ടത്. ശവ്വാൽ മാസപ്പിറവി കാണുകയാണെങ്കിൽ അടുത്ത വെള്ളിയാഴ്ച ചെറിയ പെരുന്നാളായിരിക്കും. അതുകൊണ്ടുതന്നെ ജുമുഅ നമസ്കാരത്തിനും രാത്രി നമസ്കാരത്തിനുമൊക്കെ സ്ത്രീകളും കുട്ടികളുമടക്കം വൻ ജനാവലിയാണ് പള്ളികളിലെത്തിയത്. ജുമുഅ ഖുതുബകളിലെല്ലാം നിറഞ്ഞുനിന്നത് പാപമോചനത്തി​െൻറയും നരകമുക്തിയുടേയും സന്ദേശങ്ങളായിരുന്നു. തെറ്റു ചെയ്തവർക്ക് പശ്ചാത്തപിക്കാനുള്ള സുവർണാവസരമാണിതെന്നും അത് പരമാവധി ഉപയോഗപ്പെടുത്തണമെന്നും ഇമാമുമാർ ഉദ്ബോധിപ്പിച്ചു. പെരുന്നാൾ ദിനത്തിൽ നൽകേണ്ട ഫിത്ർ സകാത്ത് സംബന്ധിച്ചും പെരുന്നാൾ നമസ്കാര സമയത്തെക്കുറിച്ചും മിക്ക പള്ളികളിലും അറിയിപ്പുകൾ നൽകി. തിരക്കൊഴിവാക്കാൻ പലരും നേരത്തേതന്നെ പള്ളികളിൽ സ്ഥലം പിടിച്ചു. ഖുർആൻ പാരായണവും പ്രാർഥനകളുംകൊണ്ട് അകത്തളങ്ങൾ മുഖരിതമായി. അവസാന നാളുകളിൽ മുഴുസമയവും പള്ളിയിൽ ഇഅ്തികാഫ് (ഭജന) ഇരിക്കുന്നവരും നിരവധിയുണ്ട്. ഇനിയുള്ള ദിവസങ്ങളിൽ പരമാവധി പുണ്യം വാരിക്കൂട്ടി റമദാന് വിടചൊല്ലാനുള്ള ഒരുക്കത്തിലാണ് വിശ്വാസികൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.