മലപ്പുറം: കുന്നുമ്മല്‍, കോട്ടപ്പടി ജങ്ഷനുകളിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ വിഭാവനം ചെയ്ത കോട്ടപ്പടി-വലിയവരമ്പ് ബൈപാസിന് സ്ഥലമേറ്റെടുക്കുന്നതിന് തുക അനുവദിച്ച് ഭരണാനുമതി ആയതായി സര്‍ക്കാര്‍ അറിയിച്ചു. സ്ഥലം ഏറ്റെടുക്കുന്നതിന് 23.96 കോടി രൂപ അനുവദിച്ചതായും നിയമസഭയില്‍ പി. ഉബൈദുല്ല എം.എല്‍.എയുടെ ചോദ്യത്തിന് മറുപടിയായി പൊതുമരാമത്ത് മന്ത്രി ജി. സുധാകരന്‍ അറിയിച്ചു. ധനവകുപ്പില്‍നിന്ന് ഫണ്ട് അനുവദിച്ച് റവന്യൂ വകുപ്പിന് കൈമാറുന്ന മുറക്ക് ഏറ്റെടുക്കുന്ന ഭൂമിക്കുള്ള നഷ്ടപരിഹാരം ഉടമകള്‍ക്ക് വിതരണം ചെയ്യാനാകും. എന്നാല്‍, ഭൂമി പൂര്‍ണമായി ഏറ്റെടുത്തെങ്കില്‍ മാത്രമേ പൊതുമരാമത്ത് വിഭാഗത്തിന് എസ്റ്റിമേറ്റ് തയാറാക്കാന്‍ സാധിക്കൂ. ഇതിന് പുറമെ സ്ഥലം ഏറ്റെടുക്കല്‍ നടപടി ചോദ്യം ചെയ്ത് ചില ഭൂവുടമകള്‍ ഹൈകോടതിയില്‍ നല്‍കിയ കേസില്‍ അന്തിമ വിധിയുണ്ടാകണമെന്നും മന്ത്രി അറിയിച്ചു. അതേസമയം, സാങ്കേതിക തടസ്സങ്ങള്‍ നീങ്ങി സ്ഥലമേറ്റെടുക്കല്‍ ആരംഭിക്കാന്‍ ഇനിയും സമയമെടുത്തേക്കും. റോഡിന്‍െറ ചില ഭാഗങ്ങളില്‍ മാത്രമാണ് നിലവില്‍ പ്രശ്നങ്ങളുള്ളത്. ആളുകള്‍ സ്ഥലം വിട്ടുനല്‍കാത്തതും സര്‍ക്കാര്‍ ഭൂവുടമകള്‍ക്ക് മതിയായ നഷ്ടപരിഹാരം അനുവദിക്കാത്തതും കാരണമാണ് പ്രവൃത്തി നീണ്ടുപോകുന്നതെന്നാണ് നഗരവാസികളുടെ ആക്ഷേപം. നിരവധി തവണ ജില്ല ഭരണകൂടം സ്ഥലമേറ്റെടുക്കല്‍ സംബന്ധിച്ച് ഭൂവുടമകളുമായി ചര്‍ച്ച നടത്തിയെങ്കിലും ശാശ്വത പരിഹാരം കാണാന്‍ സാധിച്ചിരുന്നില്ല. എന്നാല്‍, സ്ഥലമേറ്റെടുക്കാന്‍ തുക അനുവദിച്ചതോടെ ബൈപാസ് യാഥാര്‍ഥ്യത്തിലേക്ക് അടുക്കുകയാണെന്ന പ്രതീക്ഷയും ജനങ്ങള്‍ പങ്കുവെക്കുന്നുണ്ട്. അതിനിടെ, ഏതാനും പേര്‍ കോടതിയെ സമീപിച്ചതാണ് വീണ്ടും തടസ്സമായി നില്‍ക്കുകയെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. കേസില്‍ അന്തിമവിധി ഉണ്ടാകാന്‍ സമയമെടുത്താല്‍ ബൈപാസ് പൂര്‍ത്തീകരണവും നീളും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.