അരീക്കോട്: വിദ്യാർഥികൾക്കിടയിലെ കഞ്ചാവ് വിൽപനക്കും ഉപയോഗത്തിനുമെതിരെ അരീക്കോട് പൊലീസ് രംഗത്ത്. പെരുമ്പറമ്പ് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ അഞ്ച് വിദ്യാർഥികൾ വ്യാഴാഴ്ച വൈകീട്ട് സ്കൂൾ പരിസരത്ത് കഞ്ചാവ് ഉപയോഗിച്ചതിന് പിടിയിലായി. സ്കൂൾ വിട്ട ശേഷവും വിദ്യാർഥികൾ വീട്ടിൽ പോവാതെ ചുറ്റിത്തിരിയുന്നത് കണ്ട് സംശയം തോന്നിയ നാട്ടുകാർ പൊലീസിൽ അറിയിക്കുകയായിരുന്നു. വിദ്യാർഥികളുടെ ബാഗിൽനിന്ന് കഞ്ചാവ്, ചുക്ക, ലൈറ്റർ, സിഗരറ്റ് എന്നിവ കിട്ടി. സ്കൂളിൽനിന്ന് പലതവണ അച്ചടക്ക നടപടി നേരിട്ട വിദ്യാർഥിയാണ് മറ്റ് വിദ്യാർഥികൾക്ക് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. ദിവസങ്ങൾക്ക് മുമ്പ് 17 വയസ്സുള്ള പെൺകുട്ടിയിൽനിന്ന് പൊലീസ് ഒന്നര കിലോ കഞ്ചാവ് പിടി കൂടിയിരൂന്നു. പിതാവ് തന്നെയായിരുന്നു പെൺകുട്ടിയെ കഞ്ചാവ് കടത്താൻ ഉപയോഗിച്ചത്. പെൺകുട്ടി കോഴിക്കോട് ഒബ്സർവേഷൻ കേന്ദ്രത്തിലാണ്. ഇപ്പോൾ പിടിയിലായ വിദ്യാർഥികൾക്കെതിരെ കേസെടുത്ത് ജുവനൈൽ ജസ്റ്റിസ് മുമ്പാകെ റിപ്പോർട്ട് സമർപ്പിക്കുമെന്ന് എസ്.ഐ സിനോദ് പറഞ്ഞു. പിടിക്കപ്പെട്ട വിദ്യാർഥികളുടെ മാതാപിതാക്കളെ വിളിച്ചുവരുത്തി കുട്ടികൾക്ക് കൗൺസലിങ് നൽകുന്നതിനും ചികിത്സ നൽകുന്നതിനും നിർദേശിച്ച് വിട്ടയച്ചു. എസ്.ഐ സിനോദിനൊപ്പം സിവിൽ പൊലീസ് ഓഫിസർ പ്രജീഷ്, സുരേഷ് എന്നിവരാണ് അന്വേഷണത്തിന് നേതൃത്വം നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.