മലപ്പുറം: രൂക്ഷമായ വരള്‍ച്ചയുടെ പശ്ചാത്തലത്തില്‍ ജല ദുരുപയോഗം തടയാന്‍ തിരൂര്‍, പെരിന്തല്‍മണ്ണ റവന്യൂ ഡിവിഷനുകളില്‍ ആര്‍.ഡി.ഒ-സബ് കലക്ടര്‍മാരുടെ നേതൃത്വത്തില്‍ പൊലീസ്-റവന്യൂ വകുപ്പുകളെ ഉള്‍പ്പെടുത്തി സ്ക്വാഡുകള്‍ രൂപവത്കരിക്കാന്‍ ജില്ല കലക്റുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലതല ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. പുഴകളില്‍നിന്ന് അനുമതിയില്ലാതെ ടാങ്കര്‍ ലോറികളില്‍ വെള്ളം എടുക്കുന്നത് നിരോധിച്ചു. കുടിവെള്ള ക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ ജലവില്‍പന നിരോധിക്കാനും തീരുമാനിച്ചു. ജലദുരുപയോഗം തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. മേയ് 31 വരെ സ്വകാര്യ കുഴല്‍ കിണര്‍ നിര്‍മാണം നിരോധിക്കും. കുടിവെള്ള ക്ഷാമം അതിരൂക്ഷമായ ഇടങ്ങളില്‍ ആവശ്യമുണ്ടെങ്കില്‍ ജില്ല ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്‍കൂര്‍ അനുമതിയോടെ കുഴല്‍ കിണര്‍ നിര്‍മാണത്തിന് സമ്മതപത്രം നല്‍കും. വരള്‍ച്ച സംബന്ധിച്ച് പൊതുജനങ്ങളുടെ പരാതി സ്വീകരിക്കാന്‍ ടോള്‍ ഫ്രീ നമ്പറും മൊബൈല്‍ ആപ്പും ഏര്‍പ്പെടുത്തും. ഇതിനുവേണ്ട ക്രമീകരണങ്ങള്‍ക്ക് ബി.എസ്.എന്‍.എല്‍, നാഷനല്‍ ഇന്‍ഫര്‍മാറ്റിക്സ് സെന്‍റര്‍ എന്നിവയെ യോഗം ചുമതലപ്പെടുത്തി. വരള്‍ച്ച നേരിടുന്നതിന് ജില്ലക്ക് സമഗ്ര മാസ്റ്റര്‍ പ്ളാന്‍ തയാറാക്കാനും ദുരന്ത നിവാരണ അതോറിറ്റി യോഗം തീരുമാനിച്ചു. യോഗത്തില്‍ ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് എ.പി. ഉണ്ണികൃഷ്ണന്‍, ജില്ല പൊലീസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്റ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കലക്ടര്‍ സി. അബ്ദുല്‍ റഷീദ്, ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന, പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍, അഗ്നിശമന- രക്ഷാ സേന ജില്ല ഓഫിസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.