പശ്ചിമഘട്ട രക്ഷായാത്രക്ക് സ്വീകരണം; മലയോര ജലസ്രോതസ്സുകൾ സംരക്ഷിക്കാന്‍ പ്രതിജ്ഞ

കാളികാവ്: 'വികസനം വിനാശകരമാകരുത്' എന്ന സന്ദേശമുയര്‍ത്തി നടക്കുന്ന പശ്ചിമഘട്ട രക്ഷായാത്രക്ക് ഉദരംപൊയില്‍ കെട്ടുങ്ങലില്‍ സ്വീകരണം നല്‍കി. ഉദരംപൊയില്‍ കെട്ടുങ്ങല്‍ സംരക്ഷണ സമിതിയും പെവുന്തറ കോസ്‌മോസ് ക്ലബും ചേര്‍ന്നാണ് സ്വീകരണം ഒരുക്കിയത്. പുഴയോരത്ത് ഫലവൃക്ഷതൈകള്‍ നട്ട് പിടിപ്പിക്കുകയും ചെയ്തു. സ്വപ്ന പദ്ധതികള്‍ എന്ന പേരില്‍ നടപ്പാക്കുന്ന വികസനം വിനാശമായി മാറരുതെന്ന് പശ്ചിമഘട്ട രക്ഷയാത്രസംഘം ആവശ്യപ്പെട്ടു. പ്രകൃതി വിഭവങ്ങള്‍ കൊള്ളയടിക്കുന്ന മാഫിയകളുടെ സാമ്പത്തിക വളര്‍ച്ചയാണ് വികസനമെന്ന് പ്രചരിപ്പിക്കുന്ന ഭരണാധികാരികള്‍ ജനങ്ങളെ വഞ്ചിക്കുകയാണ്. കേരളം നിലനിൽക്കാന്‍ പശ്ചിമഘട്ടവും അതില്‍നിന്നുള്ള ജലസ്രോതസ്സുകളും സംരക്ഷിച്ചേ മതിയാവൂ എന്ന ബോധം ഭരണാധികാരികള്‍ക്ക് ഇല്ലാതാകുന്നതാണ് വലിയ ദുരന്തം. കേരളത്തി​െൻറ ജലസുരക്ഷയും ഭക്ഷ്യസുരക്ഷയും കാലാവസ്ഥ സുരക്ഷയും നശിപ്പിച്ചത് അശാസ്ത്രീയമായ പദ്ധതികളാണെന്ന് പരിസ്ഥിതി പ്രവര്‍ത്തകനും ജാഥ ക്യാപ്റ്റനുമായ ജോണ്‍ പെരുന്താനം പറഞ്ഞു. കാളികാവ്, ചോക്കാട് പഞ്ചായത്തുകളുടെ അതിര്‍ത്തികളിലെ പരിങ്ങാട് പുഴയുടെ കെട്ടുങ്ങല്‍ ചിറ സംരക്ഷിക്കണമെന്നും പുഴയുടെ അനധികൃത കൈയേറ്റം തടയണമെന്നും യാത്രസംഘം ആവശ്യപ്പെട്ടു. ചടങ്ങില്‍ റോഡരികിലും മറ്റും ഫലവൃക്ഷതൈകള്‍ നട്ടുപിടിപ്പിച്ച് സംരക്ഷിക്കുന്ന കിഴക്കേതില്‍ നാസറിനെ കെട്ടുങ്ങല്‍ സംരക്ഷണ സമിതി ആദരിച്ചു. കെട്ടുങ്ങലില്‍ നടന്ന സ്വീകരണത്തില്‍ കുസുമം ജോസഫ്, സംരക്ഷണ സമിതി ചെയര്‍മാന്‍ ഷാജിൽ ചെറുപാണക്കാടന്‍, എസ്. ബാബു, അഡ്വ. കെ. പുഷ്പ, ടി.എം. സത്യന്‍, മുസ്തഫ പള്ളിക്കുത്ത്, ലത്തീഫ് കുറ്റിപ്പുറം എന്നിവര്‍ സംസാരിച്ചു. കരുവത്തില്‍ ഭാസ്‌കരന്‍, പുളിക്കല്‍ റൗഫ്, പറമ്പത്ത് ഹമീദ്, പി.പി. അലവിക്കുട്ടി മാസ്റ്റര്‍, ഷിഹാബ് പെവുന്തറ എന്നിവര്‍ സംസാരിച്ചു. കെട്ടുങ്ങല്‍ സംരക്ഷണ സമിതിയുടെയും കോസ്‌മോസ് പെവുന്തറയുടെയും നേതൃത്വത്തില്‍ ചിറ സംരക്ഷണാർഥം കെട്ടുങ്ങലിൽ മനുഷ്യച്ചങ്ങല തീര്‍ത്തു. എം.പി.എ ലത്തീഫ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. ജാഥ ക്യാപ്റ്റന്‍ ജോണ്‍ പെരുവന്താനം പരിസരത്ത് മാവിന്‍തൈ നട്ടു. ജാഥാംഗങ്ങളുടെ നേതൃത്വത്തിൽ പരിസ്ഥിതി പ്രവർത്തകർ കൈയേറ്റം നടന്ന സ്ഥലങ്ങൾ സന്ദര്‍ശിച്ചു. പുഴയില്‍ തള്ളിയ മാലിന്യ കൂമ്പാരവും സംഘം സന്ദര്‍ശിച്ചു. പി. ഷമീജ്, വി.പി. സിറാജ്, പി. റഹൂഫ്, പണ്ടാറപ്പെട്ടി അലവി, മാട്ടറ സുധീര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.