​മലയോര ഹൈവേ സ്ഥലമേറ്റെടുക്കൽ: യോഗം തീരുമാനമാകാതെ പിരിഞ്ഞു

നിലമ്പൂര്‍: പൂക്കോട്ടുംപാടം- നായാടംപൊയില്‍ മലയോര ഹൈവേയുടെ ഭൂമിയേറ്റെടുക്കലുമായി ബന്ധപ്പെട്ട് ചാലിയാര്‍ പഞ്ചായത്തിലെ മൈലാടിയില്‍ വിളിച്ചുചേര്‍ത്ത ജനപ്രതിനിധികളുടെയും രാഷ്ട്രീയ നേതാക്കളുടെയും ഉദ്യോഗസ്ഥരുടെയും നാട്ടുകാരുടെയും യോഗം ബഹളത്തില്‍ കലാശിച്ചു. റോഡിന് സ്ഥലം വിട്ടുനല്‍കുന്നതുമായി ബന്ധപ്പെട്ട് പി.ഡബ്ല്യു.ഡി അധികൃതരില്‍നിന്ന് വ്യക്തമായ നിര്‍ദേശം ലഭിക്കണമെന്ന് ചിലര്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ‍യോഗം തീരുമാനമാകാതെ പിരിഞ്ഞു. പൊതുമരാമത്ത് റോഡ് വിഭാഗം ഓവര്‍സിയര്‍ ഒഴികെ ഒരു ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. യോഗത്തിൽ പങ്കെടുത്ത ഓവര്‍സിയര്‍ക്ക് ജനങ്ങളുടെ സംശയങ്ങള്‍ക്ക് വ്യക്തമായ മറുപടിനല്‍കാന്‍ കഴിയാത്തതിനാലാണ് തീരുമാനം മാറ്റിവെക്കേണ്ടിവന്നത്. അതേസമയം, അകമ്പാടത്തും ഇടിവണ്ണയിലും നടന്ന യോഗങ്ങളില്‍ റോഡിന് ആവശ്യമായ 12 മീറ്റര്‍ വീതിയിലുള്ള സ്ഥലം വിട്ടുനല്‍കാന്‍ ഐകകണ്‌ഠ്യേന തീരുമാനമായി. 18ന് മൂലേപ്പാടത്ത് ഏറനാട് എം.എൽ.എ പി.കെ. ബഷീര്‍ കുറ്റിയടിക്കല്‍ നിര്‍വഹിക്കും. എരഞ്ഞിമങ്ങാട് വരെയുള്ള നടപടികള്‍ക്ക് ശേഷം മൈലാടിയുടെ കാര്യത്തിലും യോഗം ചേര്‍ന്ന് തീരുമാനമെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.