നിലമ്പൂർ: സതേൺ റെയില്‍വേയുടെ പാലക്കാട് ഡിവിഷൻ മാനേജര്‍ പ്രതാപ് സിങ് സമി നിലമ്പൂര്‍ റെയില്‍വേ സ്‌റ്റേഷന്‍ സന്ദര്‍ശിച്ചു. സ്‌റ്റേഷനുമായി ബന്ധപ്പെട്ട വികസനകാര‍്യങ്ങളും പ്രശ്നങ്ങളും വിലയിരുത്താനായിരുന്നു സന്ദർശനം. സ്‌റ്റേഷനില്‍ പി.വി. അബ്ദുൽ വഹാബ് എം.പിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. നിലമ്പൂര്‍-ഷൊര്‍ണൂര്‍ ലൈനില്‍ രാമംകുത്തിലെ നിർദിഷ്ട സബ്‌വേ രണ്ട് ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കുമെന്ന് മാനേജര്‍ പറഞ്ഞു. അപ്രോച് റോഡുള്‍പ്പെടെ രണ്ടര കോടിയോളം രൂപയാണ് ചെലവ് കണക്കാക്കുന്നത്. ആദ്യഘട്ട പ്രവൃത്തികള്‍ക്കായി ഒരു കോടിയോളം രൂപ സ്വരൂപിച്ച് നല്‍കാമെന്ന് പി.വി. അബ്ദുൽ വഹാബ് എം.പി ഉറപ്പ് നല്‍കി. 50 ലക്ഷം രൂപ എം.പി ഫണ്ടില്‍നിന്ന് നല്‍കും. സബ്‌വേ പദ്ധതി പൂര്‍ത്തിയാക്കാന്‍ നഗരസഭ പത്തുലക്ഷം രൂപ വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ നീക്കിവെച്ചിരുന്നു. കൂടാതെ 25 ലക്ഷം രൂപകൂടി ഈ വര്‍ഷം ഉള്‍പ്പെടുത്തിയിട്ടുണ്ട്. രണ്ടുലക്ഷം രൂപകൂടി അധികം അനുവദിക്കും. അവശേഷിക്കുന്ന തുക എം.എല്‍.എയുടെയും പൊതുപങ്കാളിത്തത്തോടെയും കണ്ടെത്തി ലഭ്യമാക്കാമെന്നും വഹാബ് മാനേജർക്ക് ഉറപ്പുനല്‍കി. അടിയന്തരമായി പ്രവൃത്തി തുടങ്ങാനുള്ള നടപടികള്‍ സ്വീകരിക്കണമെന്ന് ഉദ്യോഗസ്ഥർക്ക് മാനേജർ നിർദേശം നൽകിയിട്ടുണ്ട്. എം.പിക്ക് പുറമെ നഗരസഭാധ്യക്ഷ പത്മിനി ഗോപിനാഥ്, കൗൺസിലർ മുജീബ് ദേവശ്ശേരി, നിലമ്പൂര്‍-മൈസൂര്‍ കർമസമിതി സെക്രട്ടറി ജോഷ്വാ കോശി, വി. ഉമ്മര്‍കോയ, റെയില്‍വേ ഡിവിഷനല്‍ ഫിനാന്‍സ് മാനേജര്‍, ഓപറേഷന്‍സ് മാനേജര്‍ തുടങ്ങിയവരും ചര്‍ച്ചകളില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.