വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് ആക്ഷേപം പൂക്കോട്ടുംപാടം: മനോരോഗിയായ വയോധികയുടെ ദയനീയാവസ്ഥ കണ്ട് കുടുംബശ്രീ സ്നേഹിത പ്രവര്‍ത്തകര്‍ തവനൂര്‍ റസ്ക്യൂ ഹോമിലെത്തിച്ച രോഗിക്ക് വേണ്ടത്ര പരിഗണന നല്‍കിയില്ലെന്ന് ആക്ഷേപം. തേള്‍പ്പാറ അറനാടന്‍കൈ തെയ്യംവീട്ടില്‍ ലക്ഷ്മിയാണ് (87) ദേഹമാസകലം വ്രണങ്ങളുമായി വീട്ടില്‍ തിരിച്ചെത്തി നരകയാതന അനുഭവിക്കുന്നത്. ഭര്‍ത്താവും മകളും മരിച്ചതോടെ അനാഥയായ ലക്ഷ്മി സഹോദരനായ സ്വാമിനാഥെൻറ സംരക്ഷണയിലായിരുന്നു. എന്നാല്‍, വയോധികരായ സ്വാമിനാഥനും ഭാര്യക്കും മാനസിക രോഗികൂടിയായ ലക്ഷ്മിയെ പരിചരിക്കുക പ്രയാസമായിരുന്നു. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് അസുഖങ്ങളെകൊണ്ടു പൊറുതിമുട്ടിയ ലക്ഷ്മിയുടെയും വീട്ടുകാരുടെയും ദുരവസ്ഥയറിഞ്ഞു കുടുംബശ്രീയുടെ സ്നേഹിത പ്രവര്‍ത്തകര്‍ അറനാടന്‍കൈയിലെത്തിയത്. തുടര്‍ന്ന്‍ ആര്‍.ഡി.ഒയുടെ നിർദേശപ്രകാരം പൂക്കോട്ടുംപാടം പൊലീസിെൻറ സഹായത്തോടെയാണ് ഇവരെ തവനൂരുള്ള സര്‍ക്കാര്‍ റസ്ക്യൂ ഹോമിലെത്തിച്ചത്. എന്നാല്‍, ലക്ഷ്മിക്ക് മാനസിക വൈകല്യമുള്ളതിനാല്‍ തവനൂരില്‍നിന്ന് കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ദിവസങ്ങള്‍ക്ക് ശേഷം ലക്ഷ്മിയെ കാണാനെത്തിയ ബന്ധുക്കളുടെ നിർദേശപ്രകാരം കുതിരവട്ടത്തുനിന്ന് തവനൂരിലും തുടര്‍ന്ന്‍ വീട്ടിലെത്തിക്കുകയുമായിരുന്നു. തിരിച്ചെത്തിയ ലക്ഷ്മിയുടെ ദേഹത്ത് മുറിവുകള്‍ ഉണ്ടാവുകയും പരിചരിക്കാനാവാതെ വയോധികരായ സഹോദരനും ഭാര്യയും ഏറെ വിഷമിക്കുകയുമാണ്. എന്നാല്‍, വയോധികയായ ലക്ഷ്മിയെ തവനൂരിലെത്തിച്ച കുടുംബശ്രീ സ്നേഹിത പ്രവര്‍ത്തകരും തിരിഞ്ഞു നോക്കിയില്ല എന്ന പരാതിയാണ് സ്വാമിനാഥനും ബന്ധുക്കള്‍ക്കുമുള്ളത്. ഇത്തരം രോഗികളെ കണ്ടെത്തി റസ്ക്യൂ കേന്ദ്രങ്ങളില്‍ എത്തിക്കുക മാത്രമാണ് സ്നേഹിതയുടെ കടമയെന്നും പരിപാലനവും മറ്റും കേന്ദ്രങ്ങളുടെ ചുമതലയാണെന്നുമാണ് സ്നേഹിത പ്രവര്‍ത്തകര്‍ പറയുന്നത്. ബന്ധുക്കള്‍ പഞ്ചായത്ത് പ്രസിഡൻറിനെ കണ്ട് പരാതി അറിയിച്ചതിനെ തുടര്‍ന്ന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. സുജാത, പഞ്ചായത്ത് അംഗങ്ങളായ സുരേഷ് കുമാര്‍ കളരിക്കല്‍, കെ. ശോഭന, കെ. അജിഷ, സുധാമണി തുടങ്ങിയവര്‍ സ്ഥലം സന്ദര്‍ശിച്ചു. കൂടാതെ അമരമ്പലം മെഡിക്കല്‍ ഓഫിസര്‍ ഡോ. പര്‍വീനും പരിരക്ഷ പ്രവര്‍ത്തകരും ലക്ഷ്മിയുടെ ദേഹത്തെ മുറിവുകള്‍ ശുചീകരിച്ചു മരുന്ന് നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.