എടക്കര: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി മാറിയ കാട്ടാനകളെ ഒരുമാസത്തിനകം പിടികൂടുമെന്ന് പി.വി. അന്‍വര്‍ എം.എൽ.എ. ഇതിന് കഴിയാത്തപക്ഷം ജനകീയ സമരരംഗത്ത് താനുമുണ്ടാകുമെന്നും എം.എൽ.എ പറഞ്ഞു. കാട്ടാനശല്യം രൂക്ഷമായി തുടരുന്ന ജനവാസ കേന്ദ്രങ്ങളോട് ചേര്‍ന്നുള്ള വനാതിര്‍ത്തികളില്‍ രണ്ട് കോടി രൂപയുടെ കരിങ്കല്‍ മതില്‍ നിര്‍മിക്കും. അവശേഷിക്കുന്ന ഭാഗങ്ങളില്‍ ഒമ്പതര കിലോമീറ്റര്‍ ദൂരത്തില്‍ ട്രഞ്ച്, നൂതന രീതിയില്‍ സോളാര്‍ ഫെന്‍സിങ്ങും നിര്‍മിക്കും. ഇതിന് എം.എൽ.എ ഫണ്ട് ഉപയോഗപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം മൂത്തേടം പഞ്ചായത്തിലെ വട്ടപ്പാടം ജനവാസകേന്ദ്രത്തിലെത്തിയ കാട്ടാന യുവാവിനെ ആക്രമിച്ച് കൊലപ്പെടുത്തിയ സാഹചര്യത്തില്‍ മൂത്തേടത്ത് അടിയന്തരമായി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളിയാഴ്ച രാവിലെ പത്തരക്ക് കാരപ്പുറത്തെ പഞ്ചായത്ത് ഓഫിസ് ഹാളിലായിരുന്നു യോഗം. വന്യമൃഗശല്യംമൂലം വിളകള്‍ നഷ്ടപ്പെടുന്ന കര്‍ഷകനുള്ള നഷ്ടപരിഹാരത്തുക തുച്ഛമാണെന്നും ഇത് വര്‍ധിപ്പിക്കാനാവശ്യമായ നീക്കം നടത്തുമെന്നും, പ്രദേശത്ത് അടിയന്തരമായി വനം വാച്ചര്‍മാരെ നിയമിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിലമ്പൂര്‍ നോര്‍ത്ത് ഡി.എഫ്.ഒ വര്‍ക്കാഡ് യോഗേഷ് നില്‍ക്കാന്ത്, നിലമ്പൂര്‍ സൗത്ത് ഡി.എഫ്.ഒ കെ. സജികുമാർ, നിലമ്പൂര്‍ നോര്‍ത്ത് എ.സി.എഫ് കെ. രാജന്‍ തുടങ്ങി ഉന്നത ഉദ്യോഗസ്ഥരും ജനപ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു. വന്യമൃഗങ്ങള്‍ കാടിറങ്ങുന്നത് തടയാന്‍ വനാതിര്‍ത്തികളില്‍ ഫലപ്രദമായ സംവിധാനം ഒരുക്കാത്തതില്‍ വനം വകുപ്പിനെതിരെ ജനരോഷം ശക്തമായിരുന്നു. ഈ സാഹചര്യത്തിലാണ് അടിയന്തരമായി എം.എല്‍.എയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ത്തത്. മൂത്തേടം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.ടി. രാധാമണി, വൈസ് പ്രസിഡൻറ് എ.ടി. റെജി, ജില്ല പഞ്ചായത്തംഗങ്ങളായ ഇസ്മായില്‍ മൂത്തേടം, സറീന മുഹമ്മദലി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ഉഷ സന്തോഷ്, പി. ഇല്‍മുന്നിസ, വിവിധ പാര്‍ട്ടി പ്രതിനിധികളായ വി.കെ. ഷാനവാസ്, വാളപ്ര റഷീദ്, വടക്കന്‍ സുലൈമാന്‍ ഹാജി, ഷിബുരാജ്, മുന്‍ പഞ്ചായത്ത് പ്രസിഡൻറുമാരായ പി. ഉസ്മാൻ, കെ.എ. പീറ്റര്‍, എടക്കര സി.ഐ സുനില്‍ പുളിക്കല്‍, നിലമ്പൂര്‍ റേഞ്ച് ഓഫിസര്‍ എം.പി. രവീന്ദ്രനാഥ്, കരുളായി റേഞ്ച് ഓഫിസര്‍ കെ. രാകേഷ്, ഫോറസ്റ്റ് പ്രൊട്ടക്ഷന്‍ ഫോഴ്സ് റേഞ്ച് ഓഫിസര്‍ പി. രാജീവ്, മൂത്തേടം വില്ലേജ് ഓഫിസര്‍ അരവിന്ദന്‍, കൃഷി ഓഫിസര്‍ രേഷ്മ, പഞ്ചായത്ത് സെക്രട്ടറി സത്യകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.