ചാ​മ​ക്ക​യ​ത്തു​നി​ന്ന് ന​ഗ​ര​സ​ഭ വെ​ള്ള​മെ​ടു​ക്കി​ല്ല

മലപ്പുറം: കുടിവെള്ള പ്രതിസന്ധി ഏറെയുള്ള വാർഡുകളിൽ നിന്നുള്ള പരാതികൾ ഏറിയതോടെ നഗരസഭക്ക് ഏറ്റവും അടുത്ത് സ്ഥിതിചെയ്യുന്ന ചാമക്കയം തടയണയിൽനിന്ന് വെള്ളമെടുക്കാമെന്ന നഗരസഭ തീരുമാനം മാറ്റി. പുഴയുടെ മധ്യത്തിലുള്ള കിണറിന് മുകളിൽ മോട്ടോർ സ്ഥാപിക്കാനുള്ള പ്രയാസമാണ് കാരണം. മൂർക്കനാട് പദ്ധതിയിൽ നിന്നുള്ള വെള്ളം ആവശ്യത്തിന് ലഭിക്കുന്നതിനാൽ ചാമക്കയത്ത് മോട്ടോർ സ്ഥാപിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്ന് നഗരസഭ ചെയർപേഴ്സൻ സി.എച്ച്. ജമീല പറഞ്ഞു. വാഹനങ്ങളിൽ വിതരണം നടത്തിയിട്ടും പല വാർഡുകളിലും ആവശ്യത്തിന് വെള്ളം ലഭിക്കുന്നില്ലെന്ന് കഴിഞ്ഞ ദിവസത്തെ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ പരാതിപ്പെട്ടിരുന്നു. തുടർന്നാണ് മൂർക്കനാടിന് പുറമെ ചാമക്കയം തടയണയിൽ നിന്നുകൂടി വെള്ളമെടുക്കാൻ നഗരസഭ തീരുമാനിച്ചത്. ഇതിനായി ജല അതോറിറ്റിയുടെ അനുമതിയും വാങ്ങിയിരുന്നു. യോഗത്തിന് ശേഷം ചാമക്കയത്ത് എത്തി നഗരസഭ അധികൃതർ പരിശോധനയും നടത്തി. എന്നാൽ, പുഴക്ക് നടുവിലുള്ള കിണറിൽ മോട്ടോർ സ്ഥാപിക്കാനുള്ള പ്രയാസം കണക്കിലെടുത്ത് ഈ ഉദ്യമത്തിൽനിന്ന് പിന്മാറുകയായിരുന്നു. തോണിയിൽ മോട്ടോർ സ്ഥാപിച്ചാലും ഓരോ തവണയും പമ്പ് ഓപറേറ്റർ പുഴയിലെത്തി മോട്ടോർ പ്രവർത്തിപ്പിക്കുന്നത് പ്രായോഗികമല്ലെന്ന് കണ്ടെത്തുകയായിരുന്നു. തുടർന്ന് പ്രദേശത്തുള്ള ഏതാനും കിണറുകളിൽനിന്ന് വെള്ളമെടുക്കാമെന്ന ധാരണയിലെത്തി. അതേസമയം, കഴിഞ്ഞ ദിവസം മൂർക്കനാട് പദ്ധതിയിൽനിന്ന് വെള്ളം നൽകാൻ ഓവർസിയർ മടികാണിച്ചിരുന്നു. ജല അതോറിറ്റിയിൽ പണമടച്ചതിന് ശേഷം വെള്ളമെടുക്കാമെന്ന നിലപാടിലായിരുന്നു ഉദ്യോഗസ്ഥൻ. നഗരസഭ സെക്രട്ടറിയുടെ കത്ത് കാണിച്ചിട്ടും മടിച്ചുനിന്ന ഉദ്യോഗസ്ഥനോട് എൻജിനീയർ സംസാരിച്ചതിന് ശേഷമാണ് പ്രശ്നം പരിഹരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.