കുടിവെള്ള വിതരണം : തദ്ദേശ സ്ഥാപനങ്ങള്‍ തുക ചെലവഴിക്കുന്നതിന് പരിധി

പെരിന്തല്‍മണ്ണ: കടുത്ത വേനല്‍ മൂലം ജലസ്രോതസ്സുകള്‍ വറ്റിവരണ്ട സാഹചര്യത്തില്‍ കുടിവെള്ള വിതരണം ചെയ്യുന്നതിന് നഗരസഭ-ഗ്രാമപഞ്ചായത്തുകള്‍ ചെലവഴിക്കുന്ന തുകക്ക് സര്‍ക്കാര്‍ പരിധി വെച്ചു. ഇത് സംബന്ധിച്ച് ഗവ. സ്പെഷല്‍ സെക്രട്ടറി ടി.പി. വിജയകുമാര്‍ വ്യാഴാഴ്ച പ്രത്യേക ഉത്തരവിറക്കി. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി നാല് ദിവസം മുമ്പ് ചേര്‍ന്ന യോഗത്തിലാണ് തീരുമാനം എടുത്തത്. പൂര്‍ണമായോ ഭാഗികമായോ വരള്‍ച്ച പ്രഖ്യാപിച്ച പ്രദേശങ്ങളില്‍ കുടിവെള്ളം വിതരണം ചെയ്യാനും ദുരന്തനിവാരണ അതോറിറ്റി നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച് മാര്‍ച്ച് 31 വരെ ജല വിതരണത്തിന് ഗ്രാമപഞ്ചായത്തുകള്‍ക്ക് അഞ്ച് ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ക്ക് 10 ലക്ഷവും കോര്‍പറേഷനുകക്ക് 15 ലക്ഷം രൂപയും മാത്രമേ ചെലവഴിക്കാന്‍ അനുമതിയുള്ളൂ. എന്നാല്‍, ഏപ്രില്‍ ഒന്ന് മുതല്‍ മേയ് 31 വരെയുള്ള രണ്ട് മാസം പഞ്ചായത്തുകള്‍ 10 ലക്ഷം രൂപയും മുനിസിപ്പാലിറ്റികള്‍ 15 ലക്ഷവും കോര്‍പറേഷനുകള്‍ക്ക് 20 ലക്ഷവും മാത്രം ചെലവഴിക്കാനാണ് നിര്‍ദേശിച്ചിട്ടുള്ളത്. പരിധിയില്‍ കൂടുതല്‍ തുകക്കുള്ള കുടിവെള്ള വിതരണ പ്രവൃത്തികള്‍ ഒരുകാരണവശാലും തദ്ദേശ സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ പാടില്ളെന്ന താക്കീതും ഉത്തരവിലുണ്ട്. തദ്ദേശസ്ഥാപനങ്ങളുടെ പ്ളാന്‍ ഫണ്ടില്‍ നിന്നോ തനത് ഫണ്ടില്‍ നിന്നോ തുക വിനിയോഗിക്കാനും അനുമതി നല്‍കി. അതേസമയം 30,000 ജനസംഖ്യയുള്ള ചെറിയ പഞ്ചായത്തുകള്‍ക്കും 60,000 വരെ ജനസംഖ്യയുള്ള വലിയ പഞ്ചായത്തുകള്‍ക്കും ഒരേതുകയാണ് അനുവദിച്ചിരിക്കുന്നത്. 115 വര്‍ഷത്തിനിടക്ക് കേരളത്തില്‍ ഭീമമായ മഴക്കുറവ് അനുഭവപ്പെട്ട വര്‍ഷമാണിത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് വേനല്‍മഴ 18 ശതമാനവും ഇടവപ്പാതി 34 ശതമാനവും തുലാമഴ 66 ശതമാനവും ഇത്തവണ കുറവാണ്. കഴിഞ്ഞവര്‍ഷം ഇത്രയും രൂക്ഷമായ വരള്‍ച്ച ഇല്ലാതിരുന്നിട്ടും ഒരുമാസം മാത്രം കുടിവെള്ളം വിതരണം നടത്തിയ വകയില്‍ അഞ്ച് ലക്ഷം മുതല്‍ 10 ലക്ഷം വരെ മിക്ക പഞ്ചായത്തുകള്‍ക്കും ചെലവഴിക്കേണ്ടി വന്നിട്ടുണ്ട്. ഇത്തവണ മൂന്ന് മാസത്തെ വിതരണത്തിന് അനുവദിച്ച തുക പരിമിതമാണെന്ന് ആക്ഷേപം ഉയര്‍ന്നു. മലപ്പുറം പാര്‍ലമെന്‍റ് മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കേ മണ്ഡലത്തില്‍ ഉള്‍പ്പെടുന്ന അഞ്ച് നഗരസഭകള്‍ക്കും 39 ഗ്രാമപഞ്ചായത്തുകള്‍ക്കും കുടിവെള്ള വിതരണ തുക പ്ളാന്‍ ഫണ്ടില്‍ നിന്ന് എടുക്കാനുള്ള നിര്‍ദേശം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനത്തില്‍ വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പ്ളാന്‍ ഫണ്ടില്‍ നിന്ന് തുക വകയിരുത്താന്‍ ജില്ല ആസൂത്രണ സമിതി (ഡി.പി.സി) മുമ്പാകെ സമര്‍പ്പിച്ച് അനുമതി വാങ്ങേണ്ടതുണ്ട്. പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ ഫലപ്രഖ്യാപനം വരുന്ന ഏപ്രില്‍ 17വരെ ഡി.പി.സി അതിന് അനുമതി നല്‍കാന്‍ സാധ്യതയുമില്ല. അതിനാല്‍, ദുരന്ത നിവാരണ സംരംഭമെന്ന നിലക്ക് കുടിവെള്ള വിതരണത്തെ പെരുമാറ്റ ചട്ടത്തില്‍ നിന്ന് ഒഴിവാക്കണമെന്ന ആവശ്യം ഉയരുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.