നിലമ്പൂർ: പഞ്ചായത്തിലെ വിവിധ മെറ്റീരിയൽ പ്രവൃത്തികൾക്കായി സാധനസാമഗ്രികൾ ഇറക്കുന്നതിന് ഗ്രാമപഞ്ചായത്ത് വിളിച്ച ടെൻഡറിൽ കരാറുകാർ തീർത്ത കുരുക്കഴിച്ച് വഴിക്കടവ് ഗ്രാമപഞ്ചായത്ത് നേടിയെടുത്തത് 23 ലക്ഷത്തോളം രൂപ. കരാറുകാരെ പിണക്കിയതിന് പഞ്ചായത്ത് ഏറെ ബുദ്ധിമുട്ടിയെങ്കിലും പ്രതിപക്ഷത്തിെൻറ കൂടി പിന്തുണ ലഭിച്ചതോടെ ഒടുവിൽ പഞ്ചായത്തുതന്നെ വിജയം കണ്ടു. തൊഴിലുറപ്പ് പദ്ധതി പ്രകാരം ചെലവഴിക്കുന്ന ഫണ്ടിെൻറ 40 ശതമാനം തുക വിവിധ മെറ്റീരിയൽ പ്രവൃത്തികൾ നടത്താൻ പഞ്ചായത്തുകൾക്ക് സർക്കാർ നൽകും. 2016-17 വർഷത്തിൽ തൊഴിലുറപ്പ് പദ്ധതി പ്രകാരം മൂന്നരക്കോടി രൂപയാണ് പഞ്ചായത്ത് ചെലവഴിച്ചത്. ഇതിെൻറ ഭാഗമായി 1.33 കോടി രൂപയുടെ മെറ്റീരിയൽ പ്രവൃത്തികൾക്ക് സർക്കാർ അനുമതി നൽകി. റോഡ് കോൺക്രീറ്റ് പ്രവൃത്തി നടത്താനാണ് പഞ്ചായത്ത് തീരുമാനിച്ചത്. ഇതിനായി എസ്റ്റിമേറ്റുകൾ തയാറാക്കി സാധനസാമഗ്രികൾ സപ്ലൈ ചെയ്യുന്നതിന് നവംബറിൽ ടെൻഡറുകൾ ക്ഷണിച്ചു. എന്നാൽ, പൊതുവായി കിട്ടുന്നതിനേക്കാൾ കൂടുതൽ തുകയാണ് കരാരുകാർ ക്വട്ടേഷനുകളിൽ ആവശ‍്യപ്പെട്ടത്. തുടർന്ന്, ഭരണസമിതി ഡിസംബറിൽ വീണ്ടും ടെൻഡർ ക്ഷണിച്ചു. ഇതിൽ കരാറുകാർ തമ്മിൽ ധാരണയിലെത്തി ഇതേ ക്വട്ടേഷൻ സംഖ‍്യയിൽ ഉറച്ചുനിന്നു. ഇതോടെ പഞ്ചായത്ത് അടിയന്തര ബോർഡ് യോഗം ചേർന്ന് ഐകകണ്േഠ്യന സ്വയം കരാറുകാരെ കണ്ടെത്താൻ തീരുമാനിക്കുകയായിരുന്നു. രാംകോയുടെ ഓരു ചാക്ക് സിമൻറിന് 436 രൂപയും ഒരു ക‍്യൂബിക്ക് മീറ്റർ കരിക്കല്ലിന് 1700 രൂപയുമായിരുന്നു ആദ‍്യ ക്വട്ടേഷനിൽ കരാറുകാർ ആവശ‍്യപ്പെട്ടിരുന്നത്. പഞ്ചായത്ത് കണ്ടെത്തിയ കരാറുകാർ ഇതേ കമ്പനിയുടെ ഒരു ചാക്ക് സിമൻറിന് 374 രൂപയും ഇതേ അളവ് കല്ലിന് 1110 രൂപയുമാണ് ആവശ‍്യപ്പെട്ടത്. ഈ ഇനത്തിൽതന്നെ 23 ലക്ഷത്തോളം രൂപ പഞ്ചായത്തിന് കുറവ് ലഭിച്ചു. 23 വാർഡുകളുള്ള പഞ്ചായത്തിൽ 33 റോഡുകളാണ് പഞ്ചായത്ത് കോൺക്രീറ്റ് പ്രവൃത്തിയിൽ പൂർത്തീകരിച്ചത്. ഇതിൽ ഏറ്റവും നീളം കൂടിയ മരുത മേഖലയിലെ അയ്യപ്പൻപൊട്ടി റോഡ് കഴിഞ്ഞ ദിവസം നിലമ്പൂർ എം.എൽ.എ പി.വി. അൻവർ ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു അധ‍്യക്ഷത വഹിച്ചു. തൊഴിലുറപ്പ് പദ്ധതിയിൽനിന്ന് റോഡരിക് പുല്ല് ചെത്തൽ പോലുള്ള പ്രവൃത്തികൾ നീക്കിയതോടെ കുടുംബശ്രീ മുഖേന ജൈവ പച്ചക്കറി കൃഷി വ‍്യാപിപ്പിച്ചാണ് പഞ്ചായത്ത് തൊഴിലുറപ്പ് പദ്ധതിവഴി കൂടുതൽ തൊഴിൽ ദിനങ്ങൾ സൃഷ്ടിച്ചത്. ജൈവ പച്ചക്കറി വ‍്യാപനത്തിന് 55 ക്ലസ്റ്ററുകളാണ് പഞ്ചായത്തിൽ രൂപവത്കരിച്ചത്. ഇതിലൂടെ ജൈവ പച്ചക്കറി കൃഷിയിൽ പഞ്ചായത്ത് സ്വയം പര‍്യാപ്തത കൈവരിക്കുകയും ചെയ്തു. വഴിക്കടവ് ഗ്രാമപഞ്ചായത്തിന് ലക്ഷങ്ങൾ നേടാൻ കഴിഞ്ഞത് ഭരണ^പ്രതിപക്ഷ അംഗങ്ങളുടെ ഒത്തൊരുമയിലൂടെയാണെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഇ.എ. സുകു അഭിപ്രായപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.