ചെമ്മാട്ടെ പൊതുശൗചാലയം: നഗരസഭ മനുഷ്യാവകാശ കമീഷനെ തെറ്റിദ്ധരിപ്പിച്ചെന്ന്

തിരൂരങ്ങാടി: താലൂക്ക് ആസ്ഥാനമായ ചെമ്മാട്ട് പൊതുശൗചാലയം നിർമിക്കണമെന്ന ആവശ്യത്തിൽ ഇടപെട്ട മനുഷ്യാവകാശ കമീഷനെ തിരൂരങ്ങാടി നഗരസഭ അധികൃതർ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണവുമായി പരാതിക്കാരൻ. ചെമ്മാട്ടെത്തുന്നവർക്ക് പ്രാഥമിക സൗകര്യം നിറവേറ്റാൻ പൊതുശൗചാലയം വേണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ. പ്രവർത്തകനായ സഹീർ മച്ചിങ്ങൽ നൽകിയ പരാതിയിലാണ് മനുഷ്യാവകാശ കമീഷൻ ഇടപെട്ടത്. വാർഷിക പദ്ധതിയായി ശൗചാലയം നിർമിക്കാൻ തുക വകയിരുത്തിയിട്ടുണ്ടെന്നാണ് നഗരസഭ കമീഷനെ അറിയിച്ചത്. സ്വന്തമായി ഭൂമിയില്ലാത്തതിനാൽ റവന്യൂ വകുപ്പ് ഉടമസ്ഥതയിലുള്ള സ്ഥലം ആവശ്യപ്പെട്ടിട്ടുണ്ട്. റവന്യൂ വകുപ്പിൽ നിന്ന് ഭൂമി ലഭിച്ചാൽ നിർമാണം നടത്താമെന്നും നഗരസഭ സെക്രട്ടറി കമീഷനെ അറിയിച്ചു. ഇതി‍​െൻറ അടിസ്ഥാനത്തിൽ ഭൂമി അനുവദിക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന മനുഷ്യാവകാശ കമീഷൻ അംഗം കെ. മോഹൻകുമാർ ജില്ല കലക്ടർക്ക് നിദേശം നൽകിയാണ് പരാതി തീർപ്പാക്കിയത്. എന്നാൽ ഇക്കഴിഞ്ഞ ആഗസ്റ്റിൽ നഗരസഭയിൽനിന്ന് നൽകിയ വിവരാവകാശ രേഖ പ്രകാരം ചെമ്മാട് അങ്ങാടിയിൽ തന്നെ നഗരസഭയുടെ ആസ്തി രജിസ്റ്റർ പ്രകാരം സ്ഥലമുണ്ടെന്നാണ് മറുപടി ലഭിച്ചതെന്ന് പരാതിക്കാരൻ പറയുന്നു. ഈ സ്ഥലമുണ്ടായിരിക്കെ ചെമ്മാട്ട് ശൗചാലയം നിർമിക്കാൻ സ്ഥലമില്ലെന്ന് കമീഷനെ തെറ്റിദ്ധരിപ്പിച്ച നഗരസഭക്കെതിരെ നിയമ നടപടികളുമായി മുന്നോട്ട് പോകുമെന്ന് പരാതിക്കാരൻ പറഞ്ഞു. നേരത്തെ ചെമ്മാട് ബസ് സ്റ്റാൻഡിന് മുന്നിലുള്ള നഗരസഭയുടെ വ്യാപാര സമുച്ചയത്തിൽ പൊതുശൗചാലയം ഉണ്ടായിരുന്നു. ഇത് ഏറെക്കാലമായി പൂട്ടിയിട്ട നിലയിലാണ്. അടുത്തിടെ ഈ കെട്ടിടം പൊളിക്കുന്നത് ആരംഭിച്ചു. ഇവിടെ പുതിയ വ്യാപാര സമുച്ചയം പണിയാനുള്ള നീക്കത്തിലാണ് നഗരസഭ. എന്നാൽ ഈ കെട്ടിടത്തിൽ പൊതുശൗചാലയം ഒരുക്കുമെന്ന് നഗരസഭ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.