-സ്റ്റാളുകൾ നവംബറിൽ പ്രവർത്തനം തുടങ്ങും -ഇൗ വർഷം 25 സ്റ്റാളുകൾ മലപ്പുറം: ഹോർട്ടികോർപ് നവംബർ ആദ്യം ജില്ലയിൽ പത്ത് കേന്ദ്രങ്ങളിൽ 'ഹരിത' പഴം-പച്ചക്കറി സ്റ്റാളുകൾ തുറക്കുന്നു. നിലമ്പൂർ, കരുളായി, ഒതായി, അരീക്കോട്, വേങ്ങര, മലപ്പുറം, പെരിന്തൽമണ്ണ, ആനമങ്ങാട്, തവനൂർ, പേരൂർ എന്നിവിടങ്ങളിലാണ് അടുത്ത മാസം സ്റ്റാളുകൾ തുറക്കുന്നത്. നാടൻ, മറുനാടൻ പച്ചക്കറി പൊതുവിപണിയിലേതിനേക്കാൾ 15 മുതൽ 20 ശതമാനംവരെ വിലക്കുറവിൽ സ്റ്റാളുകളിൽ വിറ്റഴിക്കും. ഇടുക്കി ജില്ലയിലെ കാന്തല്ലൂർ, വട്ടവട എന്നിവിടങ്ങളിൽനിന്ന് ശീതകാല പച്ചക്കറിയും വിപണിയിൽ ലഭ്യമാക്കും. ജില്ലയിൽനിന്ന് സംഭരിച്ച 18 ഇനം നാടൻ പച്ചക്കറി സ്റ്റാളുകളിലുണ്ടാവും. നിലമ്പൂർ, കരുളായി എന്നിവിടങ്ങളിലെ സ്റ്റാളുകൾ നവംബർ രണ്ടിന് ഉദ്ഘാടനം ചെയ്യും. കുന്നുമ്മൽ മാളിയേക്കൽ ബിൽഡിങിലെ സൈപ്ലക്കോ സൂപർ മാർക്കറ്റിനോടു ചേർന്നാണ് മലപ്പുറത്തെ സ്റ്റാൾ പ്രവർത്തനമാരംഭിക്കുക. നവംബർ ആദ്യവാരംതന്നെ സ്റ്റാൾ തുറക്കും. എല്ലാ സ്റ്റാളുകളും നവംബർ 15നകം സജ്ജമാകും. ഹോർട്ടികോർപിെൻറ ജില്ല ആസ്ഥാനം വണ്ടൂരിലാണ്. കഴിഞ്ഞ ആഗസ്റ്റിലാണ് പ്രവർത്തനം തുടങ്ങിയത്. ഒാഫിസിനോട് ചേർന്ന് വിപണന സ്റ്റാളും സംഭരണ കേന്ദ്രവും പ്രവർത്തിക്കുന്നുണ്ട്്. കഴിഞ്ഞ ആഗസ്റ്റിൽ എടവണ്ണയിലും സെപ്റ്റംബറിൽ ചെമ്മാടും സ്റ്റാൾ തുറന്നു. വണ്ടൂർ, എടവണ്ണ എന്നിവിടങ്ങളിലെ സ്റ്റാളുകൾ ഹോർട്ടികോർപ് നേരിട്ടാണ് നടത്തുന്നത്. മലപ്പുറത്തും വേങ്ങരയിലും തുടങ്ങുന്നതും ഇതേ രീതിയിലാണ്. ബാക്കി ഒമ്പത് സ്റ്റാളുകൾ ഫ്രാഞ്ചൈസികളാണ്. ഇവക്ക് കമീഷൻ വ്യവസ്ഥയിൽ ഹോർട്ടികോർപ് പച്ചക്കറി നൽകും. ഹോർട്ടികോർപ് നിശ്ചയിക്കുന്ന വിലയിൽ മാത്രമേ വിൽപ്പന അനുവദിക്കുകയുള്ളൂ. കുറ്റിപ്പുറം, എടപ്പാൾ, തിരൂർ, താനൂർ, കോട്ടക്കൽ എന്നിവിടങ്ങളിൽ ഫ്രാഞ്ചൈസി തുടങ്ങാൻ അപേക്ഷ ലഭിച്ചിട്ടുണ്ട്. ഡിസംബറിനകം ജില്ലയിൽ സ്റ്റാളുകളുടെ എണ്ണം 25 ആയി ഉയർത്താനാണ് പദ്ധതി. മുൻഗണന നാടൻ പച്ചക്കറിക്ക് ജൈവരീതിയിൽ ഉൽപ്പാദിപ്പിച്ച നാടൻ പച്ചക്കറിക്കാണ് സ്റ്റാളുകളിൽ മുൻഗണന നൽകുക. കേരളത്തിൽ ലഭ്യമല്ലാത്തത് മാത്രമേ പുറത്തുനിന്നും എടുക്കുകയുള്ളൂവെന്ന് ഹോർട്ടികോർപ് അധികൃതർ പറഞ്ഞു. നാമമാത്ര ലാഭം മാത്രമെടുത്താണ് സ്റ്റാളുകളിൽ പച്ചക്കറി വിൽക്കുക. വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലിെൻറ (വി.എഫ്.സി.പി.കെ) സ്വാശ്രയ കർഷക സമിതികളിൽനിന്ന് നാടൻ പച്ചക്കറി ഹോർട്ടികോർപ് വൻതോതിൽ സംഭരിക്കുന്നുണ്ട്. മത്തൻ, എളവൻ, നേന്ത്രക്കായ, വെള്ളരി, ചേന, വെണ്ട, പയർ, പാവയ്ക്ക എന്നിവ ഇവിടെനിന്ന് മറ്റു ജില്ലകളിലേക്ക് കയറ്റിയയക്കുന്നുണ്ട്്. തിരുവാലി, ആലിപ്പറമ്പ്, വണ്ടൂർ, നിലമ്പൂർ, കരുളായി, മൂത്തേടം, തൃക്കലങ്ങോട് എന്നിവിടങ്ങളിൽനിന്നും ഹോർട്ടികോർപ് പച്ചക്കറി സംഭരിക്കുന്നുണ്ട്. വിപണിവിലയേക്കാൾ പത്തു ശതമാനം കൂടുതൽ വില നൽകി കർഷകരിൽനിന്നും നേരിട്ടാണ് സംഭരണം. വേങ്ങര േബ്ലാക്കിൽ പുതിയ സംഭരണ കേന്ദ്രം ഉടൻ തുറക്കും. പടിഞ്ഞാറൻ മേഖലയിലെ കർഷകരിൽനിന്നും സംഭരിക്കുന്നതിനാണിത്. കാബേജ്, ഉരുളക്കിഴങ്ങ്, കാരറ്റ്, ക്വാളിഫ്ലവർ, വെളുത്തുള്ളി എന്നിവ വട്ടവട, കാന്തല്ലൂർ എന്നിവിടങ്ങളിൽനിന്ന് വിൽപ്പനക്കെത്തിക്കും. ഹൊസൂരിൽനിന്നും മറ്റും മറുനാടൻ പച്ചക്കറിയും എത്തിക്കും. നേന്ത്രപ്പഴം, ചെറുപഴങ്ങൾ, പൈനാപ്പിൾ തുടങ്ങിയവയും സ്റ്റാളിലുണ്ടാവും. ഹോർട്ടികോർപ് ലക്ഷ്യം കാർഷികോൽപ്പന്നങ്ങളുടെ സംഭരണവും വിപണനവും ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന സംസ്ഥാന സർക്കാർ സ്ഥാപനമാണ് കേരള സ്റ്റേറ്റ് ഹോർട്ടികൾച്ചറൽ പ്രോഡക്ട്സ് െഡവലപ്മെൻറ് കോർപറേഷൻ (ഹോർട്ടികോർപ്). പൊതുവിപണിയിലെ വില പിടിച്ചുനിർത്തുകയും കാർഷികോൽപ്പന്നങ്ങളുടെ വിപണി ഉറപ്പാക്കുകയുമാണ് ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.