‘സ്വാവലംബന്‍’ ആരോഗ്യ പരിരക്ഷ പദ്ധതി: പരിമിതികള്‍ അപേക്ഷകരെ വട്ടംകറക്കുന്നു

പൂക്കോട്ടൂര്‍: അംഗപരിമിതര്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുന്ന ‘സ്വാവലംബന്‍’ ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതിയിലേക്ക് അപേക്ഷിക്കാനുള്ള പരിമിത സൗകര്യങ്ങള്‍ പലയിടത്തും ഗുണഭോക്താക്കള്‍ക്ക് ദുരിതമാകുന്നു. അപേക്ഷ സ്വീകരിക്കേണ്ട ഐ.സി.ഡി.എസ് സൂപ്പര്‍വൈസറുടെ കീഴിലുള്ള വിദൂര പഞ്ചായത്തുകളിലെ അംഗപരിമിതരാണ് ഏറെ പ്രയാസപ്പെടുന്നത്. എ.പി.എല്‍, ബി.പി.എല്‍ വിഭാഗത്തില്‍പ്പെട്ട അംഗപരിമിതര്‍ക്ക് പ്രതിവര്‍ഷം രണ്ട് ലക്ഷം രൂപ വരെ ആരോഗ്യ പരിരക്ഷ നല്‍കുന്ന പദ്ധതിയാണിത്. ന്യൂഇന്ത്യ അഷ്വറന്‍സ് കമ്പനിയുമായി സഹകരിച്ച് നടപ്പാക്കുന്ന പദ്ധതിയിലെ ബി.പി.എല്ലുകാരുടെ പ്രീമിയം തുകയായ 357 രൂപ സംസ്ഥാന സര്‍ക്കാര്‍ അടയ്ക്കാന്‍ തീരുമാനിച്ചിരുന്നു. ഒരു ലക്ഷം പേര്‍ക്ക് ഇതിന്‍െറ ഗുണം ലഭിക്കും. ഒരോ ജില്ലയിലേയും ശിശു വികസന പദ്ധതി ഓഫിസിനാണ് അപേക്ഷകള്‍ സ്വീകരിക്കാന്‍ അധികാരമുള്ളത്. ജില്ലയില്‍ 29 ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍മാരാണുള്ളത്. ആനക്കയം, പൂക്കോട്ടൂര്‍, മൊറയൂര്‍ പഞ്ചായത്തുകളിലായി ഒരു ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ മാത്രമാണുള്ളത്. ഈ മൂന്ന് പഞ്ചായത്തില്‍ നിന്നുള്ള അംഗ പരിമിതരുടെ അപേക്ഷകള്‍ സ്വീകരിക്കുന്ന പൂക്കോട്ടൂര്‍ പഞ്ചായത്ത് ഓഫിസിലുള്ള ഐ.സി.ഡി.എസ് സൂപ്പര്‍വൈസറാണ്. അപേക്ഷ നല്‍കാന്‍ കിലോമീറ്ററുകള്‍ താണ്ടിയുള്ള യാത്ര അംഗ പരിമിതരെ വലക്കുന്നതായി വ്യാപക പരാതിയുണ്ട്. മൂന്ന് പഞ്ചായത്തുകളില്‍ നിന്നുമായി ഒട്ടനവധി അപേക്ഷകര്‍ വരുന്നതിനാല്‍ നല്ല തിരക്കാണ് ഇവിടെ. ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ മറ്റു ചുമതലകള്‍ക്കായി മാറിനില്‍ക്കുമ്പോള്‍ പകരം ചുമതല മറ്റാരെയും ഏല്‍പ്പിക്കാനാകാത്തതും അംഗപരിമിതരുടെ ദുരിതം ഇരട്ടിയാക്കുന്നു. മാര്‍ച്ച് പത്താണ് അപേക്ഷ സ്വീകരിക്കാനുള്ള അവസാന തീയതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.