ആളും ആരവവുമൊഴിഞ്ഞു; അംബേദ്കർ കോളനിയിൽ മൃതദേഹം സംസ്കരിക്കുന്നത് പുഴയോരത്തുതന്നെ

പ്രജീഷ് റാം പാലക്കാട്: രണ്ടുമാസം മുമ്പ് ഗോവിന്ദാപുരം അംബേദ്കർ കോളനി രാഷ്ട്രീയക്കാരുടെയും മാധ്യമങ്ങളുടെയും 'തീർഥാടനകേന്ദ്ര'മായിരുന്നു. ജാതിവിവേചന പ്രശ്നത്തെത്തുടർന്ന് സംസ്ഥാനമാകെ കോളനി ചർച്ചവിഷയമായി. വികസന പോരായ്മയും ജാതിവിവേചനവും ഇല്ലാതാക്കാമെന്ന വാഗ്ദാനപ്പെരുമഴയാണ് ഇവിടുത്തുകാർക്ക് ലഭിച്ചത്. എം.പിമാർ, എം.എൽ.എമാർ, കേന്ദ്രനേതാക്കൾ, പ്രതിപക്ഷ നേതാവ്, ദേശീയ, സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗങ്ങൾ, പട്ടികജാതി കമീഷൻ അംഗങ്ങൾ തുടങ്ങിയവർ കോളനി സന്ദർശിക്കാനെത്തി. എന്നാൽ, എല്ലാം ജലരേഖയായിരിക്കുകയാണ്. ഇരുന്നൂറ്റിപ്പത്തോളം ചക്ലിയ സമുദായങ്ങളും ഇതരവിഭാഗങ്ങളും തിങ്ങിപ്പാർക്കുന്ന കോളനിയിൽ ശ്മശാനമെന്ന അടിസ്ഥാനാവശ്യം ഇപ്പോഴുമകലെ. കഴിഞ്ഞ ശനിയാഴ്ച കോളനിയിലെ ചക്ലിയ സമുദായാംഗം ചക്കി എന്ന വയോധിക മരിച്ചപ്പോൾ ചിറ്റൂർ പുഴയോരത്താണ് സംസ്കരിച്ചത്. അധികൃതരോടെല്ലാം കോളനിക്കാർ ആവശ്യപ്പെട്ടതിൽ പ്രധാനമായിരുന്നു പൊതുശ്മശാനം. മൂന്ന് സ​െൻറിൽ മൃതദേഹം സംസ്കരിച്ചാൽ ജീവിതം അസാധ്യമാകുമെന്നും ഇവർ പറഞ്ഞിരുന്നു. തുടർന്ന് ഒരു മാസത്തിനകം ശ്മശാനം നിർമിക്കുമെന്ന് പഞ്ചായത്ത് അധികൃതരും എം.എൽ.എയും വാക്ക് നൽകി. ഇതിനായി 80 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്നും ഇവർ പറഞ്ഞു. എന്നാൽ, മാസങ്ങൾ പിന്നിട്ടിട്ടും ഒന്നും നടപ്പായില്ല. പുഴയോരത്തെ മൂന്ന് സ​െൻറ് സ്ഥലവും നാല് കിലോമീറ്റർ മാറി പി.ഡബ്ല്യു.ഡി പുറമ്പോക്കിലുമാണ് മൃതദേഹം സംസ്കരിക്കുന്നത്. കോളനിക്ക് സമീപത്തായതിനാൽ പുഴയോരത്താണ് കൂടുതലും. പുഴയോരത്തിന് മുകൾഭാഗത്ത് ചക്ലിയ സമുദായംഗങ്ങളുടെ മൃതദേഹം സംസ്കരിക്കാൻ ഉയർന്ന ജാതിക്കാർ അനുവദിക്കില്ലെന്നും പരാതിയുണ്ട്. പുഴയോട് ചേർന്ന താഴ്ന്ന ഭാഗത്താണ് മൃതദേഹം സംസ്കരിക്കുന്നത്. pkg1അംബേദ്കർ കോളനിയിൽ കഴിഞ്ഞദിവസം മരിച്ച ചക്കിയുടെ മൃതദേഹം ചിറ്റൂർ പുഴയോരത്ത് സംസ്കരിക്കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.