മഞ്ചേരി: സ്കൂളുകൾ തുറന്നിട്ടും ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലംമാറ്റത്തിന് നടപടികളായില്ല. രണ്ടു വർഷമായി ഹയർ സെക്കൻഡറി സ്കൂളുകളിൽ സ്ഥലംമാറ്റം നടന്നിട്ടില്ല. കഴിഞ്ഞ വർഷം കരട് പട്ടിക പുറത്തിറക്കിയെങ്കിലും മാനദണ്ഡങ്ങൾക്കു വിരുദ്ധമായ നിരവധി അപാകതകൾ ചൂണ്ടിക്കാണിക്കപ്പെട്ടതിനാൽ കോടതി ഇടപെട്ട് റദ്ദാക്കുകയായിരുന്നു. മാനദണ്ഡങ്ങൾ പുതുക്കി നിശ്ചയിച്ച് പുതിയ അപേക്ഷകൾ സ്വീകരിക്കാൻ കോടതി നിർദേശിച്ചതാണ്. അധ്യാപക സംഘടനകളുമായുള്ള ചർച്ചയിൽ മധ്യവേനലവധിക്കു മുമ്പായി അപേക്ഷ സ്വീകരിച്ച് അവധിക്കാലത്തുതന്നെ സ്ഥലംമാറ്റത്തിനുള്ള കരട് പട്ടികയും തുടർന്ന് പരാതി പരിഹരിച്ചുള്ള അന്തിമപട്ടികയും പ്രസിദ്ധീകരിക്കാൻ ധാരണയായതാണ്. സ്കൂൾ അടക്കുംമുമ്പ് ഓൺലൈൻ അപേക്ഷകൾ സ്വീകരിച്ചെങ്കിലും മധ്യവേനലവധി കഴിഞ്ഞിട്ടും കരട് പട്ടിക പോലും പുറത്തിറക്കിയിട്ടില്ല. സംസ്ഥാനതല നിയമനമായതിനാൽ സ്ഥലംമാറ്റം ലഭിക്കുന്നത് സ്വന്തം ജില്ലയിലേക്കോ മറ്റേതെങ്കിലും ജില്ലയിലേക്കോ ആകാം. അതുകൊണ്ടുതന്നെ മിക്ക അധ്യാപകരും ഇപ്പോൾ ആശയക്കുഴപ്പത്തിലാണ്. സ്ഥലംമാറ്റം പ്രതീക്ഷിച്ച് മക്കളെ സ്കൂളുകളിൽ ചേർക്കാതെയും യൂണിഫോം എടുക്കാതെയും കാത്തിരിക്കുന്നവരുമുണ്ട്. അവധിക്കാലത്ത് സ്ഥലംമാറ്റം നടന്നിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നു. അഞ്ചു വർഷം സ്വന്തം ജില്ലയിൽ സേവനം പൂർത്തിയാക്കിയവർ അതേ തസ്തികയിലേക്ക് മറ്റു അപേക്ഷകരുണ്ടെങ്കിൽ നിർബന്ധമായി മാറിക്കൊടുക്കേണ്ടി വരുമെന്നതിനാൽ കൂടുതൽ പേർക്ക് ഇത്തവണ സ്ഥലംമാറ്റമുണ്ടാകും. അധ്യയന വർഷത്തിെൻറ മധ്യത്തിൽ സ്ഥലംമാറ്റുന്നത് വിദ്യാർഥികൾക്കും അധ്യാപകർക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കും. ഇ. ഷംസുദ്ദീൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.