ഒറ്റപ്പാലം: കാലപ്പഴക്കത്താൽ ബലക്ഷയം നേരിടുന്ന സംസ്ഥാനപാതയിലെ രണ്ടുപാലങ്ങളുടെയും പുനർ നിർമാണത്തിന് ഫണ്ട് വേർതിരിച്ച് കണക്കാക്കാൻ പൊതുമരാമത്ത് വകുപ്പിന് നിർദേശം. കഴിഞ്ഞ സംസ്ഥാന ബജറ്റിൽ 25 കോടി രൂപയാണ് നഗരത്തിെൻറ പ്രവേശന കവാടത്തിലെ ഈസ്റ്റ് ഒറ്റപ്പാലം, കണ്ണിയംപുറം തോട്ടുപാലങ്ങൾക്കായി വകയിരുത്തിയത്. ഓരോ പാലത്തിനും വരുന്ന നിർമാണച്ചെലവ് പ്രത്യേകം നിർണയിക്കാൻ പി. ഉണ്ണി എം.എൽ.എയാണ് നിർദേശിച്ചത്. പദ്ധതികളുടെ നിർമാണച്ചെലവ് സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കുന്ന മുറക്ക് സർവേ നടപടി ആരംഭിക്കാനാണ് തീരുമാനം. കിഫ്ബിയിൽ ഉൾപ്പെടുത്തി നടത്തുന്ന നിർമാണത്തിൽ ആദ്യപരിഗണന കണ്ണിയംപുറം തോട്ടുപാലത്തിനായിരിക്കും. പാലക്കാട്- കുളപ്പുള്ളി സംസ്ഥാനപാതയിൽ 'കുപ്പിക്കഴുത്ത്' പരുവത്തിലാണ് അരനൂറ്റാണ്ട് പിന്നിട്ട ഇരുപാലങ്ങളുമുള്ളത്. കൈവരികൾ തകർന്നും കോൺക്രീറ്റ് വിണ്ടുകീറിയും ബലക്ഷയം പ്രകടിപ്പിക്കുന്ന ഇരുപാലങ്ങളും പുനർ നിർമിക്കണമെന്ന ആവശ്യം സംസ്ഥാനപാതയുടെ നിർമാണഘട്ടത്തിൽതന്നെ ഉയർന്നിരുന്നു. എന്നാൽ, ലോകബാങ്ക് സഹായത്തോടെയുള്ള പാത നിർമാണത്തിൽ പാലങ്ങൾ ഉൾപ്പെടുന്നില്ലെന്ന വാദമാണ് അധികൃതർ മുന്നോട്ടുവെച്ചത്. സംസ്ഥാനപാതയുടെ നിർമാണം പൂർത്തിയായതോടെ പഴക്കംചെന്ന പാലങ്ങളും പ്രശ്നമായി. വീതികൂട്ടി നിർമിച്ച പാതയിൽ ഇടുങ്ങിയ തോട്ടുപാലങ്ങൾ ഗതാഗതക്കുരുക്ക് പതിന്മടങ്ങാക്കി. സംസ്ഥാനപാത നിർമാണം പൂർത്തിയാവുകയും പാലക്കാട്-തൃശൂർ ജില്ലകളെ തമ്മിൽ ബന്ധിപ്പിക്കുന്ന മായന്നൂർ പാലം തുറന്നുകൊടുക്കുകയും ചെയ്തതോടെ ഒറ്റപ്പാലത്തേക്ക് വാഹനപ്രവാഹമായി. ഇതോടെ ബലക്ഷയം വന്ന പാലങ്ങളുടെ നിലനിൽപ് ഭീഷണിയിലായി. പാലങ്ങളുടെ പുനർ നിർമാണം പൂർത്തിയാവുകയും ബജറ്റിൽ വകയിരുത്തിയ ഈസ്റ്റ് ഒറ്റപ്പാലം -പാലാട്ട് റോഡ്-, സെൻഗുപ്ത റോഡ് മാർഗമുള്ള ബൈപാസ് യാഥാർഥ്യമാകുകയും ചെയ്യുന്നതോടെ നിലവിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകുമെന്ന ആശ്വാസത്തിലാണ് നാട്ടുകാർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.