മുനിസിപ്പാലിറ്റി കൗൺസിലറെ അയോഗ്യനാക്കിയ കോടതി വിധി മരവിപ്പിച്ചു

പാലക്കാട്: നാമനിർദേശ പത്രികയിൽ സ്വത്തുവിവരങ്ങൾ പൂർണമായി വെളിപ്പെടുത്തിയില്ല എന്ന കാരണത്താൽ മുനിസിപ്പൽ കൗൺസിലറെ അയോഗ്യനാക്കിയ നടപടി വിധി കോടതി മരവിപ്പിച്ചു. മുസ്ലിം ലീഗ് വിമത സ്ഥാനാർഥിയായി പാലക്കാട് നഗരസഭയിലെ 31ാം വാർഡിൽ മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ട കൗൺസിലർ കെ. സെയ്തലവിയെയാണ് പാലക്കാട് പ്രിൻസിപ്പൽ മുൻസിഫ് കോടതി അയോഗ്യനാക്കി വിധി പുറപ്പെടുവിച്ചത്. രണ്ടാം സ്ഥാനത്തെത്തിയ മുസ്ലിം ലീഗ് ഔദ്യോഗിക സ്ഥാനാർഥി ടി.എ. അബ്ദുൽ അസീസിനെ വിജയിയായും കോടതി പ്രഖ്യാപിച്ചിരുന്നു. വിധിക്കെതിരെ സെയ്തലവി നൽകിയ ഹരജിയിലാണ് ഇതേ കോടതി വിധി മരവിപ്പിച്ചത്. 2015ൽ നടന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഔദ്യോഗിക സ്ഥാനാർഥിക്കെതിരെയാണ് സെയ്തലവി മത്സരിച്ചത്. വിജയിച്ചെങ്കിലും അച്ചടക്ക ലംഘനത്തെ തുടർന്ന് സെയ്തലവിയെ പാർട്ടിയിൽനിന്ന് പുറത്താക്കി. 2016ൽ നേതൃത്വം സ്ഥാനങ്ങൾ തിരിച്ചുനൽകി അദ്ദേഹത്തെ പാർട്ടിയിലേക്ക് തിരിച്ചെടുത്തു. ടി.എ. അബ്ദുൽ അസീസാണ് പരാതി നൽകിയത്. പാർട്ണർഷിപ് വ്യവസ്ഥയിൽ സെയ്തലവിയുടെ ഭാര്യക്ക് അവകാശമുള്ള സ്വത്ത് വെളിപ്പെടുത്തിയില്ല എന്നാണ് പരാതി നൽകിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.