കോട്ടക്കൽ: സംസ്ഥാനത്ത് ആദ്യമായി കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് നൂതന പദ്ധതിയുമായി കോട്ടക്കൽ നഗരസഭ. ചെറുപ്പം മുതലേ ആരോഗ്യം സംരക്ഷിക്കുകയെന്ന ലക്ഷ്യവുമായി കുട്ടികൾക്കായി സ്റ്റുഡൻറ് ഹെൽത്ത് കാർഡ് പദ്ധതിയുടെ ഉദ്ഘാടനം ചങ്കുവെട്ടി പി.എം.എസ്.എ.പി.ടി.എം എൽ.പി സ്കൂളിൽ ജില്ല കലക്ടർ അമിത് മീണ നിർവഹിച്ചു. എല്ലാ നഗരസഭകൾക്കും മാതൃകയാക്കാവുന്ന പ്രവർത്തനങ്ങളാണ് കോട്ടക്കൽ നഗരസഭ കാഴ്ചവെക്കുന്നതെന്ന് കലക്ടർ പറഞ്ഞു. നഗരസഭ പരിധിയിലെ വിവിധ പൊതുവിദ്യാലയങ്ങളിൽ എൽ.കെ.ജി മുതൽ നാലാം തരം വരെയുള്ള ക്ലാസുകളിലായി പഠിക്കുന്ന 3500ഓളം കുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. പദ്ധതിയുടെ ഭാഗമായി വിദഗ്ധ ഡോക്ടർമാരുടെയും ടെക്നോളജിസ്റ്റുകളുടെയും നേതൃത്വത്തിലുള്ള സംഘം സ്കൂളുകളിലെത്തി കുട്ടികളെ വിദഗ്ധ പരിശോധനക്ക് വിധേയരാക്കി. ആരോഗ്യ വിവരങ്ങൾ ഹെൽത്ത് കാർഡിൽ രേഖപ്പെടുത്തി. ചികിത്സ ആവശ്യമുള്ളവർക്ക് ഈ കാർഡുകൾ തുടർ ചികിത്സകൾക്കും ഉപയോഗപ്പെടുത്താം. ബാലസൗഹൃദ നഗരസഭ പദ്ധതിയുടെ ഭാഗമായി കൂടിയാണ് ആരോഗ്യസംരക്ഷണ പദ്ധതി നടപ്പാക്കുന്നത്. ചങ്കുവെട്ടിയിലെ അൽമാസ് ഹോസ്പിറ്റലുമായി സഹകരിച്ചാണ് പദ്ധതി. ചടങ്ങിൽ നഗരസഭ ചെയർമാൻ കെ.കെ. നാസർ അധ്യക്ഷത വഹിച്ചു. സി.എച്ച്.സി മെഡിക്കൽ ഓഫിസർ ഡോ. ഫസൽ പൂക്കോയ തങ്ങൾ പദ്ധതി വിശദീകരിച്ചു. ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ നിർമലാദേവി, നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അലവി തൈക്കാട്ട്, പി. ഉസ്മാൻ കുട്ടി, ടി.വി. സുലൈഖാബി, നഗരസഭ കൗസിലർമാരായ യൂസുഫ് എടക്കണ്ടൻ, രാജസുലോചന, മലപ്പുറം ഉപജില്ല വിദ്യാഭ്യാസ ഓഫിസർ മുഹമ്മദ് ഇഖ്ബാൽ കരുവള്ളി, മലപ്പുറം ബി.പി.ഒ ടോമി മാത്യു, ടി.ഇ. മൂസക്കുട്ടി മാസ്റ്റർ, പി.ടി.എ പ്രസിഡൻറ് സുലൈമാൻ പാറമ്മൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.