പറളി ക്ഷീരഗ്രാമം; പ്രഖ്യാപനം നാളെ

ലക്ഷ്യം പാലുൽപാദനത്തിൽ സ്വയംപര്യാപ്തത, 255 സങ്കരയിനം പശുക്കളെ ഇറക്കുമതി ചെയ്യും പാലക്കാട്: പറളി പഞ്ചായത്തിനെ ക്ഷീരഗ്രാമമായി വ്യാഴാഴ്ച പ്രഖ്യാപിക്കും. പറളി പഞ്ചായത്ത് കല്യാണമണ്ഡപത്തിൽ രാവിലെ 10ന് നടക്കുന്ന ചടങ്ങിൽ മൃഗസംരക്ഷണ മന്ത്രി കെ. രാജുവാണ് പ്രഖ്യാപനം നടത്തുകയെന്ന് കെ.വി. വിജയദാസ് എം.എൽ.എ വാർത്തസമ്മേളനത്തിൽ അറിയിച്ചു. പാൽ ഉൽപാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കുന്നതി​െൻറ ഭാഗമായാണ് പറളിയിൽ ക്ഷീരഗ്രാമം പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനതലത്തിൽ തെരഞ്ഞെടുത്ത അഞ്ച് പഞ്ചായത്തുകളിലാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ ഗ്രാമത്തിനും ഒരുകോടി രൂപ വീതമാണ് പദ്ധതി നടപ്പാക്കാനായി ഫണ്ട് നൽകുന്നത്. പാൽ ഉൽപാദനത്തിന് ഏറ്റവും അനുയോജ്യമായ സാഹചര്യങ്ങൾ പരിഗണിച്ചാണ് പറളിയെ തെരഞ്ഞെടുത്തത്. ക്ഷീര സംഘങ്ങളുടെ സുസ്ഥിര വികസനമാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പറളി പഞ്ചായത്തിലെ അഞ്ഞൂറോളം വരുന്ന ക്ഷീരകർഷകർക്ക് പദ്ധതി പ്രയോജനപ്പെടുമെന്ന് എം.എൽ.എ പറഞ്ഞു. പദ്ധതിയിലൂടെ 380 ഗുണഭോക്താക്കൾക്ക് നേരിട്ട് പ്രയോജനം ലഭിക്കും. പറളി പഞ്ചായത്തിൽ 25 ശതമാനം അധിക ഉൽപാദനമാണ് തുടക്കത്തിൽ ലക്ഷ്യമിടുന്നത്. ഉൽപാദനം വർധിപ്പിക്കുന്നതിനായി ഉൽപാദന ശേഷി കൂടുതലുള്ള 255 സങ്കരയിനം പശുക്കളെ ഇതര സംസ്ഥാനങ്ങളിൽനിന്ന് ഇറക്കുമതി ചെയ്യും. വാർത്തസമ്മേളനത്തിൽ പറളി പഞ്ചായത്ത് പ്രസിഡൻറ് കെ.ആർ. ഗിരിജ, പാലക്കാട് ക്ഷീരവികസന ഓഫിസർ എൻ. ബിന്ദു, ക്ഷീരവികസന ഡെപ്യൂട്ടി ഡയറക്ടർ പി.എ. ബീന, വിവിധ ക്ഷീര സംഘടന ഭാരവാഹികൾ എന്നിവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.