ഇ.എം.എസ് ആശുപത്രിയില്‍ ഓപറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സ് ഉദ്ഘാടനം നാളെ

പെരിന്തല്‍മണ്ണ: ദേശീയ അംഗീകാരം നേടിയ പെരിന്തല്‍മണ്ണ ഇ.എം.എസ് ആശുപത്രിയില്‍ പുതിയ ഓപറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സ് ഉദ്ഘാടനം 26ന് നടക്കും. രാവിലെ പത്തിന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. ഏഴുകോടി രൂപ ചെലവിലാണ് ഓപറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സ് ഒരുക്കിയതെന്ന് ഭാരവാഹികള്‍ വാർത്തസമ്മേളനത്തില്‍ അറിയിച്ചു. വിപുലീകരിച്ച ഡയാലിസിസ് യൂനിറ്റ്, കാര്‍ഡിയോ തൊറാസിക്, ന്യൂറോസര്‍ജറി, നെഫ്രോളജി ആൻഡ് ന്യൂറോ മെഡിക്കല്‍ ഐ.സി.യു എന്നിവയും മന്ത്രി തുറക്കും. മഞ്ഞളാംകുഴി അലി എം.എൽ.എ അധ്യക്ഷത വഹിക്കും. 11ന് ആശുപത്രി സംഘത്തി​െൻറ വാര്‍ഷിക പൊതുയോഗവും നടക്കും. പുതിയ വികസനപദ്ധതികളും അംഗങ്ങള്‍ക്കുള്ള ഡിവിഡൻറ് പ്രഖ്യാപനവും നടക്കും. കുറഞ്ഞ ചെലവില്‍ ഏവര്‍ക്കും ചികിത്സ ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ തുടങ്ങിയ ആശുപത്രിയില്‍ ഓപറേഷന്‍ തിയറ്റര്‍ കോംപ്ലക്‌സ് വരുന്നതോടെ കൂടുതല്‍ സൗകര്യങ്ങളൊരുങ്ങും. നിലവില്‍ 11 യന്ത്രങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂനിറ്റില്‍ 20 യന്ത്രങ്ങളായി വര്‍ധിപ്പിച്ചിട്ടുണ്ട്. മൂന്നു ഷിഫ്റ്റുകളായി പ്രവര്‍ത്തിക്കുന്ന യൂനിറ്റിലൂടെ കൂടുതൽ പേര്‍ക്ക് കുറഞ്ഞ ചെലവില്‍ ഡയാലിസിസ് നടത്താനാവും. അപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്ക് വിവിധ വിഭാഗങ്ങളെ ഏകോപിപ്പിച്ച് ആധുനിക സൗകര്യങ്ങളോടെ വിപുലീകരിച്ച ഐ.സി.യുവും സജ്ജമാക്കിയിട്ടുണ്ട്. ചെയര്‍മാന്‍ ഡോ. എ. മുഹമ്മദ്, ജനറല്‍ മാനേജര്‍ അബ്ദുന്നാസിർ, ഡയറക്ടര്‍മാരായ പാറക്കോട്ടില്‍ ഉണ്ണി, ടി.കെ. കരുണാകരൻ, ഹഫ്സ മുഹമ്മദ്, കെ.പി. രമണൻ, പി.സി. ശേഖരന്‍, കെ.പി. മുഹമ്മദ് ഇക്ബാൽ എന്നിവര്‍ വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.