മലപ്പുറം: ഹരിതകേരളം പദ്ധതിയുടെ ഭാഗമായി ജലസംരക്ഷണ പ്രവർത്തനങ്ങൾക്കായി ജില്ല പഞ്ചായത്തും ജില്ല ഭരണകൂടവും സംയുക്തപദ്ധതി നടപ്പാക്കും. കടുത്ത വരൾച്ച നേരിട്ട പശ്ചാത്തലത്തിൽ ജില്ലയെ ജലസമൃദ്ധമാക്കുകയാണ് പദ്ധതി ലക്ഷ്യം. ഇതിനായി കോഴിക്കോട് സി.ഡബ്ല്യു.ആർ.ഡി.എമ്മിെൻറ സഹായത്തോടെ ജലസംരക്ഷണത്തിനായി വിശദ പദ്ധതിരേഖ തയാറാക്കും. പത്ത് ലക്ഷം രൂപ ജില്ല പഞ്ചായത്ത് ഇതിനായി നീക്കിവെച്ചു. ഡി.പി.സി അംഗീകാരത്തോടെ സി.ഡബ്ല്യു.ആർ.ഡി.എമ്മിനെ ഒൗദ്യോഗികമായി ചുമതലപ്പെടുത്തും. ആറുമാസത്തിനകം വിശദ പദ്ധതിരേഖ തയാറാക്കി സമർപ്പിക്കാനാണ് ആവശ്യപ്പെട്ടത്. ജില്ല, ബ്ലോക്ക്, ഗ്രാമ പഞ്ചായത്തുകൾ ജലസംരക്ഷണ പ്രവർത്തനങ്ങൾക്ക് ഈ വർഷം മുന്തിയ പരിഗണന നൽകിയെന്ന് യോഗം വിലയിരുത്തി. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തി കൂടുതൽ ജലസംരക്ഷണ പ്രവർത്തനങ്ങൾ നടപ്പാക്കും. കിണർ റീചാർജിങ്, മഴക്കുഴികൾ, കുളങ്ങളുടെയും ജലാശയങ്ങളുടെയും പുനരുദ്ധാരണം, പുതിയവയുടെ നിർമാണം, നദികളിലും നീർച്ചാലുകളിലും തടയണകളുടെയും അടിയണകളുടെയും നിർമാണം മുതലായവ തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തും. ഭാരതപ്പുഴയുടെ വീണ്ടെടുപ്പിനായി ‘നിള പുനർജനി’ പദ്ധതിയും നടന്നുവരികയാണ്. ഒലിപ്പുഴയുടെ സംരക്ഷണത്തിനായി കരുവാരകുണ്ട് പഞ്ചായത്തുമായി സംയുക്ത പദ്ധതിയും വിഭാവനം ചെയ്തിട്ടുണ്ട്. തിരൂർ ബ്ലോക്ക് പഞ്ചായത്തും തിരൂർ-പൊന്നാനി പുഴയുടെ തീരത്തുള്ള ഗ്രാമ പഞ്ചായത്തുകളും തിരൂർ പുഴയുടെ സംരക്ഷണം ഏറ്റെടുക്കും. ക്വാറികളിലെ വെള്ളം ശുദ്ധീകരിച്ച് കുടിവെള്ളമാക്കാനും പദ്ധതിയുണ്ട്. ആദ്യഘട്ടത്തിൽ പൂക്കോട്ടൂർ വില്ലേജിൽ 25 ഏക്കർ റവന്യൂ സ്ഥലത്ത് പരന്നുകിടക്കുന്ന മൈലാടി ക്വാറിയിൽ തൊഴിലുറപ്പ് പദ്ധതിയിൽ പത്ത് ലക്ഷത്തിലേറെ രൂപ െചലവിൽ തടയണ നിർമിക്കും. ഇതിനായി അനുമതിയും ടെണ്ടൻഡറും നൽകി. ക്വാറിജലം ശുദ്ധീകരിക്കാനായി പ്രഷർ ഫിൽട്ടറിന് നാലര ലക്ഷം രൂപ പി.വി. അബ്ദുൽ വഹാബ് എം.പിയുടെ പ്രദേശിക വികസന നിധിയിൽനിന്ന് അനുവദിച്ചിട്ടുണ്ട്. വിതരണ ശൃംഖല സ്ഥാപിക്കാൻ 17 ലക്ഷം രൂപ മലപ്പുറം ബ്ലോക്ക് പഞ്ചായത്തും നീക്കിവെച്ചിട്ടുണ്ട്. ജലസംരക്ഷണ പ്രവർത്തനങ്ങളോടൊപ്പം ജലസാക്ഷരതക്കും മുൻതൂക്കം നൽകും. പദ്ധതികളുടെ നടത്തിപ്പിന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ചെയർമാനും ജില്ല കലക്ടർ, ജില്ല പൊലീസ് മേധാവി എന്നിവർ കോ-ചെയർമാൻമാരും പെരിന്തൽമണ്ണ സബ്കലക്ടർ വർക്കിങ് ചെയർമാനുമായി ജില്ലതല കമ്മിറ്റി രൂപവത്കരിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.