പെരിന്തൽമണ്ണ: നഗരസഭ തയാറാക്കി സമർപ്പിച്ച ഡി.പി.ആർ പ്രകാരം ആധുനിക മാംസ സംസ്കരണ പ്ലാൻറിന് കിഫ്ബിയിൽനിന്ന് 11 കോടി രൂപ അനുവദിച്ചു. കിഫ്ബി ഡയറക്ടർ ബോർഡ് യോഗത്തിലാണ് എല്ലാ സാങ്കേതിക നടപടികളും പൂർത്തിയാക്കിയ പദ്ധതിക്ക് അന്തിമ അംഗീകാരം നൽകിയത്. ജൂണിൽതന്നെ ടെൻഡർ നടപടികൾ ആരംഭിച്ച് ഒരു വർഷത്തിനകം പദ്ധതി പൂർത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരസഭയുടെ രജത ജൂബിലി മിഷൻ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മാംസ സംസ്കരണ പ്ലാൻറിന് വിശദ പദ്ധതി റിപ്പോർട്ട് തയാറാക്കി കിഫ്ബിക്ക് സമർപ്പിച്ചത്. മീറ്റ് പ്രോഡക്ട്സ് ഓഫ് ഇന്ത്യയുടെ മുൻ എം.ഡി ഡോ. പി.വി. മോഹനനാണ് ഡി.പി.ആർ തയാറാക്കിയത്. ആറു മാസമായി കിഫ്ബിയുടെ വിവിധ സാങ്കേതിക പരിശോധനകൾ നടന്നുവരികയായിരുന്നു. എല്ലാ ഘടകങ്ങളും പൂർണമായ പരിശോധനക്ക് വിധേയമാക്കിയ ശേഷമാണ് അന്തിമ അംഗീകാരം നേടി ടെൻഡർ നടപടികളിലേക്ക് കടക്കുന്നത്. യന്ത്രങ്ങളുടെ സഹായത്തോടെ ഹലാൽ രീതിയിൽ മൃഗങ്ങളെ കശാപ്പു ചെയ്ത് ശാസ്ത്രീയമായി മാംസമാക്കി മാറ്റുന്നതാണ് പ്ലാൻറ് പ്രവർത്തനം. മലിനജല സംസ്കരണത്തിനായി പ്രതിദിനം 60,000 ലിറ്റർ വെള്ളം ശുചീകരിക്കാനുള്ള സംവിധാനവും അവശിഷ്ടവും എല്ലും പൊടിയാക്കുന്ന റെൻറിങ് പ്ലാൻറും പദ്ധതിയിലുണ്ട്. പ്രതിദിനം 100 മുതൽ 200 വരെ വലിയ മൃഗങ്ങളെയും 50 മുതൽ 100 വരെ ചെറിയ മൃഗങ്ങളെയും കശാപ്പ് ചെയ്യാൻ ആവശ്യമായ സംവിധാനങ്ങളുണ്ടാകും. മലിനീകരണ നിയന്ത്രണബോർഡ്, ടൗൺ പ്ലാനിങ്, ബോയിലർ ആൻഡ് ഫാക്ടറിസ്, ഫയർ ആൻഡ് റെസ്ക്യൂ, ഭക്ഷ്യസുരക്ഷ വകുപ്പ് എന്നിവയുടെ അനുമതിയോടെയാണ് പ്ലാൻറ് പ്രവർത്തിക്കുക. അറവ് മാലിന്യം മുഴുവൻ പ്ലാൻറിൽ സംസ്കരിക്കാനാവും. പ്ലാൻറ് സ്ഥാപിതമാകുന്നതോടെ പരിസര ശുചിത്വത്തിന് എല്ലാ സംവിധാനങ്ങളും ഏർപ്പെടുത്തിയ നഗരമായി പെരിന്തൽമണ്ണ മാറും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.