എം.എൽ.എയുടെ വാട്ടർ തീം പാർക്ക്: കൂടരഞ്ഞി ഗ്രാമപഞ്ചായത്തി​െൻറ അനുമതി ഉടനില്ല

ചീങ്കണ്ണി പാലി തടയണയിലെ വെള്ളം ഒഴിവാക്കും തിരുവമ്പാടി: പി.വി. അൻവർ എം.എൽ.എയുടെ കക്കാടംപൊയിലിലെ വിവാദ വാട്ടർ തീം പാർക്കിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഉടൻ ലൈസൻസ് പുതുക്കി നൽകില്ല. ലൈസൻസ് കാലാവാധി ജൂൺ 30ന് അവസാനിച്ചിരുന്നു. കഴിഞ്ഞ മാർച്ച് 31ന് അവസാനിച്ച ലൈസൻസ് മൂന്നുമാസത്തേക്ക് ഗ്രാമപഞ്ചായത്ത് നീട്ടിനൽകിയതായിരുന്നു. പ്രവർത്തനാനുമതി പുതുക്കാനായി പാർക്ക് അധികൃതർ ജൂൺ അവസാനം ഗ്രാമപഞ്ചായത്തിൽ അപേക്ഷ നൽകിയിരുന്നു. ജൂൺ 29ന് ചേർന്ന കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് ഭരണസമിതി യോഗത്തിൽ പാർക്കി​െൻറ അനുമതി കാര്യം അജണ്ടയിൽ ഉൾപ്പെടുത്തിയിരുന്നില്ല. ഈ മാസം 18ന് ചേരുന്ന ഭരണസമിതി യോഗത്തിലും പാർക്ക് പ്രശ്നം ചർച്ചക്കെടുക്കില്ല. ഇപ്പോഴത്തെ സാഹചര്യത്തിൽ പാർക്കിന് ഉടൻ ലൈസൻസ് നൽകില്ലെന്ന് കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സോളി ജോസഫ് 'മാധ്യമ'ത്തോട് പറഞ്ഞു. അടുത്ത ഭരണസമിതി യോഗത്തി​െൻറ അജണ്ടയിൽ വിഷയം ഉൾപ്പെടുത്തിയിട്ടില്ലെന്നും അവർ വ്യക്തമാക്കി. ഉരുൾപൊട്ടലി​െൻറ പശ്ചാത്തലത്തിൽ ജില്ല കലക്ടറും ഗ്രാമപഞ്ചായത്ത് സെക്രട്ടറിയും പാർക്കിന് ജൂൺ 16ന് സ്റ്റോപ് മെമ്മോ നൽകിയിരുന്നു. വാട്ടർ തീം പാർക്കി​െൻറ 30 മീറ്റർ താഴെയാണ് ഒരുമാസം മുമ്പ് ഉരുൾപൊട്ടിയത്. അതേസമയം, കക്കാടംപൊയിൽ വാട്ടർ തീം പാർക്കി​െൻറ ഭാഗമായി നിർമിച്ചിരുന്ന തടയണ പൊളിക്കാൻ മലപ്പുറം ജില്ല കലക്ടർ നിർദേശം നൽകിയതിനാൽ ഇതിലെ വെള്ളം ഒഴിവാക്കാൻ ശ്രമം തുടങ്ങി. പാർക്ക് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിലെ കക്കാടംപൊയിലിലും തടയണ അര കി.മി അകലെ മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്ത് പരിധിയിയിലെ ചീങ്കണ്ണി പാലിയിലുമാണ്. കക്കാടംപൊയിൽ വാട്ടർ തീം പാർക്ക് ദുരന്ത മേഖല പ്രദേശത്തല്ലെന്ന് കോഴിക്കോട് ജില്ല കലക്ടർ അധ്യക്ഷനായ ഉന്നതതല സമിതി റവന്യൂ മന്ത്രിക്ക് റിപ്പോർട്ട് നൽകിയത് പാർക്കിൽ ഉരുൾപൊട്ടലുണ്ടായതോടെ വിവാദമായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.